തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് 500 ഏക്കറില്‍ 30 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുമെന്ന് നിയമ കയര്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നിലവില്‍ 11 പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയെന്നും മൂന്നെണ്ണത്തിന് ഉടന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ (ടിഎംഎ) 2023 ലെ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സജി ഗോപിനാഥിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ മേഖലയ്ക്കു പുറമേ സ്വകാര്യ പാര്‍ക്കുകള്‍ കൂടി വികസിപ്പിച്ച് സംരംഭകരെ ആകര്‍ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ പാര്‍ക്കുകള്‍ക്കൊപ്പം കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളെ കൂടി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലമാണ് കാമ്പസ് പാര്‍ക്ക് സ്ഥാപിക്കാന്‍ വേണ്ടത്. മൂന്ന് സര്‍വ്വകലാശാലകളും 30 എന്‍ജിനീയറിങ് കോളേജുകളും കാമ്പസ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തിന്റെ വികസന പ്രക്രിയയില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും നിര്‍ണായക സംഭാവനകള്‍ നല്‍കാനും പ്രൊഫഷണലുകളുടെ സംഘമായ ടിഎംഎയ്ക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ അക്കാദമിക-വ്യവസായ മേഖലകളെ കോര്‍ത്തിണക്കുന്നതില്‍ സജി ഗോപിനാഥിന്റെ പങ്ക് സ്തുത്യര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാനും ഭാവിതലമുറയ്ക്ക് മാതൃകയാക്കാനുമാണ് ടിഎംഎ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ടിഎംഎ പ്രസിഡന്റ് സി. പദ്മകുമാര്‍ പറഞ്ഞു.
പുരസ്കാരം സ്വീകരിച്ച് സജി ഗോപിനാഥ് മറുപടി പ്രസംഗം നടത്തി. കേരളത്തിന്റെ വിദ്യാഭ്യാസ, മാനേജ്മെന്റ്, ബിസിനസ്, വികസന മേഖലകളില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
ടിഎംഎ മുന്‍ പ്രസിഡന്റ് ഡോ. എം. അയ്യപ്പന്, ടിഎംഎ സെക്രട്ടറി വിങ് കമാന്‍ഡര്‍ രാഗശ്രീ ഡി. നായര്‍, ടിഎംഎ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ജയശങ്കര്‍ പ്രസാദ് സി എന്നിവര്‍ സംസാരിച്ചു. ടിഎംഎ മുന്‍ പ്രസിഡന്റുമാരും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
മാതൃകാപരമായ മാനേജ്മെന്റ് മികവും നേതൃത്വവും പ്രകടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി 1986 ലാണ് ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: