മാറനല്ലൂര്‍: കണ്ടല സഹകരണ ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സിപിഎം എംഎല്‍എ ഐ.ബി. സതീഷാണെന്ന കുറ്റപ്പെടുത്തലുമായി കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്. ഭരണസിരാകേന്ദ്രത്തില്‍ ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിയാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്കിടയാക്കിയതെന്നും നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതും ആരുടെയോ പ്രേരണയാല്‍ നിക്ഷേപകര്‍ വന്‍തുകകള്‍ പിന്‍വലിച്ചത് കാരണവുമാണ് ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നും കാട്ടാക്കട എംഎല്‍എ ഐ.ബി. സതീഷിനെതിരെ പരോക്ഷവിമര്‍ശനമുന്നയിച്ച് ഭാസുരാംഗന് രംഗത്തെത്തിയതോടെ കണ്ടല ബാങ്ക് അഴിമതിയില്‍ സിപിഎം- സിപിഐ പോര്‍മുഖം തുറന്നു.
എല്ലാം വ്യക്തിപരമായി തകര്‍ക്കാന്‍ ചെയ്ത ഗൂഢനീക്കം ആയിരുന്നെന്നും ബാങ്കിനെതിരെ നടന്ന അന്വേഷണങ്ങളിലും പണാപഹരണം ഉള്ളതായി പറഞ്ഞിട്ടില്ലെന്നും ആ റിപ്പോര്‍ട്ട് പോലും ആരുടെയോ സ്വാധീനത്തിന് വഴങ്ങിയാണ് പുറത്തുവന്നതെന്നും ഭാസുരാംഗന് പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രശ്നങ്ങളുടെ പരിഹാരം കാണാന്‍ നിക്ഷേപകരെ ഒഴിവാക്കി വൈരാഗ്യങ്ങളോ പിണക്കങ്ങളോ ഒക്കെ മറന്ന് ജനപ്രതിനിധികളുടെ ഒരു യോഗം എംഎല്‍എ തന്നെ വിളിക്കണം എന്നാണ് ഭാസുരാംഗന് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എംഎല്‍എ തുടങ്ങിവച്ചത് എംഎല്‍എ തന്നെ അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് പറയാതെ പറഞ്ഞു വയ്ക്കുകയാണ് ഭാസുരാംഗന്. കോടികളുടെ അഴിമതി നടന്നുവെന്നും പണം നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒറ്റമുറി ബാങ്കില്‍ നിന്നും ഇന്ന് കാണുന്ന നിലയില്‍ ബാങ്കിനെ എത്തിച്ച കഥ വീണ്ടും എടുത്തുപറഞ്ഞ് സര്‍ക്കാരിനെയും കേരള ബാങ്കിനേയും എംഎല്‍എയെയും പ്രതിപ്പട്ടികയിലാക്കുകയാണ് ഭാസുരാംഗന്.
കേരള ബാങ്കില്‍ നിന്ന് ലഭിക്കേണ്ട തുകയും കടാശ്വാസ കമ്മീഷന് തുകയും ലഭിക്കാത്തതാണ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇപ്പോഴും ഭാസുരാംഗന് പറയുന്നത്. തന്റെ കണക്കനുസരിച്ച് 42 കോടി രൂപ ബാങ്കിന് കിട്ടാനുണ്ട് എന്ന് അവകാശപ്പെടുമ്പോഴും നിക്ഷേപ ഇനത്തില്‍ മാത്രം ജനങ്ങള്‍ക്ക് നല്ക്കേണ്ട 172 കോടി രൂപയെക്കുറിച്ച് യതൊന്നും തന്നെ ഭാസുരാംഗന് പറയുന്നുമില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഭരണസമിതിയാണ് നടത്തിയെന്ന് വാര്‍ത്ത നല്കുന്ന മാധ്യമങ്ങള്‍ കണ്ടലയുടെ പ്രതിസന്ധിക്ക് കാരണം താന്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ഭാസുരാംഗന് പറയുന്നു. ഇതോടൊപ്പം നൂറോളം ചെക്കുകള്‍ നിക്ഷേപകര്‍ക്ക് നല്കാന് ഒപ്പിട്ടുവച്ചത് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ നിക്ഷേപകര്‍ക്ക് നല്‍കാതെ തടഞ്ഞു വച്ചു എന്നും ഭാസുരാംഗന് ആരോപിക്കുന്നു. അതേസമയം കടാശ്വാസ കമ്മീഷനില്‍ നിന്നും തന്റെ കാലത്ത് ലഭിച്ച മൂന്ന് കോടിയലധികം തുക ഒരു നിക്ഷേപക പ്രതിനിധിയും അസിസ്റ്റന്റ് രജിസ്ട്രാറും സെക്രട്ടറിയും അടങ്ങുന്ന കമ്മറ്റിയുടെ തീരുമാനപ്രകാരം അര്‍ഹരായവര്‍ക്കാണ് നല്‍കിയതെന്നും ഭാസുരാംഗന് അവകാശപ്പെടുന്നു.
എന്നാല്‍ ഭാസുരാംഗന്റെ ഇഷ്ടക്കാര്‍ക്ക് അല്ലാതെ സാധാരണക്കാരായ നിക്ഷേപര്‍ക്ക് ഇതില്‍ നിന്നു തുക കിട്ടിയിട്ടില്ല എന്നാണ് നിക്ഷേപകര്‍ പറയുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങള്‍ ഭാസുരാംഗന്റെ ശില്‍പന്തികള്‍ക്ക് ഈ തുക വീതം വെച്ചുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. തന്റെ നിഴലായി നടക്കുന്ന ഒരു ഭരണസമിതി അംഗത്തിനും ബന്ധുക്കള്‍ക്കുമായി അരക്കോടിയിലേറെ തുക നല്കി എന്ന ആരോപണവും ഇതോടൊപ്പമുണ്ട്. ഇതിനായി ഭാസുരാംഗനെ സഹായിച്ചത് ബന്ധുവായ ശാഖാ മാനേജര്‍ എന്നാണ് പറയുന്നത്. ചിട്ടിയും വായ്പയുമായി മുടക്കം വരുത്തിയ ആയിരത്തോളം ആളുകളില്‍ നിന്നും തുക തിരിച്ചുപിടിക്കാന്‍ നിയമനടപടി സ്വീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു എന്ന് പറയുന്ന ഭാസുരാംഗന് മകനും ഭാര്യയുമുള്‍പ്പെടെയുള്ളവരുടെ പേരില്‍ ഉള്ള ബാധ്യതകള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്നോ അതിനു എന്ത് നടപടി സ്വീകരിച്ചു എന്നോ പറയുന്നില്ല.
നിക്ഷേപകരെയും ജനങ്ങളേയും വിഡ്ഢികള്‍ ആക്കാനും ബാങ്കിന് എതിരെയും ഭാസുരാംഗന് എതിരെയും ഉള്ള അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആണ് ഭാസുരാംഗന് സ്വാധീനമുള്ള ചില പ്രാദേശിക മാധ്യമങ്ങള്‍ വഴി പ്രചരണങ്ങള്‍ നടത്തുന്നതെന്ന ആക്ഷേപം സിപിഎം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. വരുംദിവസങ്ങളില്‍ ഭാസുരാംഗന്റെ ഒളിയമ്പ് കൂടുതല്‍ ചര്‍ച്ചയ്ക്കും തുറന്നപോരിലേക്കും വഴിവയ്ക്കുമെന്ന വിലയിരുത്തലും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: