തൃശൂര്‍: പുഷ്പഗിരി അഗ്രഹാര വീഥികളെ ഭക്തിനിര്ഭരമാക്കികൊണ്ട് ഒരിക്കല്‍കൂടി സമൂഹബൊമ്മക്കൊലു ഒരുങ്ങി. യുവജനമനസ്സുകളില് പുരാണ-ഇതിഹാസ സന്ദേശങ്ങള്‍ എത്തിക്കുവാനുദ്ദേശിച്ച് 25 വര്‍ഷം മുമ്പ് രൂപം നല്കിയ സമൂഹ ബൊമ്മക്കൊലു എന്ന ആശയത്തിന് വന്‍ പ്രചാരമാണ് ജില്ലയിടുനീളം ഇതിനകം ലഭിച്ചത്.
നവരാത്രികാലങ്ങളില്‍ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കുന്നത് പതിവായിരുന്നു. എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായി അണുകുടുംബങ്ങളായതും മറ്റു ചില പ്രായോഗിക കാരണങ്ങളാലും ‘ബൊമ്മക്കൊലു’ ഒരുക്കുന്നത് നന്നെ കുറഞ്ഞുവന്നു. ഈ സംസ്കാരം വീണ്ടും എത്തിക്കുക എന്ന ഉദ്ദേശവും സമൂഹ ബൊമ്മക്കൊലു സംഘാടകരായ കേരള ബ്രാഹ്മണ സഭ ഭാരവാഹികള്‍ക്കുണ്ടായിരുന്നു.
സമൂഹ ബൊമ്മക്കൊലു പ്രദര്‍ശനം ഇന്ന് തുടങ്ങി വിജയദശമി വരെ തുടരും.
വൈകീട്ട് 5.30 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശന സമയം. ബഹുനില റാക്കില്‍ പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും അനശ്വര മുഹൂര്‍ത്തങ്ങളും അവതാരങ്ങളും പുണ്യപുരുഷന്മാരുമാണ് ബൊമ്മകളില്‍ പുനര്‍ജ്ജനിച്ചത്.
നവരാത്രി നാളുകളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ബൊമ്മക്കൊലു ദര്‍ശിക്കുവാന്‍ പുഷ്പഗിരിയില്‍ എത്തിച്ചേരാറുള്ളത്. സ്കൂളുകളില്‍നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും എത്താറുണ്ട്.
പതിവിലും പതിന്മടങ്ങ് പുതുമകളോടെയാണ് ഇക്കൊല്ലം പുഷ്പഗിരിയില്‍ ബൊമ്മക്കൊലു അണിയിച്ചൊരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: