ചെന്നൈ: നിലവിലെ ലോക ചാമ്പ്യന്‍മാരെ അട്ടിമറിച്ച കരുത്തിന് ശേഷം അഫ്ഗാനിസ്ഥാന്‍ ഇന്നിറങ്ങും. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കരുത്തരായ ന്യൂസീലന്‍ഡ് ആണ് എതിരാളികള്‍. മത്സരം ഉച്ചയ്‌ക്ക് രണ്ടിന് തുടങ്ങും.
ലോകകപ്പിന്റെ തുടക്കം ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലായിരുന്നു. ഇംഗ്ലണ്ട് പതറിയ തുടക്കമാണ് ലഭിച്ചത്. മത്സരത്തില്‍ ന്യൂസീലന്‍ഡ് കരുത്തന്‍ ജയത്തോടെ തുടങ്ങി. മൂന്ന് വീതം മത്സരങ്ങള്‍ പിന്നിടുമ്പോഴും ഇംഗ്ലണ്ടിന്റെ പതര്‍ച്ചയുടെ വ്യാപ്തി അഫ്ഗാനെതിരായ തോല്‍വിയിലൂടെ കൂടുതല്‍ വെളിവായി. ഇടയ്‌ക്ക് ബംഗ്ലാദേശിനെതിരെ ജോസ് ബട്ട്‌ലറും കൂട്ടരും വമ്പ് കാട്ടിയെന്നൊരു വാസ്തുതയും ഉണ്ട്. ന്യൂസീലന്‍ഡ് ആകട്ടെ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച ശേഷം അയര്‍ലണ്ടിനെ 99 റണ്‍സിനും ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചാണ് ഇന്ന് ചെന്നൈയിലിറങ്ങാനിരിക്കുന്നത്.
പലകുറി കൈവിട്ട കിരീടം ആദ്യമായി കൈയ്യിലേന്താനുള്ള പടപ്പുറപ്പാടിലാണ് കിവികള്‍. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ തിരികെയെത്തിയ കളിയില്‍ പരിക്കേറ്റ് വീണ്ടും പുറത്തുപോകേണ്ടി വന്നത് ടീമിന് ചെറുതായി ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റ് ഫേവറിറ്റുകളിലൊന്നായ ന്യൂസീലന്‍ഡിന് അതൊരു വിഷയല്ല. എങ്കിലും വില്ല്യംസണിന്റെ കുറവ് നികത്താനാവില്ല.
മറുഭാഗത്ത് വലിയ അവകാശവാദങ്ങളില്ലാത്തവരായാണ് ഇന്നും അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അട്ടിമറി ജയം സ്വന്തമാക്കാന്‍ സാധിച്ചു. 69 റണ്‍സിന്റെ ജയമാണ് നേടിയത്. ഈ ലോകകപ്പില്‍ ടീമിന്റെ ആദ്യ ജയമായിരുന്നു അത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഭാരതത്തിനോട് എട്ട് വിക്കറ്റിനും. ഇതിന് പിന്നാലെയാണ് ചരിത്ര വിജയം നേടിയത്. ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ബംഗ്ലാദേശ് കൈപ്പിടിയിലാക്കുന്ന രണ്ടാമത്തെ മാത്രം കളിയായിരുന്നു ഇംഗ്ലണ്ടിനെതിരെ നടന്നത്. ഇതിന് മുമ്പ് ടീം ഒരേയൊരു തവണ ലോകകപ്പ് ജയം നേടിയത് എട്ട് വര്‍ഷം മുമ്പാണ്.
ലോകകപ്പില്‍ ന്യൂസീലന്‍ഡും അഫ്ഗാനും രണ്ട് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായിരുന്നു അത്. 2015ല്‍ ന്യൂസിലാന്‍ഡ് അനായാസം ജയിച്ചു. ആറ് വിക്കറ്റിന്. കഴിഞ്ഞ ലോകകപ്പ് അതിന്റെ തനിയാവര്‍ത്തനമായിരുന്നു. പക്ഷെ കിവീസ് വിജയം ആദ്യത്തേതിനേക്കാള്‍ കുറേക്കൂടി മേല്‍ക്കൈയോടെയായിരുന്നു. ഏഴ് വിക്കറ്റിന് തകര്‍ത്തു. ഇന്ന് ലോകകപ്പുകളിലെ മൂന്നാം നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ന്യൂസീലന്‍ഡ് കഴിഞ്ഞ രണ്ട് തവണത്തെയും പോലെ കരുത്തരാണ്. എടുത്തുപറയാനുള്ള പോരായ്മകളൊന്നുമില്ല. ഏഷ്യന്‍ ടീം അഫ്ഗാന്‍ സ്ഥിതി കുറേകൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അളവ് കോലാകും ഇന്നത്തെ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: