ന്യൂദല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ മുന്നോട്ട്. മനുഷ്യനെ അയയ്‌ക്കും മുന്‍പ് ഗഗന്‍യാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബര്‍ 21ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പരീക്ഷണ വാഹനത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലാകും നടക്കുക. ടെസ്റ്റ് വെഹിക്കിള്‍ ഡെവലപ്മെന്റ് ~ൈറ്റ് (ടിവി-ഡി1) ആണിത്.
അടുത്ത വര്‍ഷം അവസാനം നടക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്രൂ മൊഡ്യൂളിനെ വിലയിരുത്താന്‍ അയക്കുന്ന പേടകമാണിത്. ഗഗന്‍യാനില്‍ ബഹിരാകാശയാത്രികര്‍, ഭൗമാന്തരീക്ഷത്തിനു തുല്യമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ള ഈ ക്രൂ മൊഡ്യൂളിലാണ് സഞ്ചരിക്കുക. പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും. ഭൂമിയുടെ 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച് ബംഗാള്‍ ഉള്‍ക്കടലിലാകും ഇറക്കുക.
മൊഡ്യൂള്‍ നാവികസേനയാകും വീണ്ടെടുക്കുക. ഇതിനായുള്ള പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സേന വ്യക്തമാക്കി. ക്രൂ മൊഡ്യൂളിന് പുറമേ ബഹിരാകാശ യാത്രികര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാല്‍ സുരക്ഷിതമായി തിരിച്ചിറക്കാനായി രൂപകല്‍പന ചെയ്ത ‘ക്രൂ എസ്‌കേപ്പ്’ സംവിധാനവും വിലയിരുത്തും. ഗഗന്‍യാന്‍ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണ് പരീക്ഷണ ദൗത്യമെന്ന് വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിന്റെ ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
ടിവി-ഡി1ന് പിന്നാലെ ടിഡി-ഡി2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കും. 2024 ആദ്യം യാത്രികര്‍ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗഗന്‍യാന്‍ പേടകത്തിന്റെ ആദ്യ ഓര്‍ബിറ്റല്‍ പരീക്ഷണം നടക്കും. ഇതില്‍ സഞ്ചാരികളുണ്ടാവില്ല. പിന്നാലെയാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍ കൂടി നടത്തുക. 2024 അവസാനത്തോടെ ആദ്യമായി മൂന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: