മലയാളക്കരയുടെ മുഖമുദ്ര എന്നത് എക്കാലവും ഓണ സങ്കല്പത്തില് അധിഷ്ഠിതമാണ്. പൂര്‍വികരാല്‍ കൈമാറി വന്ന ഏതോ ഐതിഹ്യത്തെ നാളിതുവരേയും ചോദ്യം ചെയ്യാതെ ആണ്ടിലൊരിക്കല്‍ വിരുന്നെത്തുന്ന മാവേലി മന്നനെ നിറഞ്ഞ സംതൃപ്തിയോടെ എതിരേല്ക്കുന്ന ഒരു ഉത്സവ കാലം… പ്രകൃതിയുടെ സൗന്ദര്യ ഭാവത്തെ അവനവനിലേക്കു തന്നെ ആവാഹിക്കുന്നതിനു
വേണ്ടിയുള്ള ധാരാളം ആചാരങ്ങളും അത്തം മുതല്‍ പത്ത് ദിനം വരെ, അനുഷ്ഠിച്ചുവന്നിരുന്ന ചരിത്രമാണ് നമ്മുടേത്. അതില്‍ ഏറ്റവും പ്രധാനം ഓണപ്പൂക്കളം തന്നെ.
കനത്ത മഴക്കാലത്തിന്റെ വരവോടെ തങ്ങളുടേതായ ഇടങ്ങളില്‍ മുളപൊട്ടി താനേ വളര്‍ന്നു വരുന്ന ചെടികള്‍ പൂത്തുലഞ്ഞു നിന്നിരുന്നത് ഓണക്കാലത്താണ്. വേലിപ്പടര്‍പ്പുകളിലും കുന്നുകളിലും വയലുകളിലും ജലാശയങ്ങളോട് ചേര്‍ന്നും വേറിട്ട വര്‍ണ്ണങ്ങളിലും രൂപ ഭാവത്തിലും വിരിഞ്ഞു നിന്നിരുന്ന അവ നാട്ടുഭാഷയില്‍ ഓണപ്പൂക്കള്‍ എന്നും ആലങ്കാരികമായി ആവണിപ്പൂക്കള്‍ എന്നും അറിയപ്പെട്ടു. പ്രകൃതി സൗന്ദര്യത്തെ മുഴുവനും നാനാവര്ണ്ണക്കൂട്ടുകളിലുള്ള നേര്‍ത്ത ഇതളുകളിലേക്ക് ആവാഹിച്ച് ഭൂമി സുന്ദരമാക്കിയ അവയുടെ ജീവിതഗാഥകള്ക്ക് മാനവകുലത്തോളം തന്നെ പഴക്കവും ഒട്ടേറെ ഘടകങ്ങളുമായി ഇഴപിരിഞ്ഞുകിടക്കുന്ന നമ്മുടെ സംസ്കാരത്തോട് അഭേദ്യമായ ബന്ധവുമുണ്ട്.
പഴയൊരു ചിങ്ങമാസത്തിന്റെ ഓര്‍മ്മയില്‍ പോലും ആരുടേയും മനസില്‍ ശാലീനഭാവത്തോടെ പൂത്തുലഞ്ഞു നില്ക്കുന്ന ഒരുപാട് പൂക്കളുണ്ട്. അത്തം പിറക്കുന്നതിന് മുന്നേ നെറുകയില്‍ ഒരു കുഞ്ഞു സൂര്യനെ ഏന്തി നില്ക്കും പോലെ മുക്കുറ്റി കണ് തുറന്നു. പുളകം കൊള്ളുക തുമ്പപൂവേ പൂക്കളില്‍ നീയേ ഭാഗ്യവതി… എന്ന കവി വചനത്തെ അന്വര്‍ത്ഥമാക്കും വിധം തൊടിയിലാകെ പാവങ്ങളാം തുമ്പകള്‍ പകച്ചൊതുങ്ങി നിന്നു. പിറന്നു വീണ കുഞ്ഞിന്റെ മുഖശ്രീയെ വെല്ലുന്ന പൂക്കള്‍ ഉള്ളപ്പോള്‍ തൊട്ടാവാടിക്ക് കൂര്‍ത്ത മുള്ളുണ്ടായാല് എന്ത് എന്നു പോലും ചിന്തിച്ചു പോയ പഴയ ഓണ നാളുകള്‍…നീല വസന്തം രചിച്ച് കാക്കപ്പൂ നിറഞ്ഞു നിന്നിരുന്ന മലയടിവാരങ്ങളും വയലേലകളും ധാരാളമുണ്ടായിരുന്ന ഒരു കാലം…മാവേലിക്കൊപ്പം വിഷ്ണു സാന്നിധ്യമായി ഭൂമിയിലെത്തുന്നു എന്ന് വിശ്വസിച്ചിരുന്ന കണ്ണാന്തളിപ്പൂവുകള്‍…വയലറ്റ് വിസ്മയം തീര്‍ത്ത അതിരാണിപ്പാടങ്ങള്‍…കാശിത്തുമ്പയും കാട്ടുചെത്തിയും വേലിപ്പടര്‍പ്പിലെ ശംഖുപുഷ്പവും രഹസ്യമായി കഥ പറഞ്ഞ നാട്ടുവഴിയോരങ്ങള്‍..
മിഴിയുള്ളോര് ആരായാലും നോക്കി നില്ക്കും വിധം ചെന്താരകങ്ങള്‍ ഉദിച്ച പോലെ പൂത്തുനിന്ന നക്ഷത്രമുല്ലകള്‍… കിരീടധാരിയായി കൃഷ്ണമുടിയും അതോടൊപ്പം ഞങ്ങളും ഇവിടെയുണ്ട് എന്ന ഭാവത്തില്‍ തലയുയര്‍ത്തി നിന്ന അരിപ്പൂവും കൊങ്ങിണിയും കോളാമ്പിയും പിന്നെ, പേരറിയാത്ത ഒട്ടനവധി കാട്ടുപൂവുകളും…
വിദേശചെടികളൊന്നും അരങ്ങുവാഴാതിരുന്ന അക്കാലത്തെ വീട്ടുമുറ്റങ്ങളിലെ പൂന്തോട്ടത്തില്‍ സാധാരണയായി കണ്ടുവന്നിരുന്നത് തെച്ചിയും മന്ദാരവും ചെമ്പരത്തിയും മുല്ലയും പിച്ചിയും നന്ത്യാര്‍വട്ടവും രാജമല്ലിയും കനകാംബരവും ഗന്ധരാജനുമൊക്കെ ആയിരുന്നു…
ഓണപൂക്കളങ്ങളില്‍ നിറസാന്നിധ്യമായി അരങ്ങു വാണിരുന്ന നന്മയുടേയും നൈര്‍മല്യത്തിന്റേയും പ്രതീകങ്ങളായിരുന്നു നമ്മുടേതായിരുന്ന ഈ നാട്ടുപൂക്കള്‍… അത്തം മുതല്‍ തിരുവോണം വരെയുള്ള ദിനങ്ങളില്‍ ഓരോ നാളിലും ഓരോ പൂവിന് പ്രാധാന്യമുണ്ടായിരുന്നു. അത്തം നാളില്‍ തുമ്പപ്പൂവും ചിത്തിരയില്‍ തുളസിപ്പൂവുമാണ് പണ്ട് ഉപയോഗിച്ചിരുന്നത്. മൂന്നാം ദിവസം മുതലേ നിറമുള്ള പൂക്കള്‍ പാടുള്ളൂ എന്നതായിരുന്നു വിശ്വാസം. അഞ്ചാമത്തെ ദിവസം മുതല്‍ പൂക്കളത്തില്‍ കുട കുത്തുക എന്നൊരു രീതിയുണ്ടായിരുന്നു. ഈര്‍ക്കിലിയില്‍ ചെമ്പരത്തി, മറ്റ് പൂവുകള്‍ എന്നിവ കോര്‍ത്ത് പൂ
ക്കളത്തിന്റെ നടുവില്‍ കുത്തി നിര്‍ത്തുന്നതിനെയാണ് കുട കുത്തല് എന്ന് പറഞ്ഞിരുന്നത്.
കാക്കപൂരാടത്തിന് കാക്കയോളം വലുപ്പത്തില്‍ പൂവിടണമെന്നതും പൂര്‍വികരുടെ വിശ്വാസം. ആറാം ദിവസം വിവിധ പൂവുകള്‍ കൊണ്ട് പൂക്കളത്തിന്റെ നാലു ദിക്കിലേക്കും കാല് നീട്ടിയിരുന്നു. ഏറ്റവും വലിപ്പത്തില്‍ ഉത്രാടനാള് പൂവിട്ടതിനു
ശേഷം തിരുവോണത്തിന്റെ അന്ന് തുമ്പക്കുടം കൊണ്ട് പൂത്തറ മൂടുകയാണ് പതിവ്. നമ്മുടേതായിരുന്ന ഈ നാട്ടു പൂവുകളില്ലാതെ ഓണമെന്നത് സങ്കല്പിക്കാന് പോലും കഴിയാതിരുന്നൊരുകാലം.
എന്നാല്‍ വികസന മെന്ന വ്യാജേനെ നമുക്ക് അന്യമായ ഒരുപാട് നാട്ടുനന്മകളില്‍ ഈ പൂക്കളും ഉള്‍പ്പെട്ടു. കൃത്രിമമായി വളരാന്‍ ഇഷടപ്പെടാത്തവയാണ് ഇവയില്‍ അധികവും. തനതായ ആവാസ വ്യവസ്ഥകളുടെ നാശം അവയില്‍ പലതിന്റേയും പേരുകള്‍ വംശനാശത്തിന്റെ ചുവപ്പു പട്ടികയില്‍ ഇടം നേടാന്‍ കാരണമായി. പണ്ടുകാലത്ത് സാധാരണയായി കണ്ടു വന്നിരുന്ന കേരളീയ രീതിയില്‍ നിര്‍മ്മിച്ച ഓടിട്ട വീടുകള്‍ക്കു പകരം ആധുനിക ഭവനങ്ങള്‍ വന്നതോടെ ഉദ്യാനസങ്കല്പങ്ങള്ക്കും മാറ്റം വന്നു. ചെടികളിലെ പരിഷ്കാരികളെ എന്തു വിലകൊടുത്തും സംരക്ഷിച്ചപ്പോള്‍ അവഗണനയുടെ പ്രതീകങ്ങള്‍ എന്ന പോലെ ഒറ്റ തിരിഞ്ഞ് അവ എവിടെ എങ്കിലുമൊക്കെ നില കൊണ്ടു. കളസസ്യമെന്ന രീതിയില്‍ വ്യാപകമായി അവ നശിപ്പിക്കപ്പെട്ടു. രാജകീയ ഭാവത്തോടെ വാഴാന്‍ അവയ്ക്ക് അവസരമൊരുക്കിയ ഓണക്കാലവും പിന്നീട് അവരുടേതല്ലാതായി.
തനിമ ചോരാത്ത നാനാതരം നാട്ടുപൂക്കള്‍കൊണ്ട് മുന്‍കൂട്ടി നിശ്ചയിക്കപ്പെടാത്ത ആകൃതിയില്‍ നൈസര്‍ഗികമായ ഭാവനയിലൂടെ നിറങ്ങളുടെ സംയോജനവും ആകൃതിയുമെല്ലാം ചിട്ടപ്പെടുത്തി വ്രതശുദ്ധിയോടെ തീര്‍ത്തിരുന്ന അത്ത പൂക്കളമെന്ന സങ്കല്പം പോലും ഇന്ന് പഴഞ്ചനാണ്. പകരം അകവും പുറവും മത്സര ബുദ്ധിക്ക് അടിമപ്പെട്ട മലയാളിക്ക് ഓണക്കാലമെന്നത് ഇപ്പോള്‍ ഓണപ്പൂക്കളങ്ങളുടേയും മത്സര കാലമാണ്. പൂവിതള്‍ അരിയുന്നത് പൂര്‍വികരെ സംബന്ധിച്ച് നിഷേധ്യമായ ഒന്നായിരുന്നു എങ്കില്‍ ഇപ്പോള്‍ പൂക്കളത്തിന്റെ ആധുനിക ശൈലിക്കിണങ്ങും വിധം പരുവപ്പെടുത്തണമെങ്കില്‍ ഏറ്റവും നേര്മ്മയോടെ പൂവിനെ കൊത്തിയരിഞ്ഞേ മതിയാവൂ. നാനാവര്‍ണ്ണങ്ങള്‍ എന്നതിനപ്പുറം തോവാളയില്‍ നിന്നും വിരുന്നെത്തുന്ന ചെണ്ടുമല്ലിയുടേയും അരളിയുടേയും ജമന്തിയുടേയും വാടാമല്ലിയുടേയും പരിമിതമായ നിറങ്ങളില്‍ പൂക്കളമെന്ന സങ്കല്പത്തെ നമ്മള് തളച്ചിട്ടു.
പണ്ട് നാട്ടുവൈദ്യത്തില്‍ പലതരത്തിലുള്ള അസുഖങ്ങള്‍ക്കും ഈ പൂക്കളില്‍ പലതും ഉപയോഗിച്ചിരുന്നു. മനുഷ്യജീവിതത്തിലെ നനുത്ത വികാരങ്ങള്‍ ഉടലെടുക്കാന്‍ പലപ്പോഴും ഹേതുവാകുന്നതും ഇത്തരം നാട്ടുപൂക്കളാണ്. പൂക്കളെ സ്നേഹിക്കുന്നവര്‍ ജീവിതത്തേയും സ്നേഹിക്കുന്നു എന്ന് പറയാറുണ്ട്. വിടര്‍ന്ന് കൊഴിയുന്നതിനിടയിലുള്ള ജീവിത കാലയളവിലും ഇവ നല്കുന്ന മഹത്തായ സന്ദേശമുണ്ട്. അതിജീവനത്തിന്റേയും സഹനത്തിന്റെയും പ്രതീകമാണ് ഈ പൂക്കള്‍. എത്ര വെട്ടി മാറ്റി യാലും ജീവന്റെ നിലനില്പിന് നേരിയ സാധ്യതയുണ്ടെങ്കില്‍ വളരാന്‍ ശ്രമിച്ച് ഒടുവില്‍ വംശപരമ്പരക്കായി വിത്തെന്ന മഹാദ്ഭുതത്തെ അവശേഷിപ്പിച്ചു മണ്ണിലേക്ക് മടങ്ങുന്നവര്‍. കലഹമെന്നത് പൂക്കളുടെ നിഘണ്ടുവില്‍ രേഖപ്പെടുത്താതെ പോയ ഒരു വാക്കെന്ന പോലെ… സഹിഷ്ണുതയുടെ പര്യായമായി നിറ പുഞ്ചിരിയോടെ നിലകൊണ്ടവര്‍. ഒരു കാര്യത്തിലേ അന്നും ഇന്നും അവര്‍ക്ക് നിര്ബന്ധബുദ്ധിയുള്ളൂ. നിറത്തിലും രൂപത്തിലും ഗന്ധത്തിലും അവനവന്റേതായ മുദ്ര ഒരുനാളും കൈവിടരുത് എന്നു മാത്രം.
പാടേ ഉപേക്ഷിക്കാനാവാത്ത ഒന്നാണ് മലയാളക്കരയുടെ മുഖശ്രീയായി മാറിയ ഓണപ്പൂക്കള്‍ എന്നു ചിന്തിക്കുമ്പോഴാണ് പഴയ പ്രതാപകാലത്തേക്ക് അവയെ എങ്ങനെ തിരികെകൊണ്ടു വരാം എന്ന ചോദ്യമുയരുന്നതും. അവയില്‍ പലതിനേയും സംരക്ഷിക്കേണ്ടത് ആവാസവ്യവസ്ഥയുടെ നിലനി
ല്പിനും അനിവാര്യമാണ്. നാട്ടുപൂക്കള്‍ക്ക് ഒരുദ്യാനം, ഫാം ടൂറിസത്തിന്റെ ഭാഗമായുള്ള സംരക്ഷണം, നാട്ടുവൈദ്യം, മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണം എന്നിങ്ങനെയെല്ലാം വിവിധമേഖലകളില്‍ ഇവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. മാനവരാശി മുമ്പൊരിക്കലുമില്ലാത്ത പലവിധ പരീക്ഷണങ്ങളില്‍ കൂടിയും കടന്നു പോകുന്ന അവസരത്തില്‍ മണ്മറഞ്ഞുപോയതും പേരിനു മാത്രം അവശേഷിക്കുന്നതുമായ ഈ പൂക്കള്‍ക്ക് ഒരു പരിധിക്കപ്പുറം പ്രാധാന്യമെന്തിന് എന്ന് വേണമെങ്കില്‍ ചിന്തിക്കാം.
അപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമിതാണ്. നമ്മളെ നമ്മളാക്കുന്ന ചിലതുണ്ട്. നന്മയുടേതായ ചില അംശങ്ങള്‍, നൈര്‍മല്യമാര്‍ന്ന പുഞ്ചിരി, പറയാതെ പറയുന്ന ജീവിത തത്ത്വങ്ങളുടെ നേര്കാഴ്ചകള്, മാനുഷികഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന ഹൃദ്യഗന്ധം എന്നിവയെല്ലാം നമുക്കേകാന്‍ ഈ ഓണ പൂക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആരും പറയാതെ തന്നെ ജീവിത പൂക്കളം നിറക്കാന്‍ നറുഗന്ധവാഹിനികളായി ഓണക്കാലദിനങ്ങളില് വിരുന്നെത്തിയിരുന്ന അവയെ, നിവൃത്തിയില്ലാതെ കുടിയൊഴിഞ്ഞു പോകാന്‍ അനുവദിക്കാതിരിക്കുക എന്നത് ഒരു കടമ എന്നതിനപ്പുറം നിലനില്പിന്റെ അനിവാര്യത കൂടിയാണ്.
പ്രകൃതി നല്കുന്നതെന്തും കരുതലോടെ സ്വീകരിച്ചു പോന്ന മഹനീയ പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതില്‍നിന്ന് വ്യതിചലിച്ചതോടെയാണ് ഓണപ്പൂക്കള്‍ പോലെ വിശുദ്ധമായ പല ഗ്രാമീണ നന്മകളും സൂചന പോലുമില്ലാതെ നമ്മില്‍നിന്ന് പടിയിറങ്ങിയതും. സാഗരനീലിമയും മുകില്വര്ണ്ണവും, മൂവന്തിചോപ്പും, ഇളവെയിലിന്റെ കാന്തിയും ശ്വേതാംബരത്തിന്റെ വിശുദ്ധിയും സൂര്യ കിരണങ്ങളെ വെല്ലുന്ന കേസരങ്ങളും നക്ഷത്രങ്ങളുടെ രൂപ ഭംഗിയുമായി പ്രാപഞ്ചിക ചൈതന്യത്തെ അടിമുടി ആവാഹിച്ചെന്നപോലെ പൂത്തുലഞ്ഞുനിന്ന ഓണപ്പൂക്കളുടെ കാലം ഇനിയുമുണ്ടാകുമോ…അറിയില്ല…എന്നിരുന്നാലും ഓണക്കാലരാവുകളിലെങ്കിലും വളരാനൊരിടമില്ലാതെ കുടിയിറങ്ങിയ ആവണിപൂവിന്റെ ആത്മാവ് ഈ വിധം വിലപിക്കുന്നാണ്ടാവാം…
‘ഒരുകാലമെന്ചിരി
കണ്‍കുളിര്‍ക്കെ കണ്ടു
മലയാണ്മപോലും
മതിമറന്നെങ്കിലും
ഇനിയേതു തൊടിയാണെനിക്കു വേണ്ടി, എന്റെ
പദമൂന്നി നില്ക്കാനിടം തരാന്‍ മാത്രമായ്…?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: