കോട്ടയം: ഈരാറ്റുപേട്ട സംബന്ധിച്ച കോട്ടയം എസ്പി കെ. കാര്‍ത്തിക്കിന്റെ പരാമര്‍ശം വിവാദമാക്കി വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും ശ്രമം. ഈരാറ്റുപേട്ട പോലീസിന്റെ കൈവശമുള്ള 2.79 ഏക്കറില്‍ റവന്യൂ ടവര്‍ നിര്‍മിക്കുന്നതുസംബന്ധിച്ച് എസ്പി, ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ട് വളച്ചൊടിച്ച് ചേരിതിരിവ് സൃഷ്ടിക്കാന്‍ പൂഞ്ഞാര്‍ എംഎല്‍എയും പത്തനംതിട്ട എംപിയുമാണ് ഇറങ്ങിയത്.
റവന്യൂ ടവര്‍ നിര്‍മിക്കാന്‍ 1.4 ഏക്കര്‍ റവന്യൂവകുപ്പിന് കൈമാറിയാല്‍ പോലീസ് സ്റ്റേഷന്റെ വികസനത്തെയും സുരക്ഷയേയും ബാധിക്കും. മതപ്രശ്നങ്ങള്‍, സ്ഥലത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വസ്തുതകള്‍ കണക്കിലെടുത്ത് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ കൈവശമുള്ള ഭൂമി വകുപ്പിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണം, എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കോട്ടയം എസ്പി ഈരാറ്റുപേട്ടയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എംപിയും എല്‍ഡിഎഫിലെ കേരളകോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈരാറ്റുപേട്ട, കോട്ടയം ജില്ലയില്‍ ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രദേശമാണെന്നും പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെടുന്നു.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ഈരാറ്റുപേട്ട നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗവും ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണ്‍ സുഹുറ അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, സിപിഎം, സിപിഐ, മുസ്ലീം ലീഗ് പ്രദേശിക നേതാക്കള്‍, ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
കേസുകള്‍ കുറവുള്ള പ്രദേശമെന്ന് യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ പറയുന്ന ഈരാറ്റുപേട്ടയില്‍ നിന്ന് കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എന്‍ഐഎയും മറ്റൊരു മൂന്നുപേരെ ഇഡി യും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരാരും മോചിതരായി എത്തിയിട്ടില്ലെന്നത് മറച്ചുവച്ചാണ് കോട്ടയം എസ്പിക്കെതിരെ പ്രതിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: