കൊച്ചി: കൊലപാതകക്കേസില്‍ പ്രതിയായ ബംഗാള്‍ സ്വദേശിയുടെ മൊഴി ദ്വിഭാഷിയുടെ സഹായത്തോടെ മലയാളത്തിലേക്ക് മാറ്റി രേഖപ്പെടുത്തിയത് തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി പ്രതിയെ വെറുതേ വിട്ടു.
ബംഗാള്‍ സ്വദേശി പ്രദീപ് റോയിയെ കൊലപ്പെടുത്തിയ കേസില്‍ സനത് റോയിക്ക് തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ച തടവുശിക്ഷയാണ് അപ്പീലില്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. വിചാരണ വേളയില്‍ ദ്വിഭാഷിയെ വിസ്തരിച്ചില്ലെന്നതും ഡിവിഷന്‍ബെഞ്ച് കണക്കിലെടുത്തു.
കുന്നംകുളം ആലിന്തൈയില് ഹോളോബ്രിക്സ് സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന പ്രദീപ് 2012 മാര്‍ച്ച് 11നാണ് കൊല്ലപ്പെട്ടത്. പ്രദീപിന്റെ പരിചയക്കാരനായ സനത് റോയി പണം തട്ടിയെടുക്കാന്‍ കൊലനടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തിയിരുന്നത്. പ്രദീപി
ന്റെ പേഴ്സ്, മൊബൈല്‍, കൊലനടത്താനുപയോഗിച്ച ആയുധം തുടങ്ങിയവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രദീപിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സനത് മൊഴിയും നല്കി.
ബംഗാളി ഭാഷയറിയാവുന്ന ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. സനത് റോയി നല്കിയ മൊഴി ഈ ഉദ്യോഗസ്ഥനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഈ മൊഴിയടക്കം കണക്കിലെടുത്താണ് തൃശ്ശൂര്‍ അഡി. സെഷന്‍സ് കോടതി 2018 ല്‍ ശിക്ഷ വിധിച്ചത്.
എന്നാല്‍ പ്രതിയുടെ മൊഴി പരിഭാഷപ്പെടുത്തി മലയാളത്തില്‍ രേഖപ്പെടുത്തിയത് തെളിവു നിയമ പ്രകാരം സ്വീകാര്യമല്ലെന്നായിരുന്നു അപ്പീലിലെ വാദം. ഇതംഗീകരിച്ചാണ് ഹൈക്കോടതി പ്രതിയെ വെറുതേ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: