Categories: India

51000 ബൂത്ത് പ്രസിഡന്റുമാര്‍; ഒരു ലക്ഷം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; രാജസ്ഥാനില്‍ മുന്നേറാന്‍ ബിജെപി

ഐടി സെല്‍ ഒരു ലക്ഷത്തിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ വിജയതന്ത്രമൊരുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Published by

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സാങ്കേതിക വിദ്യയും ആശയവിനിമയവും ബൂത്ത് മാനേജ്മെന്റും മന്ത്രമാക്കിയാണ് പ്രവര്‍ത്തനം നടക്കുന്നത്. ഐടി സെല്‍ ഒരു ലക്ഷത്തിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ വിജയതന്ത്രമൊരുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ പാര്‍ട്ടി ഈ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തീയതി പ്രഖ്യാപിച്ച ഉടന്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയും പുറത്തിറക്കി. പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലും ബിജെപി ഏറെ മുന്നിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ജയ്പൂര്‍, ചിത്തോര്‍ഗഡ്, ജോധ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം വാടസ്ആപ്പ് ഗ്രൂപ്പുകളിലൂടെ കേന്ദ്രത്തിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ അഴിമതികളും പാളിച്ചകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഐടി സെല്ലും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ബിജെപി 51,000 ഫോട്ടോ ബൂത്ത് പ്രസിഡന്റുമാരെ നിയമിച്ചു. ഫോട്ടോ സഹിതം ബൂത്ത് പ്രസിഡന്റാക്കാനുള്ള രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ബിജെപിയുടെ കോള്‍ സെന്ററുകളിലൂടെ അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഈ ബൂത്ത് പ്രസിഡന്റ് പരമാവധി വോട്ട് നേടാന്‍ ശ്രമിക്കും.

സാധാരണക്കാരുമായി ആശയവിനിമയം നടത്താനുള്ള പുതിയ പരീക്ഷണമാണ് ഇത്തവണ ബിജെപി നടത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും അയച്ചു. ഇതോടൊപ്പം പ്രധാനമന്ത്രി മുതല്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വരെ രാജസ്ഥാനില്‍ എത്തിത്തുടങ്ങി. 200 നിയമസഭാ മണ്ഡലങ്ങളിലെത്തി സാധാരണക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന ‘അപ്‌നാ രാജസ്ഥാന്‍’ എന്ന പേരില്‍ നിര്‍ദേശങ്ങള്‍ക്കായി 51 രഥങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. പൊതുസമ്പര്‍ക്കത്തിന്റെ പ്രത്യേക സംവിധാനമാണിത്. ഭരണം പിടിച്ചെടുക്കുന്നതിനുള്ള ശക്തവും ചിട്ടയായിട്ടുള്ളതുമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by