കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരേ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ വന്‍സമരം. 30ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിപുലമായ സമര പരിപാടികള്‍ നടത്തുമെന്ന് എന്‍ഡിഎ നേതൃയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേരള യാത്ര പ്രഹസനമാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി. എല്ലാ തട്ടിപ്പിനും പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് വ്യക്തമാകുന്നു. അദ്ദേഹം രാജിവയ്ക്കണമെന്നാണ് എന്‍ഡിഎയുടെ പൊതു അഭിപ്രായം. കേന്ദ്രത്തിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയും സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയും നവംബര്‍ 10 മുതല്‍ 30 വരെ പഞ്ചായത്ത്, മേഖലാ തലങ്ങളില്‍ 2000 പ്രചാരണ യോഗങ്ങളുണ്ടാകും. ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംസ്ഥാന തലത്തില്‍ ഡിസംബര്‍ അവസാനം ആരംഭിച്ച് ജനുവരി വരെ ജനജാഗ്രത പദയാത്ര സംഘടിപ്പിക്കും.
നവംബര്‍ ആറിന് ചേര്‍ത്തലയില്‍ എന്‍ഡിഎയുടെ ശില്പശാല സംഘടിപ്പിക്കും. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാന, ജില്ല നേതാക്കള്‍ പങ്കെടുക്കും. ബൂത്തുതലത്തിലെ എന്‍ഡിഎ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും പോഷക സംഘടനകളുടെ സംസ്ഥാനതല ഏകോപനത്തിന് പുതിയ സംവിധാനം വരും. സാമൂഹ്യ മാധ്യമ വിഭാഗങ്ങളുടെ ഏകോപനവും വരും ദിവസങ്ങളിലുണ്ട്. 22ന് തിരുവനന്തപുരത്ത് ആദ്യയോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: