കൊച്ചി: പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പൊലീസ് ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ എന്തുതരം സേവനമാണ് നല്‍കുന്നതെന്ന് അപേക്ഷകരെ അറിയിക്കണമെന്ന് ഹൈക്കോടതി. ഫീസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഓള് ഇന്ത്യ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്ന സംഘടന നല്കിയ ഹരജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതാണ് ഇടക്കാല ഉത്തരവ്.
സാധാരണഗതിയില്‍ എന്തെങ്കിലും സേവനം നല്‍കുമ്പോഴാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ പത്തിലെ ഉത്തരവില്‍ എന്ത് സേവനങ്ങള്‍ക്കാണ് ഫീസെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശദീകരണത്തിന് സര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. അതുവരെ ഇത്തരത്തില്‍ ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ നല്കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് പൊലീസ് വിശദീകരിക്കണമെന്നാണ് നിര്‍ദേശം.
ഫീസ് ഏര്‍പ്പെടുത്തുന്നത് സമാധാനപരമായി ഘോഷയാത്ര നടത്താന്‍ ഭരണഘടന നല്കുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.
വിഷയം ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഫീസ് ഏര്‍പ്പെടുത്തിയ ഉത്തരവ് നടപ്പാക്കുന്നത് ഡി.ജി.പി നേരത്തേ മരവിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: