ന്യൂ ഡൽഹി:“നയരൂപീകരണത്തിലും ആശയസംവാദത്തിലും പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ വിജയ രഹസ്യ”മെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
എല്ലാ നിയമങ്ങളും നിയമനിർമ്മാണങ്ങളും പൊതുസമൂഹത്തിനും ജനനന്മക്കും വേണ്ടിയുള്ളതായിരിക്കണമെന്നതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സത്ത. “ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നതും അതാണ്”, അദ്ദേഹം പറഞ്ഞു.
നോയിഡയിൽ അമിറ്റി സർവകലാശാല ബിസിനസ് സ്കൂളിന്റെ ആറാമത് വാർഷിക സമ്മേളനത്തെ – ഇൻഫിനിറ്റി 2023- അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
അമിറ്റി ബിസിനസ് സ്കൂളിലെ വിദ്യാർത്ഥികളുമായി തുടർന്ന് നടത്തിയ സവാദത്തിൽ വിദ്യാർത്ഥി എന്ന നിലക്കും ഒരു സാങ്കേതിക വിദഗ്ദ്ധൻ എന്ന നിലയിലും തന്റെ ജീവിത യാത്രാനുഭവങ്ങളും നിർമ്മിതബുദ്ധിയടക്കം വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ മേൽ ഉണ്ടാകേണ്ട നിയന്ത്രണം സംബന്ധിച്ച തന്റെ വീക്ഷണവും മന്ത്രി പങ്കുവെച്ചു.
കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ ഇന്ത്യയിലുണ്ടായ ശ്രദ്ധേയമായ പരിവർത്തനത്തെക്കുറിച്ചും മന്ത്രി സൂചിപ്പിക്കുകയുണ്ടായി. “കഴിഞ്ഞ 2 വർഷത്തിനിടെ ഞാൻ സന്ദർശിക്കുന്ന 70-ാമത്തെ കാമ്പസാണിത്. യുവ ഇന്ത്യക്കാരെന്ന നിലയിൽ നിങ്ങളാണ് ഏറ്റവും ഭാഗ്യമുള്ള തലമുറയെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ. നിരന്തരം പരാജയപ്പെട്ടുപോന്ന രാജ്യമെന്ന ആഖ്യാനത്തിൽ നിന്ന് മാറി
ഏറെ സാദ്ധ്യതയുള്ള ഒരു രാഷ്ട്രമെന്ന തലത്തിലേക്കുയരുന്നതിന് ഇന്ന് നമുക്ക് സാധിച്ചിട്ടുണ്ട്”, മന്ത്രി പറഞ്ഞു. അതുല്യവും അഭൂതപൂർവവുമായ അവസരങ്ങളുള്ള ഒരു തലമുറയാണ് ഇന്നത്തേത് എന്ന് ഓർമിപ്പിച്ച മന്ത്രി ആത്മവിശ്വാസവും പ്രാപ്തിയുമുള്ള യുവാക്കൾ മഹത്തായ നമ്മുടെ രാഷ്ട്രത്തെ നയിക്കാൻ പ്രാപ്തരാണെന്നു സൂചിപ്പിച്ചു.
നിർമ്മിത ബുദ്ധിയുടെ അനന്ത സാദ്ധ്യതകൾ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കവേ സാങ്കേതികവിദ്യയുടെ അടുത്ത തരംഗം “ഏറെ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതായിരിക്കു”മെന്ന് രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച ചർച്ചകൾ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിൽ നടന്നു വരികയാണ്. നിർമ്മിത ബുദ്ധിയെന്നത് മറ്റേതൊരു സാങ്കേതിക വിദ്യയും പോലെ, നന്മയുടെ ശക്തിയാകാം; എന്നാൽ ആ സാദ്ധ്യതകൾ കുറ്റവാളികൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. “അതുകൊണ്ടാണ് എ ഐ ഉൾപ്പെടെ ഉയർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകളുടെയും ചട്ടക്കൂടുകൾ പുതിയ ഡിജിറ്റൽ ഇന്ത്യ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്”, മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയെ പലവിധത്തിൽ ഉപയോഗിക്കാമെങ്കിലും അത് വ്യക്തികളെ ദ്രോഹിക്കാനോ ക്രിമിനൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലന്നതാണ് സർക്കാർ നിലപാട്. നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ടു വരാവുന്ന കേസുകൾ നിയന്ത്രിക്കുക, ഏതെങ്കിലും പ്ലാറ്റ്ഫോമിന്റെ പ്രതികൂല ഉപയോഗത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ട പരിരക്ഷ ഉറപ്പാക്കുക എന്നിവക്ക് സർക്കാർ മുൻതൂക്കം നൽകും. “നിർമ്മിതബുദ്ധിയെ ഉപയോക്തൃഹാനിയുടെ കണ്ണാടിയിലൂടെ നിരീക്ഷിച്ച് അതിനെ നിയന്ത്രിക്കുകയും ഉപയോക്താവിന് സുരക്ഷയും വിശ്വാസവും ഉറപ്പാക്കുകയുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”, അദ്ദേഹം പറഞ്ഞു.
ഓൺലൈൻ വഴി നടക്കുന്ന ബാലലൈംഗിക ചൂഷണത്തെ ചെറുക്കുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധതയും മന്ത്രി ആവർത്തിച്ചു. “കുട്ടികൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമ സാദ്ധ്യതകൾ എന്നത് ഇൻറർനെറ്റിന്റെ അസ്വീകാര്യമായ വശമാണ്. ഇത് തടയാൻ സർക്കാർ കർശന നടപടികൾ തന്നെ സ്വീകരിച്ചു വരുന്നു. യൂട്യൂബ്, ടെലിഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾക്ക് അടുത്തിടെ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത് ഇതിനുദാഹരണമാണെന്ന് മന്ത്രി പറഞ്ഞു.
(ചിത്രം : കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അമിറ്റി സർവകലാശാല (നോയിഡ) ബിസിനസ് സ്കൂളിൽ വിദ്യാർഥികളുമായി സംവദിക്കുന്നു. 12 ഒക്ടോബർ 2023 / നോയിഡ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: