പ്രസന്നന്. ബി
ഭൂമിയിലേക്ക് പിറന്നു വീഴുന്ന കുഞ്ഞിന് കൊട്ടാരചിന്തകളൊന്നുമില്ല. സ്വതസിദ്ധമായ കുറച്ചു വികാരങ്ങളും അതിനെ പ്രകടമാക്കുന്ന അല്പ വിദ്യയും മാത്രം. കുഞ്ഞിന് അമ്മയെന്നോ, മറ്റുബന്ധുവെന്നോ ഒന്നുമില്ല. കുഞ്ഞില്‍നിന്നും പുറപ്പെടുന്ന ഒരുതരംഗം. ശബ്ദമായാലും അംഗവിക്ഷേപമായാലും അത് അമ്മയുടെ വാത്സല്യ സ്വീകരണിയില്തട്ടി ഉണ്ടാകുന്ന വികാരവിസ്ഫോടനം കുഞ്ഞിന്റെ സംരക്ഷവലയത്തിനാധാരമായ കര്‍മ്മനിയോഗം.
അമ്മയിലും കുഞ്ഞിലും രൂപാന്തരപ്പെട്ട അവസ്ഥ മാതൃത്വത്തില്‍ സ്വമേധയാ കൈവരുന്ന സവിശേഷതയാണ്. ഇവയെ അപഗ്രഥിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മയില്‍ അതിനെ അന്തര്‍ലീനമാക്കിയ ഏതോ ഒന്നുണ്ടെന്ന തോന്നലാല്‍ പിന്നിലേക്കൊരു അന്വേഷണ ത്വര ആരില്‍ സംജാതമാകുന്നുവോ അതാണ് ആത്മീയചിന്ത.
അപ്രകാരം എത്രത്തോളം അനന്തമായി മുന്നിലേക്കു പോകുന്നുവോ അത്രത്തോളം അനന്തമായി പിന്നിലേക്കും യാത്രചെയ്യാം. പ്രത്യേകത അതല്ല എവിടെനിന്നും തുടങ്ങാവുന്ന ആദിമദ്ധ്യാന്ത ബിന്ദു വര്‍ത്തുളതയില്‍ അനന്തമായിവരുന്നതുകാണാം. അങ്ങനെയുള്ള ആ ബിന്ദു അതെപ്പോഴും തുടക്കവും ഒടുക്കവുമായിരിക്കും.
യഥാര്‍ത്ഥ ആത്മീയതയിലൂടെ സഞ്ചരിക്കുന്ന ഋഷി ഈ വൃത്തവലയം ഉള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കുന്നു. ആ വൃത്തത്തിന് ആധാരമായ വ്യാസാര്‍ദ്ധം (റേഡിയസ്) മനസിലാക്കി അതിന്റെ കേന്ദ്രത്തെ തിരിച്ചറിയുന്നു. ആ കേന്ദ്രത്തിനാധാരമായി ഇത്തരത്തിലുള്ള അനന്തമായ റേഡിയസിലൂടെ സംജാതമായി നാനാവശങ്ങളിലായി ചെറുതും വലുതുമായ അനന്ത വൃത്തങ്ങളുടെ ഒരു സമ്മേളനം ഒരു ഗോളമായിഭവിക്കുന്നു. ഈ ഗോളത്തെ എങ്ങനെ ഛേദിച്ചാലും ആ പരിഛേദഭാഗം വൃത്തമാകുകയും അതിനൊരു കേന്ദ്ര ബിന്ദുവും അപ്രകാരമുള്ള എല്ലാവൃത്തങ്ങളുടേയും പൊതുകേന്ദ്രം ഗോളകേന്ദ്രവുമാകുന്ന അവസ്ഥ ബ്രഹ്മാവസ്ഥയാണെന്ന് ഋഷി അറിയുന്നു. ഇവയുടെഎല്ലാം ഒന്നായ കേന്ദ്രത്തിനു പിന്നില്‍ ഇതേ അഭൗമപ്രതിഭാസമുണ്ടെന്നും, അവയുടെ അന്വേഷണമാണ് യഥാര്‍ത്ഥ ബ്രഹ്മചിന്തയെന്നും ഋഷി മനസിലാക്കുന്നു.
പുരാതന ഗുരുശിഷ്യ സമ്പ്രദായം ശിഷ്യരിലേക്ക് അറിവ് പകര്‍ന്നു കൊടുക്കുമ്പോള്‍ സമ്പൂര്‍ണ്ണമായ അവസ്ഥയിലാകും നല്‍കുക. അപ്രകാരം പകര്‍ന്നു കൊടുക്കുവാന്‍ പര്യാപ്തമായ അറിവിന്റെ ഭണ്ഡാരമായിരിക്കണം ഗുരു.
‘ഓം പൂര്‍ണമദഃ പൂര്‍ണമിദം
പൂര്ണാത് പൂര്‍ണമുദച്യതേ
പൂര്‍ണസ്യ പൂര്ണമാദായ
പൂര്‍ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’
ഇവിടെ പൂര്ണ്ണാവസ്ഥയില് നിലകൊള്ളുന്ന പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ യഥാര്‍ത്ഥ ഗുരുവിന്റെ ശിക്ഷണം ആവശ്യമായി വരുന്നു. എല്ലാം തികഞ്ഞ ഗുരു ബ്രഹ്മത്തെ ആധാരമാക്കി അറിവു പകരുമ്പോള്‍ സര്‍വ്വശാസ്ത്ര സംഹിതകളും അതില്‍ ഉപവിഷയമായി വന്നു കൊണ്ടേയിരിക്കും. അവയെ ഒന്നൊന്നായി അവസ്ഥാനുസരണം മനസിലാക്കികൊടുക്കുന്നതിനാലാണ് ഗുരുവില്‍നിന്നും ശരിയായ ശിക്ഷണം ലഭിച്ച ശിഷ്യ
നും ഋഷിവര്യനായിതീരുന്നത്. ആ ഋഷി പ്രപഞ്ച രഹസ്യങ്ങളെ വേണ്ടിടത്ത് ആവശ്യാനുസരണം ചുരുളഴിക്കാന്‍ പാകത്തിനു തയ്യാറായി മാറുന്നു.
ഈ അണ്ഡകടാഹത്തിന്റെ പരിപൂര്‍ണ്ണമായ ഘടനയുടെ ഓരോ അടുക്കുകളും ഓരോ അനന്ത പരിവൃത്തമാണ്. അവയ്ക്കൊരു കേന്ദ്ര ബിന്ദുവും ആ കേന്ദ്ര ബിന്ദുവില്‍നിന്നും അണ്ഡകടാഹത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരവും മനസിലാക്കിയ മുനി അണ്ഡകടാഹത്തിന്റെ കേന്ദ്രംതൊട്ട് ഓരോ പരിവൃത്തം വരെയുള്ള ദൂരം ഒരു വൃത്ത സ്തൂപമായികണ്ട് അതിന്റെ ചരിഞ്ഞളവിലുടെ കേന്ദ്രബിന്ദുവില്‍ പെട്ടെന്നെത്താനുള്ള അറിവ് ഗുരു ശിഷ്യനു വ്യക്തമായി ഉപദേശിക്കുന്നു. അപ്പോഴേക്കും ശിഷ്യന് ഗണിത ശാസ്ത്രത്തില്‍ വൃത്ത ശാസ്ത്രത്തിന്റെ സകല വശങ്ങളിലൂടെയും ശിഷ്യനറിയാതെതന്നെ സഞ്ചരിച്ച് ഹൃദിസ്ഥമാക്കിയിരിക്കും. ഇവിടെ ഒരു ഗോളത്തെ പരാമര്‍ശിക്കാന്‍ കാരണം പ്രപഞ്ചം ഈ അവസ്ഥയിലാണ്. ഒരുഗോളത്തെ ഏതുവശത്തെ എങ്ങനെ ഛേദിച്ചാലും ഛേദതലം ഒരു വൃത്തവും അവിടൊരു കേന്ദ്ര ബിന്ദുവും ഉണ്ടാകും. ഇങ്ങനെ എവിടെക്കൂടിയും അനന്തമായി മുറിക്കാവുന്നതും അവിടെല്ലാം മേല്പറഞ്ഞ കേന്ദ്രമുള്ളതുമായ ഈ ഗോളകേന്ദ്രം സര്‍വ്വവ്യാപിയാകുന്നു. ഈശാവാസ്യോപനിഷത്തിലെ ‘ഈശാവാസ്യമിദം സര്‍വം’ ഇവിടെ മനസിലാകും. ഇതാണ് പുരാതന ഗുരുശിഷ്യ പരമ്പര രീതി. ഈ തരത്തില്‍ ബ്രഹ്മജ്ഞാനം ലഭിക്കുമ്പോഴേക്കും ശിഷ്യന് സര്വ്വശാസ്ത്രപാരംഗതനായി സര്‍വ്വജ്ഞപീഠം കയറിയിരിക്കും.
ഇപ്രകാരം ഭൗതികതയില്‍നിന്നു പിറകോട്ടു സഞ്ചരിച്ചൊരു ബിന്ദുവിലെത്തി അപ്പുറത്തേക്കു നോക്കുമ്പോള്‍ അണ്ഡകടാഹത്തിന്റെ മറുപുറം എന്തെന്ന ചിന്ത! അതുമാത്രമേ പരബ്രഹ്മ ചിന്തക്കാധാരമാകൂ. ഈ ചിന്തയില്‍ ലയിക്കുന്ന ഋഷി ലൗകികസുഖങ്ങളില്നിന്നും വേര്‍പെട്ട് പ്രാരാബ്ധചിന്തയൊഴിഞ്ഞ് ആത്മാവുമായി ലയിച്ച് അരൂപിയാകാന്‍ ശ്രമംതുടരും. ഇത്തരം അവസ്ഥയിലായ ഋഷി സര്‍വ്വസംഗപരിത്യാഗിയാകും. ഈ അണ്ഡകടാഹത്തിലെ കേന്ദ്രബിന്ദുവായ് നിലകൊള്ളുന്ന അരൂപിയായ വിശ്വരൂപിയെ ഉള്‍ക്കൊള്ളാന്‍ വിശ്വവിസ്തൃതമായ ചരാചരങ്ങള്‍ അവരവരുടെ വൈഭവ ബോധതലമുപയോഗിച്ച് വ്യാഖ്യാനിക്കുമ്പോള്‍ അവരുടെ കയ്യിലെ കരുക്കളുപയോഗിച്ചാണ് ഊടും പാവും നെയ്യുക.
രസകരമായ മറ്റൊരു വസ്തുതയിലേക്കു നാം നോക്കിയാല്‍ ഒരാള്‍ സ്വവൈഭവത്താല്‍ ഒന്നിനെ പരുവപ്പെടുത്തി കര്‍മ്മനിരതമാക്കി മാറ്റുമ്പോള്‍ ആ വസ്തു സ്വകര്മ്മമുപേക്ഷിച്ച് ആ ആളിലേക്കു ലയിക്കുവാനുള്ള ത്വര വിഫലമാകുന്ന വിപരീതാഭാസമായി മാറുന്നു. ഇവിടെ കടംകൊണ്ടവ ഭൗതികവും വൈഭവം ആത്മാവുമാകുന്നതുപോലെ തോന്നും. ഭൗതികം പരിപൂര്‍ണ്ണമായി നിലനില്ക്കുവോളം വൈഭവം കൂടെയുണ്ടാകും. വൈഭവം ഏതുവഴി വന്നു, നഷ്ടപ്പെട്ടു എന്ന തെറ്റിദ്ധാരണാജനകമായ ചോദ്യമാണ് ഭൗതികവാദിയുടെ ചോദ്യം.
എപ്രകാരമെന്നാല്‍; ഒരു തലം; ആ തലത്തില്‍ ആശയവിനിമയം നടത്തുന്ന വാക്കുകളുടെ അര്‍ത്ഥ തലവൈഷ്യമ്യം തൊട്ടടുത്ത തലത്തില്‍ അതേവാക്കുകള്‍ വാചാലമാകുന്നതുകാണാം. തലങ്ങള്തോറും ഒരേവാക്കിന്റെ മാസ്മരികഭാവം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ തലത്തില്‍ സന്ദര്‍ഭോചിതമായി അവയുടെ ഗാംഭീര്യം പ്രകടമാക്കും. എന്നാല്‍ എല്ലാതലങ്ങളിലും ഉപയോഗിക്കപ്പെടുന്ന വാക്കൊന്നുതന്നെ ആയിരിക്കും. ഇതുതന്നെയാണ് വേദപുരാണോപനിഷത്തുകളെ പഠനവിഷയമാക്കുമ്പോള്‍ സംഭവിക്കുക. ഗുരുവും ശിഷ്യനും ഏതു തലത്തില്‍നിന്നാണു വ്യാഖ്യാനിക്കുക എന്നത് മുഖ്യ ഘടകമാണ്. തലങ്ങള്‍ മാറുംതോറും ഒരേവിഷയം അതിശയകരമായി മാറിമറിയുന്നതുകാണാം. പ്രകൃതിയുടെ താഡനമേറ്റുറച്ച ശിലയൊരു ശില്പമാകുന്നതും ശ്രീകോവിലിനുള്ളില്‍ അത് മൂര്ത്തീഭാവത്തിലാകുന്നതും ഒരേശിലയായതുപോലെ. ശിലയേമാത്രം വിശകലനം ചെയ്താല്‍ മൂര്‍ത്തീഭാവം തിരിച്ചറിയാതെ മൂര്‍ത്തി അപഹാസ്യനാകുന്നതും കാണാം. ഭൗതികവാദി ശിലയില്‍ വാചാലമായി നിറയുമ്പോള്‍ മൂര്‍ത്തി മറ്റൊരുതലത്തിലെ വൈഭവമാകുന്നത് തലം മാറിയ ആത്മജ്ഞാനിക്കേ പ്രാപ്തമാകൂ. എപ്രകാരമെന്നാല്‍ അഗാധമായ ആഴിപ്പരപ്പില്‍ നീന്തിവന്നവനും സര്‍വ്വസന്നാഹമായി അഗാധതയിലൂളിയിട്ട് അടിത്തട്ട് അന്വേഷിച്ചു പോയവനും പോലെ. ഇരുവരും ആഴിയില്‍ നീന്തിത്തുടിച്ചവരെന്നതു സത്യമാണ്. ഒരേവസ്തുതയുടെ അറിവിന്റെ കാര്യത്തില്‍ ഇരുവരും വ്യത്യസ്തരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: