കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന എല്ലാ തട്ടിപ്പുകളും സഹകരണ വകുപ്പ് അധികൃതരുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തൃശ്ശൂരിലെ സഹകരണ ബാങ്ക് പൊളിഞ്ഞാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് എന്താണ് നഷ്ടമെന്ന് ചോദിച്ച സഹകരണ മന്ത്രിയാണ് ഇവിടെയുള്ളത്. എല്ലാ ക്രമക്കേടുകള്‍ക്കും സഹകരണ മന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ നൂറുകണക്കിന് സഹകരണ ബാങ്കുകളില്‍ കൊള്ള നടന്നിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ മുച്ചൂടും തകര്‍ത്തിട്ട്, വീണ്ടും വീണ്ടും സഹകാരികളെ വഞ്ചിക്കുന്ന പ്രസ്താവനയാണ് മന്ത്രി വി.എന്‍. വാസവന് നടത്തുന്നത്. സഹകാരികളെ രക്ഷിക്കാനല്ല, സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് ഇടത്, വലത് മുന്നണികളുടെ ശ്രമം. കേരളത്തിലെ മുഴുവന്‍ സഹകാരികളെയും സംഘടിപ്പിച്ച് ബിജെപി സഹകരണ സംരക്ഷണ സമ്മേളനം നടത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.
റബ്കോയുടെ മറവില്‍ വലിയ കൊള്ളയാണ് നടന്നിരിക്കുന്നത്. റബ്കോയെ സഹായിക്കാനായി കരുവന്നൂര്‍ ബാങ്ക് നല്കിയ 9.79 കോടി രൂപ സിപിഎം നേതാക്കളുടെ കീശയിലേക്കാണ് പോയത്. കോടികളുടെ തട്ടിപ്പ് നടത്തുന്നതിനിടയില്‍ റബ്കോയില്‍ നിന്നും കിട്ടാനുള്ള പണം ബാങ്ക് അധികൃതര്‍ മറന്നുപോയി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സര്‍ക്കാര്‍ സുരേഷ് ഗോപിക്കെതിരെ കള്ളക്കേസ് എടുത്തത്. സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തില്‍നിന്ന് ബിജെപി പിന്മാറില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: