കണ്ണൂര്‍: കൂത്തുപറമ്പ് നഗരത്തിനടുത്ത് ആറാം മൈലില്‍ ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണം. ആറാംമൈലില്‍ ബസിടിച്ച് ഓട്ടോയ്ക്ക് തീ പിടിച്ചാണ് രണ്ടു പേര് അതിദാരുണമായി വെന്തുമരിച്ചത്. പാറാട് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അഭിലാഷ് കൂടെയുണ്ടായിരുന്ന സജീഷ് എന്നിവരാണ് മരണപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബസിനിടിച്ച് ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപ്പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഒരാള്‍ മരണപെട്ടു. മറ്റൊരാളെ കൂത്തുപറമ്പിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.
കൂത്തുപറമ്പില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങള്‍ പിന്നീട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തലശേരി ജനറല്‍ആശുപത്രി ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂരിനെ നടുക്കിയ അപകടമാണ് നടന്നത്. മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപത്തു നിന്ന് കാറിന് തീപിടിച്ച് ദമ്പതികളായ രണ്ടു പേര് വെന്തുമരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുന്പെയാണ് മറ്റൊരു അപകടം കൂടി നടന്നത്.
സ്ഥലത്ത് പൊലിസും ഫയര്‍ഫോഴ്സും ക്യാംപ് ചെയ്യുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ഈറൂട്ടില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. തീപിടിത്തത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഓട്ടോറിക്ഷയുടെ ടാങ്കിന് തീപിടിച്ചാണ് തീആളിപടര്ന്നതെന്നാണ് പൊലിസ് പറയുന്നത്. തീ ആളിപടര്‍ന്നതിനാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. അപ്പോഴെക്കും അതിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: