തൃശ്ശൂര്‍: കരുവന്നൂരിലെ വായ്പാത്തട്ടിപ്പിന് സിപിഎം രൂപീകരിച്ച സബ് കമ്മിറ്റിക്കു നേതൃത്വമേകിയത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രന്. ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന്റെ നിര്‍ദേശ പ്രകാരമാണ് സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രന് സബ് കമ്മിറ്റി മേല്‍നോട്ടം വഹിച്ചത്. ബാങ്കിലെ എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നതും ചന്ദ്രനായിരുന്നു.
സിപിഎം ലോക്കല്‍ സെക്രട്ടറിമാരായിരുന്ന എ.ആര്. പീതാംബരനും എം.പി. രാജുവുമായിരുന്നു സബ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. ഇവര്‍ക്കു പുറമേ ബാങ്കുപ്രസിഡന്റ് കെ.കെ. ദിവാകരനും സെക്രട്ടറി ടി.ആര്. സുനില്‍കുമാറും ഉള്‍പ്പെട്ടതായിരുന്നു സബ് കമ്മിറ്റി. വ്യാജ വായ്പകളുടെ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത് ഈ കമ്മിറ്റിയാണ്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് കമ്മിറ്റി ഫയലുകള്‍ കൈകാര്യം ചെയ്തത്. സബ് കമ്മിറ്റി അംഗങ്ങളുടെ പേരുകളും പ്രവര്‍ത്തനവും ഇ ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
169 കോടി രൂപ ബിനാമി വായ്പകളായി കടത്തി. പലിശയടക്കം 343 കോടി രൂപയുടെ ബാധ്യതയാണ് ഇതു കരുവന്നൂര്‍ ബാങ്കിനുണ്ടാക്കിയത്. ഇതു കൂടാതെ ബാങ്കുജീവനക്കാരായിരുന്ന സി.കെ. ജില്‍സ്, പി.പി. കിരണ്‍ പോലുള്ളവരുടെ തട്ടിപ്പുകള്‍ വേറെയുണ്ട്. തട്ടിപ്പു സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ സി.കെ. ചന്ദ്രനെ പാര്‍ട്ടി തരംതാഴ്ത്തി. പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണ് താനെല്ലാം ചെയ്തതെന്നും ഒടുവില്‍ തന്നെ മാത്രം ബലിയാടാക്കിയെന്നുമാണ് ചന്ദ്രന്റെ പക്ഷം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മന്ത്രി ആര്. ബിന്ദുവിനു വേണ്ടി കരുവന്നൂര്‍ ബാങ്കുതട്ടിപ്പ് കേസിലെ പ്രതികള്‍ വന്‍ തോതില്‍ പണം ചെലവഴിച്ചു. പോസ്റ്ററുകള്‍, പ്രചാരണ വാഹനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകളെല്ലാം വഹിച്ചത് അവരായിരുന്നു.
സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. കുന്നംകുളത്ത് എ.സി. മൊയ്തീന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനും അവര്‍ വന്‍ തോതില്‍ പണം ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: