ഭോപാല്‍: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
തെരഞ്ഞെടുപ്പിന് വോട്ട് ചോദിച്ച് മധ്യപ്രദേശില്‍ എത്തുന്നതിന് മുമ്പ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ വാദ്ര ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്ന് ശിവരാജ് സിങ് ചൗഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് ആദ്യം പറയണം. ജനങ്ങള്‍ക്കൊപ്പമോ ഭീകരര്‍ക്കൊപ്പമോ. എന്തായാലും ദിഗ്വിജയ് സിങ് ഭീകരര്‍ക്കൊപ്പമാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. കോണ്‍ഗ്രസ് നിലപാടെന്താണെന്നാണ് ഇനി അറിയേണ്ടത്, ശിവരാജ് പറഞ്ഞു.
രാജ്യത്താകെ ഭീകരാക്രമണം നടത്താന്‍ പണം സ്വരൂപിക്കുകയും ഭീകരപരിശീലനം നടത്തുകയും ചെയ്തതിന്റെ എല്ലാ തെളിവുകളോടെയുമാണ് പിഎഫ്‌ഐയെ നിരോധിച്ചത്. എന്നിട്ടും ദിഗ്വിജയ് സിങ്ങിന് അത് ബോധ്യം വരുന്നില്ല. അദ്ദേഹം അവരെ ന്യായീകരിക്കുകയും പുകഴ്‌ത്തുകയുമാണ്.
വോട്ട് പിടിക്കാന്‍ പ്രിയങ്ക വരുന്നുവെന്ന് പറയുന്നു. അപ്പോഴെങ്കിലും കാര്യം പറയണം. ജനങ്ങള്‍ എന്ത് വിശ്വസിച്ചാണ് നിങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടത്?, ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു.
മാണ്ഡ്‌ലയില്‍ പ്രിയങ്കയ്‌ക്ക് തെരഞ്ഞെടുപ്പ് പരിപാടിയുണ്ട്. അവിടെ ബൈഗ, ഭാരിയ, സെഹരിയ ഗോത്രവിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാസം ആയിരം രൂപ ധനസഹായം നല്കിയിരുന്ന നടപടി നിര്‍ത്തലാക്കിയത് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴാണ്.
എന്തുകൊണ്ടാണങ്ങനെ ചെയ്തതെന്ന് പ്രിയങ്ക വ്യക്തമാക്കണം. ഗോത്രവിഭാഗത്തിലെ സഹോദരിമാര്‍ ഈ ചോദ്യത്തിന് ഉത്തരം ആഗ്രഹിക്കുന്നുണ്ട്. 2017ല്‍ ബിജെപി സര്‍ക്കാരാണ് ഈ സഹായ പദ്ധതി ആരംഭിച്ചത്. കമല്‍നാഥ് എന്തിനാണത് നിര്‍ത്തിയത്. കോണ്‍ഗ്രസിനോട് ഗോത്രജനത എന്ത് തെറ്റാണ് ചെയ്തത്? അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: