Categories: Cricket

ഓസീസിനെയും തകര്‍ത്ത് ദക്ഷിണാഫ്രിക്ക; വിജയം 134 റണ്‍സിന്

Published by

ലഖ്‌നൗ: ഓസ്‌ട്രേലിയയെയും തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ കുതിപ്പ. ഇന്നലെ നടന്ന മത്സരത്തില്‍ 134 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവില്‍ 7 വിക്കറ്റ് ന്ഷ്ടത്തില്‍ 311 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഓസീസിന്റെ മറുപടി ഇന്നിങ്‌സ് 40.5 ഓവറില്‍ 177 റണ്‍സിന് അവസാനിച്ചു.

ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം വിജയവും ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്. കഴിഞ്ഞ കളിയില്‍ ഓസ്‌ട്രേലിയ ഭാരതത്തോട് പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ കളിയില്‍ ശ്രീലങ്കയെ 102 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.

ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. 106 പന്തുകള്‍ നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറുമടക്കം 109 റണ്‍സെടുത്ത ഡിക്കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. എയ്ഡന്‍ മാര്‍ക്രം 56ഉം ബാവുമ 35ഉം ക്ലാസന്‍ 29ഉം യാന്‍സെന്‍ 26ഉം റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയക്ക് കരുത്ത് പകര്‍ന്നു.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ മര്‍നസ് ലാബുഷെയ്‌ന് (46) ഒഴികെ ആര്‍ക്കും പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

മിച്ചല്‍ മാര്‍ഷ് (7), ഡേവിഡ് വാര്‍ണര്‍ (13), സ്റ്റീവ് സ്മിത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെന്‍ മാക്സ്വെല്‍ (3), മാര്‍ക്കസ് സ്റ്റോയ്നിസ് (5) തുടങ്ങി ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിര പൊരുതാന്‍ പോലും നില്‍ക്കാതെ പവലിയനിലേക്ക് മടങ്ങി. ഒരുഘട്ടത്തില്‍ ആറിന് 70 റണ്‍സ് എന്ന നിലയില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റില്‍ ലബുഷെയ്ന്‍ കൂട്ടിച്ചേര്‍ത്ത 69 റണ്‍സാണ് ഓസീസ് സ്‌കോര്‍ മാന്യമായ നിലയിലെത്തിച്ചത്. 51 പന്തുകള്‍ നേരിട്ട സ്റ്റാര്‍ക്ക് 27 റണ്‍സെടുത്ത് പുറത്തായി. 21 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തോല്‍വി ഭാരം അല്‍പം കുറച്ചു. ആദം സാംപ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ ഡി കോക്കും ബാവുമയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 19.4 ഓവറില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 55 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ബവുമയെ ഗ്ലെന്‍ മാക്സ്വെല്‍ പുറത്താക്കുകയായിരുന്നു. വെറും രണ്ട് ബൗണ്ടറി മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. പിന്നാലെ റാസ്സി വാന്‍ഡെര്‍ ഡസനെ കൂട്ടുപിടിച്ച് ഡിക്കോക്ക് സ്‌കോര്‍ 150 കടത്തി. 30 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡസന്‍ 29-ാം ഓവറില്‍ ആദം സാംപയെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.

തുടര്‍ന്നെത്തിയ എയ്ഡന്‍ മാര്‍ക്രവും മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ ഡി കോക്ക് 90 പന്തില്‍ ശതകം പൂര്‍ത്തിയാക്കി. 35-ാം ഓവറില്‍ ഡിക്കോക്ക് മടങ്ങിയെങ്കിലും നാലാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് മാര്‍ക്രം 66 റണ്‍സ് പ്രോട്ടീസ് സ്‌കോറിലേക്ക് ചേര്‍ത്തു. 44 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 56 റണ്‍സെടുത്താണ് മാര്‍ക്രം മടങ്ങിയത്. 27 പന്തുകള്‍ നേരിട്ട ക്ലാസന്‍ 29 റണ്‍സെടുത്ത് പുറത്തായി.

അവസാന ഓവറുകളില്‍ ഒന്നിച്ച ഡേവിഡ് മില്ലര്‍-മാര്‍ക്കോ യാന്‍സന്‍ സഖ്യമാണ് പ്രോട്ടീസ് സ്‌കോര്‍ 300 കടത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. യാന്‍സന്‍ 22 പന്തില്‍ നിന്ന് 26 റണ്‍സെടുത്തപ്പോള്‍ മില്ലര്‍ 13 പന്തില്‍ നിന്ന് 17 റണ്‍സെടുത്തു. ഓസീസ് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും ദക്ഷിണാഫ്രിക്കയെ തുണച്ചു. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും മാക്‌സ്‌വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കാണ് മാന്‍ ഓഫ് ദി മാച്ച്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by