തൃക്കരിപ്പൂര്‍: പടന്ന കടപ്പുറം ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനായ ബാബു മാസ്റ്ററെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് പത്ത് മാസം കഴിഞ്ഞിട്ടും ഒരു തെളിവും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. വീട്ടമ്മയായ ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഇന്ന് കണ്ണീര് വാര്‍ത്ത് കഴിയുന്നത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നൊമ്പര കാഴ്ച്ചയായി മാറിയിരിക്കുകയാണ്.
ചന്തേര സിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘം എന്തെങ്കിലും തുമ്പിനായി വിവിധ സ്ഥലങ്ങളില്‍ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. സംഭവം നടന്നിട്ട് മാസം പത്തായിട്ടും ഒരു തുമ്പും കിട്ടാത്തത് ദുരൂഹത നിലനില്ക്കാനിടയായതല്ലാതെ മറ്റൊന്നും നടന്നില്ല. 2022 ഡിസംബര്‍ 11 ന് ഉച്ചയോടെ സ്കൂളില്‍ ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് ഈ ഇംഗ്ലീഷ് അദ്ധ്യാപകനെ കാണാതാകുന്നത്.
ഒരു ഫോണ്‍ കോളിന് ശേഷമാണ് ഇദ്ദേഹം സ്കൂളില്‍ നിന്ന് അപ്രത്യക്ഷനാകുന്നത്. ഇത് ദുരൂഹതക്കിടയാക്കി.പരീക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് സ്കൂളില്‍ എത്തിയതായിരുന്നു അദ്ദേഹം. ബൈക് സ്കൂളിലെ പാര്‍കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബാബു മാസ്റ്റരുടെ രണ്ട് ഫോണുകളും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കും സഹഅധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഏറെ പ്രിയപ്പെട്ട മാതൃകാ അധ്യാപകന് ആയിരുന്ന ബാബുമാസ്റ്റര്‍. സംഭവത്തെ തുടര്‍ന്ന് വിവരം പോലീസില്‍ എത്തുന്ന മുറക്ക് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ചന്തേര സിഐയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം തെരച്ചിലും ആരംഭിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.
ആന്ധ്ര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ പോയ അന്വേഷണ സംഘം നിരാശയോടെയാണ് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ആന്ധ്രപ്രദേശില്‍ അദ്ധ്യാപകനായി ജോലി ചെയ്തിതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആന്ധ്രയിലേക്ക് പോയത്. കണ്ണെങ്കൈ ഗ്രാമീണ വായനശാല വൈസ് പ്രസിഡന്റും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടലുകള്‍ നടത്തിയിരുന്ന ഇദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് നല്ലത് മാത്രമേ പറയാനുള്ളൂ. ഇന്നുവരും നാളെ വരും എന്ന പ്രതീക്ഷയില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ ഈ അദ്ധ്യാപന്റെ തിരോധാനം ഉത്തരം കിട്ടാത്ത ചോദ്യമായി ഉയര്‍ന്നുവന്നിരിക്കെ കുടുംബത്തെ സഹായിക്കാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ചെയര്‍മാനും ബ്ലോക് പഞ്ചായത്ത് മെമ്പര്‍ കെ.അനില്‍കുമാര്‍ ജനറല്‍ കണ്‍വീനറും വിവി വിജയന് ട്രഷറുമായ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: