ന്യൂദല്‍ഹി: നിര്‍മ്മല്‍ സിങ്ങും ഭാര്യ പരംജീത് കൗറും തമ്മിലുള്ള 21 വര്‍ഷത്തെ വിവാഹജീവിതം താളം തെറ്റിയത് 1984ല്‍ ആണ്. അന്ന് പരംജിത് സിങ്ങിന്റെ പ്രായം 62. അല്പം മുന്‍കോപക്കാരനായ പരംജിത് സിങ്ങ് നേരെ വിവാഹമോചനത്തിന് കോടതിയിലെത്തി. പക്ഷെ വിവിഹമോചനം തേടിയുള്ള ആ അലച്ചില്‍ 27 വര്‍ഷം നീണ്ടു. ഡോക്ടറും എയര്‍ഫോഴ്സ് ഓഫീസറുമാണ് നിര്‍മ്മല്‍ സിങ്ങ് പനേസര്‍.
നിരവധി കോടതികള്‍ കയറിയിറങ്ങി. ഒടുവില്‍ നിര്‍മ്മല്‍ സിങ്ങിന് 89 വയസ്സായപ്പോള്‍ കേസ് സുപ്രിംകോടതിയില്‍ എത്തി. പക്ഷെ അന്തിമവിധി നിര്‍മ്മല്‍ സിങ്ങിനെ തളര്‍ത്തുന്നതും ഭാരതീയ വിവാഹസങ്കല്പത്തിന്റെ പവിത്രതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. ഒരിയ്ക്കലും തിരിച്ചുചെല്ലാന്‍ കഴിയാത്ത വിധം തകര്‍ന്ന ദാമ്പത്യബന്ധം എന്ന കാരണം പറഞ്ഞ് വിവാഹമോചനം അനുവദിക്കുന്ന ഭരണഘടനയിലെ 142ാം വകുപ്പ് ഇക്കാര്യത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. “ഭാരതീയ സമൂഹത്തില്‍ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവും ഭാര്യാ – ഭര്ത്താക്കന്മാര്ക്കിടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണെന്നായിരുന്നു സുപ്രീംകോടതി വ്യാഴാഴ്ച വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം. ത്രിവേദിയും അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭാര്യ പരംജിത് കൗറിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി. പരംജിത് കൗറിന് ഇപ്പോള്‍ 82 വയസുണ്ട്. 27 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. ഇനിയുള്ള കാലം താന്‍ നിര്‍മ്മല്‍ സിങ്ങിനെ വാര്‍ധക്യകാലത്ത് ശുശ്രൂഷിക്കാമെന്നും വിവാഹമോചിതയായി മരിയ്ക്കേണ്ടി വരരുതെന്നുമുള്ള പരംജിത് കൗറിന് അപേക്ഷ സുപ്രീംകോടതി സ്വീകരിക്കുകയായിരുന്നു. അങ്ങിനെയാണ് നിര്‍മ്മല്‍ ജിത് സിങ്ങിന്റെ വിവാഹമോചന ഹര്‍ജി തള്ളിയത്. പരിശുദ്ധമായ തങ്ങളുടെ വൈവാഹികബന്ധത്തോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും ഭര്‍ത്താവിനെ വാര്‍ധക്യ കാലത്ത് പരിചരിക്കാന്‍ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളും ഉണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും.
ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു നിര്‍മ്മല്‍ സിങ്ങ്. 1984ല്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടി. എന്നാല്‍ ഭാര്യ പരംജിത് കൗര്‍ കൂടെ പോകാന്‍ തയ്യാറായില്ല. സെന്‍ട്രല്‍ സ്കൂളിലെ അധ്യാപികയായിരുന്നു ഭാര്യ പരംജിത് കൗര്‍. ഇതോടെ ആരംഭിച്ച പ്രശ്നങ്ങള്‍ ഒടുവില്‍ 1996ല്‍ വിവാഹ മോചന ഹര്‍ജി നല്കുന്നതിലേക്ക് നിര്‍മ്മല്‍ സിങ്ങിനെ നയിച്ചു. 2000ല്‍ ചണ്ഡീഗഡിലെ ജില്ലാ കോടതി വിവാഹ മോചനം അനുവദിച്ചു. എന്നാല്‍ ഭാര്യ പരംജീത് കൗര്‍ നല്കിയ അപ്പീലില്‍ ആ വര്‍ഷം തന്നെ വിധി റദ്ദാക്കി. വിവിധ കോടതികള്‍ താണ്ടി കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞു.
അതേ സമയം ഈ കേസിന്റെ വിധി സമൂഹമാധ്യമങ്ങളില്‍ വേറെ രീതിയിലാണ് ചര്‍ച്ചയായത്. വിവാഹമോചനം പോലുള്ള കേസുകള്‍ തീര്‍പ്പാവാന്‍ കോടതികള്‍ എടുക്കുന്ന കാലാതാമസമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവിഷയമായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കോടതികളില്‍ 43.2 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. വിവാഹം മോചനം അനുവദിക്കുന്നതില്‍ കോടതികള്‍ ഇടുങ്ങിയ സമീപനം സ്വീകരിക്കുന്നു എന്നും പലരും വിമര്‍ശനം ഉയര്‍ത്തി. ക്രൂരതയോ അക്രമങ്ങളോ സാമ്പത്തികമായ തര്‍ക്കങ്ങളോ ഇല്ലാതെ കോടതികള്‍ വിവാഹമോചനം അനുവദിക്കില്ലെന്ന് വരുന്നത് ദുരിതമാണെന്നും ചിലര്‍ പ്രതികരിച്ചു. അതേ സമയം പവിത്രമായ വിവാഹബന്ധത്തെ ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതിയെ പലരും പ്രശംസിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: