രാജ്നന്ദ്ഗാവ്(ഛത്തിസ്ഗഢ്): അഴിമതിയുടെ ചങ്ങലക്കെട്ടില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള ദൗത്യമാണ് ഛത്തിസ്ഗഢില്‍ ബിജെപി ഏറ്റെടുക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതി കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. നിരത്തില്‍ ഹോട്ടലുകള്‍ പോലെ അവര്‍ എവിടെയും അഴിമതിയുടെ കട തുറക്കും.
ദല്‍ഹി കോണ്‍ഗ്രസ് ദര്‍ബാറിന്റെ എടിഎം കൗണ്ടറായി സംസ്ഥാനത്തെ മാറ്റുകയാണ് ഭൂപേഷ് ബാഗേല്‍ ചെയ്യുന്നത്. അധികാരത്തിലേറാന്‍ എന്ത് പ്രീണനം നടത്താനും മടിക്കാത്തവരാണ് കോണ്‍ഗ്രസെന്ന് അമിത് ഷാ പറഞ്ഞു.
രാജ്നന്ദ്ഗാവില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി രമണ്‍സിങ് അടക്കമുള്ളവരുടെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് മുന്നോടിയായാണ് പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നത്.
ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസുകാര്‍ അഴിമതിയിലൂടെ കവര്‍ന്ന ഓരോ ചില്ലിക്കാശും തിരിച്ചുപിടിക്കും. അവ ജനക്ഷേമത്തിന് വിനിയോഗിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശും ഛത്തീസ്ഗഢും ഒറ്റ സംസ്ഥാനമായിരിക്കെ കോണ്‍ഗ്രസിന്റെ ഭരണം അതിനെ രോഗിയാക്കി മാറ്റിയിരുന്നു. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ മൂലം ജനങ്ങള്‍ കൊടിയ പീഡനമാണ് അനുഭവിച്ചത്.
പതിനഞ്ച് വര്‍ഷത്തെ രമണ്‍സിങ്ങിന്റെ ഭരണമാണ് ഛത്തിസ്ഗഢില്‍ വികസനത്തിന്റെ പ്രകാശമെത്തിച്ചതെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി. വര്‍ഗീയകലാപങ്ങളുടെ തലസ്ഥാനമാക്കി ഭൂപേഷ് ബാഗേല്‍ ഛത്തിസ്ഗഢിനെ മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു. ഏപ്രിലില്‍ ബമേതാര ജില്ലയിലെ ബിരണ്പൂരില് കലാപം ഉണ്ടായതിന് പിന്നില്‍ ബാഗേലിന്റെ വര്‍ഗീയ പ്രീണനമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിരണ്പൂര് കലാപത്തില്‍ കൊല്ലപ്പെട്ട ഭുവനേശ്വര്‍ സാഹുവിന്റെ അച്ഛന് ഈശ്വര്‍ സാഹുവിനെയാണ് ജില്ലയിലെ സജാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ഭുവനേശ്വറിന്റെ ബലിദാനത്തിന് നീതി തേടിയാണ് ഈശ്വര്‍ സാഹുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. താമരയ്ക്ക് ചെയ്യുന്ന ഓരോ വോട്ടും നരേന്ദ്ര മോദി നയിക്കുന്ന നാടിന്റെ സുവര്‍ണ ഭാവിക്കായുള്ള പിന്തുണയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: