തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്ന് ഇ ഡി. സഹകരണ വകുപ്പും സര്‍ക്കാരിന്റെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും പങ്കാളികളായി. ഇതുവരെ ഇത്തരമൊരു തട്ടിപ്പുകേസ് അന്വേഷിക്കേണ്ടി വന്നിട്ടില്ല. ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഇ ഡി വെളിപ്പെടുത്തിയത്. ആസൂത്രിത കൊള്ളയാണു നടന്നത്. സര്‍ക്കാരിലോ സഹകരണ വകുപ്പിലോ അറിഞ്ഞവരാരും തടഞ്ഞില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എല്ലാം അറിയാമായിരുന്നു. കളവു തടയുന്നതിനു പകരം അതില്‍ പങ്കുപറ്റാനാണ് എല്ലാവരും ശ്രമിച്ചത്. ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അന്വേഷണം അട്ടിമറിക്കാന്‍ നോക്കുന്നു. പോലീസ്, ക്രൈംബ്രാഞ്ച്, സഹകരണ വകുപ്പ് തുടങ്ങിയവയെല്ലാം അന്വേഷണം തടസപ്പെടുത്തുകയാണ്.
റബ്കോ എംഡി ഹരിദാസന് നമ്പ്യാരെ ഇന്നലെ ഇ ഡി ചോദ്യംചെയ്തു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് റബ്കോയുടെ പേരില്‍ കോടികളുടെ വെട്ടിപ്പു നടന്നിട്ടുണ്ട്. 50 കോടിയോളം രൂപയുടെ ക്രമക്കേടാണ് റബ്കോയുമായി ബന്ധപ്പെട്ടു കണ്ടെത്തിയത്. കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹ. സ്ഥാപനമാണ് റബ്കോ. കരുവന്നൂര്‍ ബാങ്കില്‍ റബ്കോ ഉത്പന്നങ്ങള്‍ എത്തിക്കാമെന്ന കരാറിലായിരുന്നു കോടികളുടെ കൈമാറ്റം. എന്നാല്‍ ഈ ഉത്പന്നങ്ങള്‍ എത്തിയതായോ വിറ്റതായോ ബാങ്കിലെ രേഖകളിലില്ല. മാത്രമല്ല, റബ്കോയുടെ ഉത്പന്നങ്ങള്‍ക്കായി ഇത്രയും ഭീമമായ തുക മുന്‍കൂറായി നല്കിയതും ചട്ട വിരുദ്ധമാണ്. റബ്കോയുടെ മറവില്‍ നേതാക്കള്‍ പണം തട്ടി.
സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷിനോട് ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയില്ല. 2017 മുതല്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റില്‍ കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതാണ് ദുരൂഹം. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: