കോട്ടയം: കാരുണ്യ ആരോഗ്യ ചിത്സ പദ്ധതി വഴി രോഗങ്ങളോട് പൊരുതി നിന്നവർ ഇപ്പോൾ ചികിത്സാ ധനമില്ലാതെ നരകിക്കുന്ന സാഹചര്യത്തിലാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എന്‍. ഹരി. കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയോളജി ഉൾപ്പെടെയുള്ള വിവിധ ഡിപ്പാർട്ടുമെന്‍റുകളിൽ സർജറിക്കും മറ്റു ചികിത്സകൾക്കുമായി എത്തി ഒടുവിൽ സർക്കാർ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ നിരവധി രോഗികളെയും നിർധനരെയും കാണാന്‍ പറ്റിയെന്നും ഹരി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോര്ജും സർക്കാർ ആശുപത്രികളുടെ അറ്റകുറ്റ പണികൾ മാത്രം ചെയ്ത് ഉദ്ഘാടന മാമാങ്കം നടത്തുന്ന തിരക്കിലാണ്. സംസ്ഥാനത്തെ സർക്കാർ ആശുപതികളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ജീവൻ രക്ഷാ ഉപാധികൾ കാര്യക്ഷമമാക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്’ ആശുപത്രികളിൽ നടത്തുന്ന സന്ദർശന പ്രഹസനം അവസാനിപ്പിക്കേണ്ടതാണ്. – ഹരി ആവശ്യപ്പെട്ടു.
ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കരുണ്ണ്യ വഴി ചികിത്സ ഉണ്ടാകില്ലന്നും ആശുപത്രികൾ അറിയിച്ചിട്ടും അതിനോട് ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിലപാട് സംസ്ഥാനത്തെ 64 ലക്ഷത്തോളം വരുന്ന രോഗികളോടും ഗുണഭോക്താക്കളോടുമുള്ള വെല്ലുവിളിയാണ്.- അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ സർജറികൾ കാത്തു കഴിയുന്ന ആയിരക്കണക്കിന് രോഗികൾ സർജിക്കൽ ഉപകരണങ്ങളുടെ ലഭ്യകുറവും സംസ്ഥാന സർക്കാരിന്റെ ചികിത്സാ നിഷേധവും മൂലം മരണത്തോട് മല്ലടിക്കുന്ന സാഹചര്യത്തിലാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒന്നും ആവശ്യമരുന്നുകളോ സർജിക്കൽ ഉപകാരണങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. – ഹരി അഭിപ്രായപ്പെട്ടു.
വിവിധ ചികിത്സാ പദ്ധതികളുടെ ഭാഗമായി 300 കോടിയോളം രൂപ ആശുപത്രികൾക്ക് കൊടുക്കാനുള്ള സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് രോഗികളെ നോക്ക് കുത്തിയാക്കി മരണത്തിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്നത്. – ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: