പ്രശസ്ത സിനിമാ താരവും മുന്‍ എംപിയും ബിജെപിയുടെ പ്രമുഖ നേതാവുമായ സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സമ്മാനിക്കുന്നതില്നിന്ന് സാംസ്കാരിക നായകനായ എം.കെ. സാനുവിനെ വിലക്കിയ പുരോഗമന കലാസാഹിത്യ സംഘടനയുടെ നടപടി സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കരിവാരിത്തേച്ചിരിക്കുകയാണ്. പണ്ഡിറ്റ് കറുപ്പന് വിചാര വേദി ഏര്‍പ്പെടുത്തിയ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പുകസ ആവശ്യപ്പെടുകയായിരുന്നു. പുകസയുടെ നേതാക്കള്‍ സാനു മാഷിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് വിലക്ക് പ്രഖ്യാപിച്ചത്. സാനു മാഷിന്റെ അഭാവത്തില്‍ നോവലിസ്റ്റ് സി. രാധാകൃഷ്ണനാണ് സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പന് പുരസ്കാരം നല്‍കിയത്. പുരസ്കാരം നല്കുന്ന സംഘടന പ്രശസ്തമല്ലെന്നതാണത്രേ ഈ വിലക്കിനു കാരണമായി പുകസക്കാര്‍ പറയുന്നതെങ്കിലും സുരേഷ് ഗോപിയോടുള്ള രാഷ്ട്രീയവിരോധമാണ് അവരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമാണ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ നിരവധി പാര്‍ട്ടി നേതാക്കള്‍ സഹകരണ ബാങ്കുകളില്‍ നടത്തിയ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും, പാവങ്ങളുടെ പണം മോഷ്ടിച്ചതിനുമെതിരെ സുരേഷ് ഗോപി ശക്തമായി രംഗത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന കരുവന്നൂര്‍ പദയാത്ര വന്‍ വിജയമാവുകയും, ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സുരേഷ് ഗോപിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് പുകസയും ഏറ്റെടുത്തിരിക്കുന്നത്.
ആര്‍ക്ക് ആര് അവാര്‍ഡ് കൊടുക്കണമെന്നും, അവാര്‍ഡ് ലഭിച്ചയാള്‍ക്ക് ആരാണ് അത് സമ്മാനിക്കേണ്ടതെന്നുമൊക്കെ തീരുമാനിക്കാനുള്ള അവകാശം പുകസയ്ക്ക് ആരും കൊടുത്തിട്ടില്ല. പുകസ സ്വന്തം നിലയ്ക്ക് ആര്‍ക്കെങ്കിലും അവാര്‍ഡ് കൊടുക്കുന്നെങ്കില്‍ ഇതൊക്കെ തീരുമാനിക്കാമെന്നു മാത്രം. സാഹിത്യ-സാംസ്കാരിക രംഗത്ത് കേരളം അങ്ങേയറ്റം ആദരിക്കുന്ന വ്യക്തിത്വമാണ് പ്രൊഫ. എം.കെ.സാനു. അധ്യാപകന്, നിരൂപകന്, പ്രഭാഷകന്‍, ഗ്രന്ഥകാരന് എന്നീ നിലകളില്‍ മികച്ച സംഭാവനകളാണ് സാനുമാഷ് നല്‍കിയിട്ടുള്ളത്. ഇങ്ങനെ കക്ഷി രാഷ്ട്രീയത്തിനതീതമായി സമാദരവ് ലഭിക്കുന്ന ഒരു വിശിഷ്ട വ്യക്തിത്വത്തിന് നേര്‍ക്കാണ് രാഷ്ട്രീയ തിമിരം ബാധിച്ച പുകസക്കാര്‍ ഈ അതിക്രമം കാണിച്ചിരിക്കുന്നത്. പുകസയുടെ ഭീഷണി കണക്കിലെടുത്ത് സാനുമാഷ് അവാര്‍ഡ് ദാന ചടങ്ങിന് പോകാതിരുന്നത് അത്യന്തം ദൗര്ഭാഗ്യകരമെന്നേ പറയേണ്ടൂ. സുരേഷ് ഗോപിയോട് വ്യക്തിപരമായ ബന്ധമാണ് തനിക്കുള്ളതെന്നും, അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് അടുപ്പമുണ്ടെന്നും പറയുന്ന സാനുമാഷ് പുകസയുടെ വ്യക്തി വിദ്വേഷത്തോടെയുള്ള വിലക്ക് വകവയ്ക്കാന്‍ പാടില്ലായിരുന്നു. പുകസയുടെ വികാരം മാനിച്ചാണ് ചടങ്ങില്പ്പോകാതിരുന്നതെന്ന വാക്കുകള്‍ സാനുമാഷെപ്പോലുള്ള ഒരാളില്‍നിന്ന് മലയാളി കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണ്. ഇത്തരം വികാരത്തെ മാനിക്കേണ്ട യാതൊരു ബാധ്യതയുമില്ല. അങ്ങനെയൊരു വികാരത്തെ വച്ചുപൊറുപ്പിക്കാനുമാവില്ല.
സാഹിത്യ സാംസ്കാരിക രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും പുകസയുടെ സാംസ്കാരിക നിന്ദകള്‍ നിരവധിയാണ്. സാഹിത്യകാരന്മാര് എന്തെഴുതണം, എന്തെഴുതാന്‍ പാടില്ല എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന ധാര്‍ഷ്ട്യമാണ് ഈ സംഘടനയെ നയിക്കുന്നത്. മഹാകവി ചങ്ങമ്പുഴ കവിതയെഴുതരുതെന്ന് വിലക്കിയ പാരമ്പര്യമുള്ളവരാണ് ഇക്കൂട്ടരെന്നറിയുമ്പോള് ഈ ധാര്‍ഷ്ട്യം എത്ര വരെ പോയിരുന്നു എന്നു വ്യക്തമാണല്ലോ. കലയും സാഹിത്യവുമൊന്നുമല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് എക്കാലവും പുകസ സംരക്ഷിച്ചുപോരാറുള്ളത്. സിപിഎമ്മിനെ വിമര്‍ശിക്കുന്ന കവികളും എഴുത്തുകാരും പുകസയുടെ ശത്രുക്കളായി മാറും. സിപിഎമ്മിന്റെ അഴിമതികളെ വെള്ളപൂശാത്തവര്ക്കും ഇവരില്‍നിന്ന് അനുഭവിക്കേണ്ടിവരും. ഇക്കൂട്ടരുടെ ഭീഷണികളില്‍നിന്ന് ഒരു കവിക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടി വന്ന നാടാണല്ലോ നമ്മുടേത്. ഇപ്പോള്‍ ജിഹാദി ഭീകരരെ വിമര്‍ശിക്കുന്നവരെയും പുകസ വര്‍ഗശത്രുക്കളായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ അഹങ്കാരവും ധിക്കാരവും അജ്ഞതയുമാണ് ഇപ്പോള്‍ സാനുമാഷിനെതിരെ തിരിഞ്ഞിരിക്കുന്നതും. സാംസ്കാരിക നായകന്മാരെയും എഴുത്തുകാരെയും തടവിലിടുകയും, തങ്ങളോട് വിധേയത്വം പുലര്‍ത്തുന്നതിന്റെ തോതനുസരിച്ച് സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന പുകസയുടെ രീതി അത്യന്തം അപലപനീയമാണ്. സിപിഎം കൊണ്ടുനടക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ സാംസ്കാരിക രംഗത്തെ ആവിഷ്കാരമാണ് പുകസ നടത്തുന്നത്. സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണം. ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്ക് മാത്രമല്ല, എഴുത്തുകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും കടന്നുകയറുന്ന പുകസയുടെ ഹുങ്ക് അനുവദിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: