ഡോ.കെ. മുരളീധരന്‍ നായര്‍
ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരുടെയും ഉപദേവതകളുടെയും പ്രതിഷ്ഠകള്‍ ശാസ്ത്രത്തിന് വിരുദ്ധമായി പലയിടത്തും കാണാറുണ്ട്. എന്താണ് അതിന് കാരണം?
പണ്ട് കുടുംബത്തിലെ കാരണവര്‍ അവരുടെ വീടിന്റെ ചുറ്റുവട്ടത്ത് ചില ദേവ തകളെ പ്രതിഷ്ഠിച്ച് പൂജ ചെയ്തുവന്നു. പില്ക്കാലത്ത് ഇവയോട് അനുബന്ധിച്ചുതന്നെ പല ഉപദേവന്മാരുടെയും പ്രതിഷ്ഠകള്‍ വന്നു. ഇതില്‍ ചിലതെല്ലാം വിധിപ്രകാരം സ്ഥാപിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളിലാണ് സ്ഥാപിച്ചത്. എന്നാലും അവയൊക്കെ യാതൊരുവിധ കുഴപ്പവും ഇല്ലാതെ ഐശ്വര്യപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ നിലനില്ക്കുകയും ഭക്തജനങ്ങള്‍ക്ക് സര്‍വൈശ്വര്യങ്ങളും നല്‍കുകയും ചെയ്യുന്നു. ഇതിന്റെ കാരണം പ്രസ്തുത സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഇവിടെ നിന്ന് വമിക്കുന്ന ഭൗമോര്‍ജ്ജമായാലും പ്രാപഞ്ചികോര്‍ജ്ജമായാലും അനുകൂലതരംഗങ്ങളായി പരിലസിക്കുന്നു.
ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഏതൊരു ദേവന്റെയായാലും ദേവിയുടെയായാലും ഉപദേവന്മാരുടെയായാലും ശാസ്ത്രത്തിന് അതീതമാണ്. ഒരുപക്ഷേ, മഹാക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തുന്നതിനെക്കാള്‍ പുണ്യം ഒരു മരച്ചുവട്ടില്‍ വച്ച് ആരാധിക്കുന്ന ശിലയ്‌ക്കായിരിക്കും. ക്ഷേത്രങ്ങള്‍ വിധിപ്രകാരം സ്ഥാനം നിര്‍ണ്ണയിച്ച് പണികഴിപ്പിച്ച് വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചാലും ഒരുപക്ഷേ ആ അമ്പലത്തില്‍നിന്നു ഭക്തജനങ്ങള്‍ക്ക് വേണ്ടത്ര അനുഭൂതി ലഭിക്കില്ല. നൂറു ക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ അഞ്ചിനകത്ത് ക്ഷേത്രങ്ങള്‍ക്ക് മാത്രമേ പേരും പ്രശസ്തിയും സര്‍വൈശ്വര്യങ്ങളും ഉണ്ടാകുകയുള്ളു. ഇതിന്റെ കാരണം ഭൂപ്രകൃതിപരമായ ശക്തിവിശേഷമാണ്. ആരാധനാലയങ്ങള്‍ ഏതു മതത്തില്‍പ്പെട്ടതായാലും അവനവന്റെ വിശ്വാസമാണ് ഏറ്റവും പ്രധാനം. ഏത് കാര്യവും ഉണ്ട് എന്ന് വിശ്വസിച്ചാല്‍ തീര്‍ച്ചയായും അനുകൂലം തന്നെയായിരിക്കും. ഇല്ല, എന്ന് കരുതിയാല്‍ പ്രതികൂലവുമായിരിക്കും.
വാടകവീട്ടില്‍ വാസ്തുദോഷം നോക്കണോ?
വാസ്തുദോഷം സംഭവിച്ച വീടാണെങ്കില്‍ ആരാണോ ആ വീട്ടില്‍ താമസിക്കുന്നത് അവരെ അത് ബാധിക്കും. അതിന് ഗൃഹത്തില്‍ ഉടമസ്ഥനെന്നോ വാടകക്കാരനെന്നോ വ്യത്യാസമില്ല. അതിനാല്‍ ഒരു വീട് വാടകയ്‌ക്ക് തിരഞ്ഞെടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങളെങ്കിലും നോക്കണം. പ്രത്യേകിച്ച് വാസ്തുതത്ത്വത്തിന് അനുസരണമായാണോ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നോക്കണം. പ്രസ്തുത വീട്ടിലെ അടുക്കള കന്നിമൂലയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. പലരുടെയും അനുഭവത്തില്‍ വലിയ സമ്പത്തിന്റെ ഉടമയായ ചിലര്‍ വാടകവീട്ടില്‍ താമസിച്ച് എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ട് രോഗികളായി മാറിയ സംഭവങ്ങളുണ്ട്.
ചിതല്‍പ്പുറ്റുള്ള ഭൂമിയില്‍ വീടുവയ്‌ക്കുന്നതില്‍ ദോഷമുണ്ടോ?
ചില പ്രത്യേക ഭൂമിയില്‍ ചിതല്‍പ്പുറ്റ് അവിടവിടെയായി കാണാം. അന്ധവി ശ്വാസികള്‍ പ്രസ്തുത ഭൂമി നാഗഭൂമിയാണ്, ഇവിടെ വീടുവയ്‌ക്കുവാന്‍ പാടില്ല.എന്നൊക്കെ പറയും. മണ്ണിന്റെ പ്രത്യേകത കാരണമാണ് ഈ പുറ്റ് ഉണ്ടാകുന്നത്. വീടുവയ്‌ക്കുന്ന ഭാഗം കോമ്പൗണ്ട് കെട്ടിത്തിരിച്ച് പുറ്റ് വരാതിരിക്കുവാനുള്ള പ്രതിരോധമരുന്ന് അടിച്ചിട്ട് വീടു വയ്‌ക്കുന്നതില്‍ തെറ്റില്ല. ഉദാഹരണത്തിന് ആന്ധ്രയില്‍ കിലോമീറ്ററോളം പുറ്റുകള്‍ പൊങ്ങി നില്‍ക്കുന്ന സ്ഥലങ്ങള്‍ കാണാം. ഇതിനിടയില്‍ വലിയ കോണ്‍ക്രീറ്റ് വീടുകളും കാണാന്‍ കഴിയും. മണ്ണിന്റെ പ്രത്യേകതകൊണ്ടും സൂര്യകിരണങ്ങളുടെ അതിപ്രസരംകൊണ്ടും ഇപ്രകാരം സംഭവിക്കാം.
പഴയ ഗൃഹത്തിന്റെകൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
ഒരു പഴയ ഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ നിലവിലുള്ള ഊര്‍ജ്ജപ്രവാഹത്തിന് തടസ്സം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരൂഢക്കണക്കുള്ള പുരാതന വീടുകളുടെ കഴുക്കോലുകള്‍ മുറിച്ചുമാറ്റി കോണ്‍ക്രീറ്റ് ചെയ്ത് മുറികള്‍ ഉണ്ടാക്കുവാന്‍ പാടില്ല. പുരാതന വീടുകള്‍ പൊളിക്കുമ്പോള്‍ അവ പരിപൂര്‍ണ്ണമായി പൊളിച്ചുമാറ്റേണ്ടതാണ്. പ്രത്യേകിച്ച് നിലവിലുള്ള ഗൃഹത്തിന്റെ തെക്കുഭാഗം നീട്ടുമ്പോള്‍ വാസ്തുശാസ്ത്രസംബന്ധമായി അറിവുള്ള ഒരാളിന്റെ നിര്‍ദ്ദേശം തേടുന്നത് ഉചിതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക