ന്യൂദല്‍ഹി 2040ല്‍ ഇന്ത്യ മനുഷ്യനെ ചന്ദ്രനിലേക്കയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ഗംഗയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് നടത്തിയ ഉന്നതതല യോഗത്തിലാണ് മോദിയുടെ ഈ പ്രഖ്യാപനം. 2035ല്‍ സ്പേസ് സ്റ്റേഷന് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യയുടെ ശേഷി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്ന സൂചനയാണ് ഈ പ്രഖ്യാപനത്തിലൂടെ മോദി നടത്തിയത്. ഇതുവരെ ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതിക വിദ്യകളും വിക്ഷേപണസംവിധാനങ്ങളും ബഹിരാകാശ വകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
മനുഷ്യനെ സുരക്ഷിതമായി അയയ്ക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനത്തിന്റെ (പര്യവേക്ഷണസംഘമില്ലാതെയുള്ള) മൂന്ന് വിക്ഷേപണം ഉള്‍പ്പെടെ 20 സുപ്രാധാന പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശുക്രന്റെ പ്രദക്ഷിണപഥത്തിലേക്കുള്ള ദൗത്യം, ചൊവ്വയിലേക്ക് ലാന്റര്‍ അയയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങള്‍ ത്വരിതഗതിയിലാക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു. ചന്ദ്രയാന്‍ മൂന്നും ആദിത്യ എല്‍1ഉം വിജയിച്ചതോടെ കൂടുതല്‍ സാഹസികമായ പുതു ബഹിരാകാശ ലക്ഷ്യങ്ങള്‍ക്കായി ഇന്ത്യ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യങ്ങളില്‍ പെട്ടതാണ് 2035ലെ ഭാരതീയ അന്തരീക്ഷ സ്റ്റേഷനും (സ്പേസ് സ്റ്റേഷന്) 2040ലെ ഭാരതീയനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ദൗത്യവും- പ്രധാനമന്ത്രി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: