കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രൊഫ. എം. കെ സാനുവിനെപ്പോലെ ഒരാളെ തടഞ്ഞ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നടപടി സാംസ്ക്കാരിക രംഗത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെന്ന് മേനി നടിക്കുന്ന ഇടതുപക്ഷമാണ്, ഇത്തരമൊരു നടപടിക്ക് പിന്നില്‍. സിപിഎമ്മിന്റെ ഇരട്ടത്താപ്പിനും, പണ്ഡിറ്റ് കറുപ്പന് അവാര്‍ഡ് ദാനം പോലും മ്ളേഛമായ രാഷ്ട്രീയ നടപടിക്കുപയോഗിച്ചതിനും എതിരെ സംസ്ക്കാരിക നായകരും എഴുത്തുകാരും പ്രതികരിക്കുന്നു.
പുകാസയുടെ നിലപാട് സിപിഎം അസഹിഷ്ണുതയുടെ തുടര്‍ച്ച: റഷീദ് പാനൂര്‍ (സാഹിത്യകാരന്)
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പുരോഗമന കലാസാഹിത്യ സംഘം തിട്ടൂരമിറക്കിയെന്ന വാര്‍ത്ത സിപിഎം അസഹിഷിണുതയുടെ തുടര്‍ച്ചയാണ്. എല്ലാ കാലത്തും എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്തിയ പാരമ്പര്യമാണ് സിപിഎമ്മിനും പുകാസയ്ക്കും ഉള്ളത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വലിയ വായില്‍ പ്രസംഗിക്കുന്ന പുകാസകാരും സിപിഎമ്മും വ്യക്തി സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്നതാണ് നടപടി. മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തെ കലയാക്കി മാറ്റിയ എം. സുകുമാരനെ വീട്ടിലിരുത്തിച്ചതും അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ എം.എന്‍. വിജയന് സിപിഎമ്മിന് അനഭിമതനായതുമടക്കം അസഹിഷ്ണുത വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ സമൂഹത്തിന് മുന്നിലുണ്ട്. സുരേഷ് ഗോപി ഏത് രാഷ്ട്രീയ പാര്‍ട്ടിയാണോയെന്നതല്ല വിഷയം അദ്ദേഹം അഭിനയിച്ച കഥാപാ
ത്രങ്ങളും സിനിമാ ലോകത്തെ സ്ഥാനവും നിഷേധിക്കാന്‍ സിപിഎമ്മിനോ പുകാസയ്ക്കോ കഴിയില്ല. സാംസ്ക്കാരിക ലോകം സുരേഷ് ഗോപിയെയോ ശ്രീകുമാരന്‍ തമ്പിയെയോ നോക്കി കാണുന്നത് രാഷ്ട്രീയം നോക്കിയല്ല. സിപിഎം ഫാസിസത്തെ വിമര്‍ശിക്കുന്നവരെയെല്ലാം സംഘികളാക്കി മാറ്റി നിര്‍ത്തുന്ന രീതി സാംസ്ക്കാരിക അധപതനമാണ്. എത്രകാലം ഇവരിത് മുന്നോട്ട് കൊണ്ടു പോകും.
പുരോഗമനവും മനുഷ്യാവകാശവും എല്ലാവര്ക്കും വേണ്ടേ: ഡോ. കൂമുള്ളി ശിവരാമന്
(സാഹിത്യകാരന്)
ജ്ഞാന വൃദ്ധനായ സാനുമാഷ് സര്‍വതന്ത്ര സ്വതന്ത്രനായ മനുഷ്യനാണ്. സ്വ മനസ്സാലെ ഏതു കര്‍മ്മങ്ങളിലും നിയോഗിക്കപ്പെടാന്‍ പ്രതിജ്ഞാബദ്ധനാണ് അദ്ദേഹം. വ്യക്തിയെന്ന നിലയിലും സമൂഹ ജീവി എന്ന പരിഗണനയിലും മാഷിന്റെ ആത്മാവിന് മുറിവേല്‍പ്പിക്കാതിരിക്കാന്‍ ഏവരും ശ്രദ്ധ പുലര്‍ത്തണം. പുരോഗമനവും മനുഷ്യാവകാശവും പുലമ്പി നടക്കുന്ന പുകാസ പ്രസ്ഥാനം ഇതിന് തടസ്സം നില്‍ക്കുന്നത് ലജ്ജാകരമാണ്. മൂല്യ പ്രമാണങ്ങളും മാനവികതാപ്പൊരുളും സംരക്ഷിക്കേണ്ട പുകാസയുടെ ഇത്തരം മാര്‍ഗ്ഗ ലക്ഷ്യങ്ങളെ ആരും സ്വാഗതം ചെയ്യാനിടയില്ല. ഗുരുനിന്ദ തന്നെയാണ് ഈ പാപ കര്‍മ്മം. നിര്‍ഭയത്വവും നിഷ്പക്ഷതയും ഇക്കാര്യത്തില്‍ സാനുമാഷുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടിയിരുന്നു.
കലാ സാംസ്ക്കാരിക ധാര്‍മ്മിക രംഗങ്ങളില്‍ മാതൃകാ പുരുഷനായ സുരേഷ് ഗോപിക്ക് കവി തിലകന്റെ പേരിലുളള അവാര്‍ഡ് കൈമാറിയ സി. രാധാകൃഷ്ണനെ അനുമോദിക്കാം. നിയോഗിക്കപ്പെട്ട ഒരു കര്‍മ്മത്തില്‍ നിന്ന് ഒരു മഹാ പുരുഷനെ നിര്‍ബന്ധപൂര്‍വം മാറ്റി നിര്‍ത്തി സാഹിത്യ രംഗത്ത് പുതിയ തീണ്ടലും തൊടീലും തിരിച്ചു കൊണ്ടുവരാന്‍ പാടുപെടുന്ന ‘പുരോഗമനക്കാരന്’ മുന്നില്‍ സാഷ്ടാംഗ പ്രണാമം.
എഴുത്തുകാര്‍ സ്വതന്ത്രരായിരിക്കണം: മണി. കെ. ചെന്താപ്പൂര്
(കവി, ഗ്രന്ഥകാരന്)
എഴുത്ത് എന്നത് സ്വാതന്ത്ര്യത്തെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും മാനവരാശിയെപ്പറ്റിയുമുള്ള ചിന്തകളുടെ ആവിഷ്കാരങ്ങളാണ്. മനുഷ്യര്‍ എന്ന പൊതുബോധ നിര്‍മ്മിതിയിലേക്കുള്ള വഴികളാണ് കലയും സാഹിത്യവുമൊക്കെ. അവിടെ വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. എഴുത്തുകാര്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നതിലൂടെ ഇരുളുന്ന കാലത്തെയാണ് അത് ഓര്‍മ്മപ്പെടുത്തുന്നത്.
മണ്മറഞ്ഞ മഹാരഥന്മാരുടെ ഓര്‍മ്മയ്ക്കായി നല്കുന്ന പുരസ്കാരങ്ങള്‍ ഏതു മേഖലയിലുള്ളവര്‍ക്കും നല്‍കാം. അവരുടെ സ്മരണകള്‍ക്കാണ് അവിടെ പ്രാധാന്യം. മലയാളത്തിന്റെ പ്രിയ നടന് സുരേഷ് ഗോപിക്ക് നല്കുന്ന പണ്ഡിറ്റ് കറുപ്പന് അവാര്‍ഡിനെ ആ രീതിയിലാണ് നോക്കി കാണേണ്ടത്. പണ്ഡിറ്റ് കറുപ്പന് എന്ന കവിയുടെയും സാമൂഹിക പരിഷ്കര്‍ത്താവിന്റെയും സ്മരണയ്ക്കാണ് അവിടെ പ്രാധാന്യം. എഴുത്തുകാരെ വിഭാഗീയവല്‍ക്കരിക്കുന്നതും അവരുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നതും കാലഘട്ടത്തിന് ചേരുന്ന പ്രവണതയേ അല്ല.
വിലക്ക് ശരിയായില്ല: യു.കെ. കുമാരന്
(നോവലിസ്റ്റ്, കഥാകാരന്)
പുരോഗമന കലാസാഹിത്യ സംഘം , പ്രൊഫ. എം.കെ. സാനുവിനെ പണ്ഡിറ്റ് കറുപ്പന് പുരസ്കാരദാന ചടങ്ങില്‍ നിന്ന് വിലക്കിയത് ശരിയായില്ല. ഒരു അവാര്‍ഡ് കൊടുക്കുന്നത് രാഷ്ട്രീയ കാരണങ്ങളാല്‍ വിലക്കുന്നത് ശരിയല്ല. അതേസമയം സുരേഷ്ഗോപിക്ക് പണ്ഡിറ്റ് കറുപ്പന് പുരസ്കാരം നല്കിയതും ശരിയായില്ല. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ്ഗോപിക്ക് ആ അവാര്‍ഡ് നല്‍കിയത്?
വിലക്കാന്‍ ആര്‍ക്കും അവകാശമില്ല: എം.എന്‍. കാരശ്ശേരി
(എഴുത്തുകാരന്, സാമൂഹിക നിരീക്ഷകന്)
പുരോഗമന കലാസാഹിത്യ സംഘം പ്രൊഫ. എം.കെ. സാനുവിനെ പണ്ഡിറ്റ് കറുപ്പന് പുരസ്കാരദാന ചടങ്ങില്‍ നിന്ന് വിലക്കിയത് നന്നായില്ല. ആരെയും അവനവന്റെ തീരുമാനങ്ങളില്‍ നിന്നോ നിലപാടുകളില്‍ നിന്നോ വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. പകരം അഭിപ്രായം പറയാം. സാനുമാഷ് ആ പരിപാടിയില്‍ പോയത് ശരിയായില്ല എന്ന് ആര്‍ക്കും അഭിപ്രായം പറയാം. അതേസമയം അവാര്‍ഡ്ദാന ചടങ്ങല്‍ പോ
കരുത് എന്ന് വിലക്കിയത് ശരിയായില്ല.
ഹീനമായ നടപടി ഡോ. രാജു വള്ളിക്കുന്നം
(കവി, നിരൂപകന്, വിവര്ത്തകന്)
പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള അവാര്‍ഡ് നല്കുന്നതില് നിന്ന് പ്രൊഫ. എം.കെ സാനുവിനെ വിലക്കിയത് ഹീനമായ നടപടിയാണ്. ഇതുവഴി യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റ് കറുപ്പനേയും അദ്ദേഹം നടത്തിയ സാമൂഹിക സമത്വത്തിനായുള്ള സമരങ്ങളേയുമാണ് അധിക്ഷേപിച്ചിരിക്കുന്നത്. ജാതി പരമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള സമരം സാംസ്കാരികമായി നിര്‍വഹിച്ചു എന്നത് സാംസ്കാരിക ചരിത്രത്തിലെ ഉജ്വലമായ ഏടാണ്. ജാതിക്കുമ്മിയെപ്പോലൊരു കൃതിയുടെ പ്രാധാന്യം പുരോഗമന വാദികള്‍ക്ക് തിരിച്ചറിയാനാവുന്നില്ല എന്നത് നമ്മുടെ സാഹിത്യ- സാംസ്കാരിക രംഗം എത്തപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയാണ് സൂചിപ്പിക്കുന്നത്. സാനു
മാഷിനെപ്പോലെയൊരു ഇടതുപക്ഷ സഹയാത്രികനെ വിലക്കുക വഴി ഒരേ സമയം സാഹിത്യ-സാംസ്കാരികതയുടെ സാമൂഹിക ചരിത്രത്തേയും ഇടതുപക്ഷ നിലപാടുകളേയുമാണ് പുകസാ തള്ളിപ്പറഞ്ഞിരിക്കുന്നത്.
ഭീരുത്വം നിറഞ്ഞ നടപടി: പി. നാരായണ മൂഡിത്തായ
(റിട്ട. പ്രിന്‍സിപ്പല്‍)
സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കെ.പി. കറുപ്പന്റെ പേരിലുള്ള അവാര്‍ഡ് നല്‍കരുതെന്ന് മലയാള സാഹിത്യ രംഗത്തെ അഭിവന്ദ്യനായ സാനു മാസ്റ്ററോട് നിര്‍ദേശിച്ചത് ഭീരുത്വം നിറഞ്ഞതും അപലപനീയവുമായ നടപടി എന്ന് പ്രശസ്ത സാഹിത്യകാരനും കാസര്‍കോട് ഗവ. കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രൊഫ. പി. നാരായണ മൂഡിത്തായ അഭിപ്രായപ്പെട്ടു.
സര്‍ഗാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്ത സംഘടന: രവീന്ദ്രനാഥ് കരുവാരകുണ്ട്
(വാഗ്മി, എഴുത്തുകാരന്)
നിഷേധാത്മക ചിന്തകളുമായി പ്രവര്‍ത്തിക്കുന്ന, സമാജത്തെ പിന്നോട്ടു മാത്രം നയിക്കുന്ന, സര്‍ഗ്ഗാത്മകത തൊട്ടു തീണ്ടിയിട്ടില്ലാത്ത സംഘടനയ്ക്കാണ് പുരോഗമന സംഘം എന്ന് പേര് എന്നതാണ് രസകരം. അവരില്‍ നിന്ന് മറ്റൊന്നും പ്രതിക്ഷിക്കരുത്.
പുകസയുടെ നടപടി അപലപനീയം: ശിവരാമന് പാട്ടത്തില്‍.
(സാഹിത്യകാരന്)
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പ്രൊഫ. സാനുമാഷെപ്പോലുള്ള വ്യക്തിത്വത്തെ വിലക്കിയ പുകസയുടെ നടപടി അത്യന്തം അപലപനീയമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി മാത്രമേ ഈ വിലക്കിനെ കണക്കിലെടുക്കാന്‍ കഴിയൂ. ഹീനമായ ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തു നിന്നായാലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
ഇടുങ്ങിയ കാഴ്ച്ചപ്പാട്: വി.കെ.സന്തോഷ് കുമാര്‍
(ചരിത്രകാരന്)
സുരേഷ് ഗോപിക്ക് പുരസ്കാരം നല്കുന്ന ചടങ്ങില്‍ നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയത് ഇടുങ്ങിയ കാഴ്ചപ്പാടാണ് കാണിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്ന പുരോഗമന കലാ സാഹിത്യസംഘം പൊട്ടക്കിണറ്റിലെ തവളയാണെന്ന് ഇത് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: