കൊച്ചി: പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പോലീസ് ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ എന്തുതരം സേവനമാണ് നല്‍കുന്നതെന്ന് അപേക്ഷ നല്‍കുന്നവരെ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും ഫീസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ആള് ഇന്ത്യ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഇടക്കാല ഉത്തരവു നല്‍കിയത്.
സാധാരണഗതിയില്‍ എന്തെങ്കിലും സേവനം നല്‍കുമ്പോഴാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്. സപ്തംബര്‍ പത്തിലെ ഉത്തരവില്‍ എന്തു സേവനങ്ങള്‍ക്കാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹര്‍ജി പിന്നീടു പരിഗണിക്കാനായി മാറ്റി. അതുവരെ ഇത്തരത്തില്‍ ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ നല്കുന്ന സേവനങ്ങളെന്തൊക്കെ എന്ന് പോലീസ് വിശദീകരിക്കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: