പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപ പിഴയിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആര്‍ബിഐ വ്യക്തമാക്കി. ബാങ്കിംഗ് റഗുലേഷന് നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്.
റഗുലേറ്ററി നിയമപ്രകാരമുള്ള നടപടികള്‍ പാലിക്കുന്നതിലെ പോരായ്മ മൂലമാണ് നടപടി സ്വീകരിച്ചതെന്നും ബാങ്കിന്റെ ഇടപാടുകളെയോ കരാറുകളെയോ ഇത് ബാധിക്കുകയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പേടിഎമ്മിന് വീഴ്ച സംഭവിച്ചതാണ് ശിക്ഷാ നടപടിയ്ക്ക് കാരണമായത്. കെവൈസിയുമായി ബന്ധപ്പെട്ട് പ്രത്യേക ഓഡിറ്റ് പേടിഎം പെയ്മെന്റ് ബാങ്കില്‍ നടത്തിയിരുന്നു. ഇതില്‍ പിഴവുകള്‍ കണ്ടെത്തിയതിനാലാണ് പിഴ ചുമത്തിയതെന്ന് ആര്‍ബിഐ വ്യക്തമാക്കി.
രാജ്യത്തിന് പുറത്ത് നിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്നും കണക്ഷനുകള്‍ തടയുന്നതിന് പേടിഎമ്മിന് വീഴ്ച സംഭവിച്ചതായി ആര്‍ബിഐ കണ്ടെത്തിയിരുന്നു.
പേടിഎമ്മിന്റെ വീഡിയോ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ പ്രോസസിലാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഐപി കണക്ഷനുകള്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: