കോഴിക്കോട്: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യവുമായി അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
പാലസ്തീന് മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി ടെലഫോണില്‍ സംസാരിച്ച് നിലവിലെ സാഹചര്യവും പാലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച കാന്തപുരം ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥന അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രധാന ശക്തിയായി വളരുന്ന ഇന്ത്യക്ക് ഇപ്പോഴത്തെ സംഘര്‍ഷം രമ്യമായി പരിഹരിക്കാന്‍ നയതന്ത്ര തല ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്നും ഇതിനായി കാന്തപുരം ഇടപെടണമെന്നും ശൈഖ് മൊഹമ്മദ് ഹുസൈന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കാന്തപുരം നരേന്ദ്രമോദിക്ക് കത്തയച്ചത്.
ആഗോള വിഷയങ്ങളില്‍ ഇന്ത്യ മുന്‍കാലങ്ങളില്‍ സ്വീകരിച്ച ചേരിചേരാ നയവും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വാധീനവും സ്വീകാര്യതയും പ്രയോജനപ്പെടുത്തി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
മധ്യേഷ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധി ആ പ്രദേശത്തുളളവരെ മാത്രമോ നമ്മുടെ കാലത്തെ മാത്രമോ ബാധിക്കുന്ന ഒന്നല്ല. ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയുടെ പ്രമേയം തന്നെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നാണ്. സമാധാനമുളള പൊതുഭാവി രൂപപ്പെടുത്താന്‍ പലസ്തീന്- ഇസ്രയേല്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ടെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: