പുല്‍പ്പള്ളി: മുള്ളന്‍ കൊല്ലി പഞ്ചായത്തുകള്‍ നേരിടുന്ന വരള്‍ച്ചയും ജലക്ഷാമവും പരിഹരിക്കല്‍ അല്ല അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും സാമ്പത്തിക വരള്‍ച്ച പരിഹരിക്കാനാക്കാണ് ഇടതുമുന്നണി നുണപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
കടമാന്‍ തോട് പദ്ധതി സര്‍വ്വേയും ഡിപിആറും പൂര്‍ത്തിയാക്കി ഫണ്ട് വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വേണ്ടി വരും. കാരാപ്പുഴ മാതൃകയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 50 വര്‍ഷം പിന്നെയും വേണ്ടിവരും. ഇതെല്ലാം കഴിയുമ്പോഴേക്കും പുല്‍പ്പള്ളിയും മുള്ളന്‍ കൊല്ലിയും മാത്രമല്ല വയനാടിന്റെ കിഴക്ക്, തെക്കന്‍ പ്രദേശമാകെ വീണ്ടെടുക്കാന്‍ സാദ്ധ്യമല്ലാത്ത മരുഭൂമിയായി മാറിക്കഴിയും.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രദേശത്തിന് കൃഷി വെള്ളവും കുടിവെള്ളവും നല്കാന് സര്‍ക്കാറിന്ന് ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന കാരപ്പുഴ ഡാമിലെ വെള്ളം സ്വാഭാവികമായ നീരൊഴുക്കിലൂടെ പൈപ്പുവഴി പുല്‍പ്പള്ളി, മുള്ളന്‍ കൊല്ലി പ്രദേശത്ത് എത്തിക്കാന്‍ സാധിക്കും. ബാണാസുര സാഗര്‍ പദ്ധതിക്ക് കേന്ദ്ര ജലക്കമ്മീഷനില് നിന്നും അംഗീകാരവും ലോകബാങ്കില്‍ നിന്നും വായ്പയും ഒപ്പിച്ചെടുത്തത് 35 ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നല്‍കണമെന്ന വ്യവസ്ഥ അനുസരിച്ചാണെങ്കിലും ഒരു തുള്ളി നല്‍കുന്നില്ല.
ഇതില്‍ ഒരു പങ്ക് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പ്രദേശത്ത് എത്തിക്കാന്‍ നിഷ്പ്രയാസമാണ്. ബാണാസുര, കാരാപ്പുഴ പദ്ധതി പ്രദേശത്തേക്കാള്‍ 2 മീറ്റര്‍ വരെ താഴ്ചയിലാന്ന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശം. ഇതിനൊക്കെ പുറമെ ചെക്കു ഡാമുകള്‍, കുളങ്ങള്‍, കബനിയില്‍ നിന്നും ലിഫ്റ്റ് ഇറിഗേഷന്‍, ഇവയൊക്കെ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് സാദ്ധ്യമാക്കാവുന്നതാണ്. അഞ്ച് കോടി രൂപാ അടങ്കലില്‍ 1974 ല്‍ ഉദ്ഘാടനം ചെയ്ത കാരാപ്പുഴ പദ്ധതി 500 കോടി ചിലവഴിച്ചു കഴിഞ്ഞിട്ടും 50 വര്‍ഷത്തിന് ശേഷവും കമ്മീഷന് ചെയ്യാതെ ഇപ്പൊഴും കോടികള്‍ ചിലവഴിക്കുന്നതിന് ഉത്തരവാദിത്വം സര്‍ക്കാരിനാണ്.
പുല്‍പ്പള്ളി പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ഒരിക്കലും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടില്ല. വന്യജീവികേന്ദ്രങ്ങളുടെ ചുറ്റും പ്രാദേശിക ജനതയുടെ സമ്മതത്തോടെ പരിസ്ഥിതി ലോല മേഖലയാക്കണമെന്നാണ് സമിതിയുടെ നിലപാടെന്നും ഭാരവാഹികള്‍ പറഞ്ഞു.
കര്‍ഷക രോഷത്തെ ഏതു വിധേനയും അപകീര്‍ത്തിപ്പെടുത്തുന്ന ഇടതുമുന്നണിയുടെ കപടതന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്നും സമിതി ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രകൃതി സംരക്ഷണ സമിതി അധ്യക്ഷന്‍ എന്‍. ബാദുഷ അദ്ധ്യക്ഷത വഹിച്ചു. തോമസ്സ് അമ്പലവയല്‍, സണ്ണി മരക്കടവ്, എം.ഗംഗാധരന്, ബാബു മൈലമ്പാടി, സി.എ. ഗോപാലകൃഷ്ണന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: