തിരുവനന്തപുരം: ആനപ്പുറത്ത് സരസ്വതി ദേവിയും വെള്ളിക്കുതിരമേലേറി കുമാരസ്വാമിയും പല്ലക്കില്‍ മുന്നൂറ്റിനങ്കയും നവരാത്രി പൂജകള്‍ക്കായി പത്മനാഭ സന്നിധിയിലെത്തി. ഉടവാളിനൊപ്പം സരസ്വതി വിഗ്രഹത്തെ പത്മതീര്‍ഥക്കരയിലെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജക്കിരുത്തി. ഇതോടെ നവരാത്രി ആഘോഷങ്ങള്‍ക്കും തുടക്കമായി.
പത്മനാഭപുരം കൊട്ടാരത്തിലെ തേവരക്കെട്ടില്നിന്ന് സരസ്വതി ദേവി, വേളിമലയിലെ കുമാരസ്വാമി, ശുചീന്ദ്രം ക്ഷേത്രത്തില്‍നിന്ന് മുന്നൂറ്റിനങ്ക എന്നിവരുടെ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി പോലീസ് അകമ്പടിയോടെ അനന്തപുരിയില്‍ എത്തിച്ചത്. വിഗ്രഹങ്ങള്‍ക്ക് അനന്തപുരിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണമാണ് ഒരുക്കിയത്.
വൈകുന്നേരം 4 മണിയോടെയാണ് കരമന ആവടയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി വിഗ്രഹങ്ങള്‍ എത്തിച്ചേര്‍ന്നത്. കരമനയില്‍ വിഗ്രഹഘോഷയാത്രയെ കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.അനന്തഗോപന്റെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ജി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, മഞ്ജു ജി.എസ്., ശ്രീദേവി, മഞ്ജു പി.വി., ആശാനാഥ് തുടങ്ങിയവരും വിഗ്രഹങ്ങള്‍ക്ക് അകമ്പടി സേവിച്ചു. പൂജയും അഭിഷേകവും കഴിഞ്ഞ് ആറ് മണിയോടെ കരമന ക്ഷേത്രത്തില്‍നിന്ന് തിരിച്ച ഘോഷയാത്രയ്ക്ക് ഓട്ടോ ഡ്രൈവേഴ്സ് മസ്ദൂര്‍ സംഘം യൂണിറ്റ് പ്രസിഡന്റ് ജഗദീഷ് കുമാറിന്റെ നേതൃത്വത്തില്‍ കരമന ഓട്ടോസ്റ്റാന്റിലെ തൊഴിലാളികള്‍ സ്വീകരണം നല്കി.
തുടര്‍ന്ന് വഴിനീളെ തട്ടം നിവേദ്യംവച്ച് ജനങ്ങള്‍ നവരാത്രി വിഗ്രഹങ്ങളെ സ്വീകരിച്ചു. ചെറിയ ചാറ്റല്‍മഴ പെയ്തെങ്കിലും ജനം അതൊന്നും വകവയ്ക്കാതെ ഘോഷയാത്രയെ വരവേറ്റു. കിള്ളിപ്പാലത്ത് നവരാത്രി ആഘോഷ ട്രസ്റ്റ് ചെയര്മാന് ജി. മാണിക്കം, പ്രസിഡന്റ് അനന്തപുരി മണികണ്ഠന്, സെക്രട്ടറി എസ്.ആര്. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്കി. കിള്ളിപ്പാലം, ആര്യശാല, ചാല, കിഴക്കേകോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ഘോഷയാത്രയെ വരവേല്‍ക്കാന്‍ ഭക്തര്‍ ഒരുക്കിയിരുന്നത്. തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ നവരാത്രി മണ്ഡപത്തില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ രാജകുടുംബങ്ങളും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ന് ആരംഭിക്കുന്ന നവരാത്രി പൂജയ്ക്ക് 24 ന് സമാപനമാകും. ചരിത്രസ്മാരകമായ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സംഗീതോത്സവത്തിനും ഇന്ന് തുടക്കമാകും. മഹാനവമി ദിവസമായ ഒക്ടോബര്‍ 23 വരെ ദിവസവും വൈകീട്ട് 6 മുതല്‍ രാത്രി 8.30 വരെയാണ് കച്ചേരി. നവരാത്രി വ്രതാരംഭത്തിനു തുടക്കമാകുന്നതോടെ വിഗ്രഹദര്‍ശനത്തിനും പൂജകള്‍ക്കും തിരക്കേറും. സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരണങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: