ജിന്‍സണ്‍ ജോണ്‍സണും എല്‍ദോസ് പോളിനും പിന്നാലെ സര്‍ക്കാരിനെതിരെ ഏഷ്യന്‍ ഗെയിംസ് ജേതാവും ശ്രീജേഷ് രംഗത്ത്.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാന്‍ വന്നില്ലെന്ന് ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം.
ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിലെ തന്റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയ്യില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെയാണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ ഗവര്‍ണറാണ് എന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തുന്നത്. അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ.
ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര് നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡില്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോള്‍ കായിക രംഗത്തേക്ക് പോകുന്നതിനു പകരം പഠിച്ചാല്‍ മതി, ജോലി കിട്ടും എന്ന ചിന്ത അവരില്‍ വളരും. മറ്റ് സംസ്ഥാനങ്ങള്‍ കായികതാരങ്ങളെ നല്ല രീതിയിലാണ് പരിഗണിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് വീട്ടിലെത്തി ശ്രീജേഷിനെ അഭിനന്ദനം അറിയിച്ചത്.
കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഏഷ്യന്‍ ഗെയിംസ് താരങ്ങള്‍ മുമ്പും രംഗത്തുവന്നിരുന്നു. കേരളത്തിന്റെ കായികരംഗം തകര്‍ച്ചയുടെ വക്കിലാണെന്നും വൈകാതെ കേരളം വിടുമെന്നും ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോളും വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണും സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഷ്ടപ്പെട്ട് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി സ്വന്തം നാട്ടില്‍ എത്തിയ തന്നെ കായികമന്ത്രി പോലും ഫോണില്‍ വിളിച്ചില്ലെന്നും മികച്ച അവസരം കിട്ടിയാല്‍ മറ്റ് സംസ്ഥാനത്തിലേക്ക് മാറുമെന്നും കേരള താരം പറഞ്ഞു. ഒഡീഷ, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന പോലുളള സംസ്ഥാനങ്ങള്‍ മികച്ച പിന്തുണയാണ് കായികതാരങ്ങള്‍ക്ക് നല്‍കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണവും അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചിട്ടും സംസ്ഥാനത്ത് നിന്ന് ഒരു ഫോണ്‍വിളി പോലും കിട്ടിയിരുന്നില്ലെന്നും ജിന്‍സണ്‍ ജോണ്‍സണ്‍ പ്രതികരിച്ചിരുന്നു.
അതേസമയം ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്കു പാരിതോഷികം നല്‍കുന്നത് ഇന്നലത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഹരിയാന ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കളായ സ്വന്തം താരങ്ങള്‍ക്ക് ഇതിനകം വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഏറ്റവുമധികം മെഡല്‍ ജേതാക്കളുള്ള ഹരിയാനയില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 3 കോടി രൂപ വീതവും വെള്ളി മെഡലുകാര്‍ക്ക് 1.5 കോടിയും വെങ്കല മെഡലുകാര്‍ക്ക് 75 ലക്ഷവുമാണ് മുഖ്യമന്ത്രി ഗ്രാന്റ് ആയി പ്രഖ്യാപിച്ചത്. മെഡല്‍ നേടിയില്ലെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചവര്‍ക്കെല്ലാം 7.5 ലക്ഷം വീതവും കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: