വിഘടനവാദ മനോഭാവം നിലനിര്‍ത്തുകയും, പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരവാദത്തിന് അനുകൂലാന്തരീക്ഷം ഒരുക്കുകയും ചെയ്തിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മുകശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അഭൂതപൂര്‍വമാണ്. ശ്രീനഗറില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന കിഷന് ഗംഗാ താഴ്വരയില് സ്ഥിതിചെയ്യുന്ന ശാരദാ ക്ഷേത്രത്തില്‍ എഴുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ഇതാദ്യമായി നവരാത്രി ആഘോഷിക്കുന്നത് ഇതിലൊന്നാണ്. രാഷ്ട്രവിഭജനത്തെ തുടര്‍ന്ന് ഭാരതവും പാകിസ്ഥാനുമായി മാറിയശേഷം ഈ ആഘോഷം ഇവിടുത്തെ ക്ഷേത്രത്തില്‍ നടന്നിട്ടേയില്ല. അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അതിനുള്ള ധൈര്യമില്ലായിരുന്നു. ശാരദാ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങളില് ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ശ്രീഹനുമാന്റെ ജന്മസ്ഥലമായ കര്‍ണാടകയിലെ കിഷ്കിന്ധയില്‍ നിന്ന് ആരംഭിച്ച രഥയാത്ര കഴിഞ്ഞ ദിവസം ശാരദാ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത് സാംസ്കാരികമായ ഐക്യത്തിന്റെ വിളംബരമായിരുന്നു. അവിശ്വസനീയതയോടെയും എന്നാല്‍ ആഹ്ലാദത്തോടെയുമാണ് ഈ മാറ്റങ്ങളെ രാജ്യത്തെ ജനത പ്രത്യേകിച്ച് കശ്മീരിലുള്ളവര്‍ നോക്കിക്കാണുന്നത്. കാരണം 1947 ല്‍ ഇവിടേക്ക് പാക് സൈന്യത്തിന്റെ സഹായത്തോടെ കടന്നുകയറിയ ഗോത്രവര്‍ഗക്കാര്‍ ഇവിടുത്തെ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ തകര്‍ത്തിരുന്നു. ഏറെക്കാലത്തെ വിഫലമായ കാത്തിരിപ്പിനുശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ ശാരദാക്ഷേത്രം പുനരുദ്ധരിക്കുകയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത് ഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നവരാത്രിയാഘോഷം സംഘടിപ്പിക്കാന്‍ പോകുന്നത്. ആഘോഷത്തില്‍ പങ്കെടുക്കാനും അമിത് ഷായെത്തുമെന്നത് ജനങ്ങളില്‍ വലിയ ആവേശം നിറച്ചിരിക്കുകയാണ്.
കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നാമം ജപിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരുകാലം മാറിയിരിക്കുന്നു. ഇവിടെനിന്ന് നവരാത്രി ആഘോഷിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ മാറിയത് തീര്‍ച്ചയായും ഒരുകാലത്ത് സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന കശ്മീരിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴില്‍ ഭാരതത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമാവുന്ന ആത്മീയ ഉണര്‍വിന്റെ അടയാളമാണ് ശാരദാക്ഷേത്രത്തിലെ നവരാത്രിയോഘോഷമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടത് തീര്‍ച്ചയായും വലിയൊരു മാറ്റത്തെയാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ തീത്വാളിലെ ശാരദാക്ഷേത്രം സംബന്ധിച്ച് പലര്‍ക്കുമുള്ള ഒരു ആശയക്കുഴപ്പം നീക്കേണ്ടതുണ്ട്. ഇത് ശ്രീശങ്കരന് കാല്‍നടയായി സഞ്ചരിച്ചെത്തി മണ്ഡനമിശ്രനെ തോല്‍പ്പിച്ച് സര്‍വ്വജ്ഞപീഠമേറിയ പൗരാണികമായ ശാരദാപീഠമല്ല. അറിവിന്റെ ഇരിപ്പിടമായിരുന്ന ഈ തീര്‍ത്ഥാടന ക്ഷേത്രം ഇന്നത്തെ പാക്കധീന കശ്മീരിലാണുള്ളത്. പതിനെട്ട് മഹാശക്തി പീഠങ്ങളിലൊന്നായ ഇവിടം ഇപ്പോഴും തകര്‍ന്നുകിടക്കുകയാണ്. തക്ഷശിലയ്ക്കും നളന്ദയ്ക്കുമൊക്കെ വളരെ മുന്‍പ് ഇവിടെ നിലനിന്നിരുന്ന സര്‍വകലാശാലയില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് 5000 ലേറെ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിച്ചിരുന്നു എന്നാണ് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ സമ്പ്രദായങ്ങളെയും ദര്‍ശനങ്ങളെയും പിന്പറ്റിയിരുന്നവര് ഇവിടെ വന്നു പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അറിവുകളെ മാനിക്കാന്‍ അറിയാത്ത മതാന്ധരായ കടന്നാക്രമണകാരികള്‍ ഈ വിജ്ഞാന കേന്ദ്രം നശിപ്പിക്കുകയായിരുന്നു.
പണ്ടുകാലത്ത്, ഇപ്പോള്‍ പാക്കധീന കശ്മീരിലുള്ള ശാരദാ പീഠത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കംകുറിച്ചിരുന്നത് തീത്വാളിലെ ശാരദാക്ഷേത്രത്തില്‍നിന്നായിരുന്നു. ഈ ക്ഷേത്രം പുനരുദ്ധരിക്കുകയും നവരാത്രിയാഘോഷിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇവിടെനിന്ന് ശാരദാപീഠത്തിലേക്കുള്ള തീര്‍ത്ഥാടനം എന്നു സാധ്യമാവും എന്ന ചോദ്യമാണ് ഉയരുന്നത്. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ സജീവമായിരുന്നു ഈ തീര്‍ത്ഥാടന കേന്ദ്രമെന്ന് മുസ്ലിം ചരിത്രം ചരിത്രകാരനായിരുന്ന അല്‍ബറൂണിപോലും രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രവിഭജനത്തോടെ പാകിസ്ഥാന് സൈന്യം ഇത് തടയുകയായിരുന്നു. ഈ പ്രദേശം പാകിസ്ഥാന് അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നതിനാല്‍ ശ്രീനഗറില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ശാരദാപീഠത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. നിയന്ത്രണരേഖയില്‍നിന്ന് പത്ത് കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. തീത്വാളിലെ ശാരദാക്ഷേത്രം പുനരുദ്ധരിച്ചതില്‍ യഥാര്‍ത്ഥ ശാരദാപീഠത്തിലേക്ക് ചെന്നെത്താനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയാണ് പ്രകടമാവുന്നത്. പാകിസ്ഥാന് കയ്യടക്കിവച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം വീണ്ടെടുക്കണമെന്ന് പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. കശ്മീരിലെ ജനങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയൊരു വികാരം അലടയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കഠ്വ സന്ദര്‍ശിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ലഭിച്ച ആവേശകരമായ സ്വീകരണം ഇതിന് തെളിവാണ്. ഇവിടെ ഭാരതമാതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് പാകിസ്ഥാനിലും പ്രതിധ്വനികളുണ്ടാക്കുമെന്ന് ഉറുദു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വരാനിരിക്കുന്ന കാലത്തിന്റെ വ്യക്തമായ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: