ന്യൂദല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം നീണ്ടുപോയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് അത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഇസ്രയേല്‍ കടുത്ത പ്രത്യാക്രമണമാണ് നടത്തുന്നതെങ്കിലും യുദ്ധം നീണ്ടുപോയേക്കാമെന്ന് പ്രവചനമുണ്ട്. ബുധനാഴ്ച സിറിയയും ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ലെബനോനും ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതായത് യുദ്ധം ഇനിയും നീണ്ടുപോയേക്കുമെന്ന ആശങ്കയാണ് പരക്കുന്നത്.
ഇന്ത്യയുടെ പ്രധാന ആശങ്ക എണ്ണവില ഉയരുമോ എന്നതാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ക്രൂഡ് വില 3-4 ശതമാനം വരെ വര്‍ധിച്ചു. യുദ്ധം വേഗം അവസാനിച്ചാല്‍ ക്രൂഡ് വില വര്‍ധന ഉടന്‍ ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ തങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്ന ഹമാസിന്റെ അവകാശവാദം ആഗോള സാമ്പത്തികരംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഇറാനെതിരെ രംഗത്തെത്തുകയും ഇറാന്‍ കൂടി സംഘര്‍ഷത്തിന്റെ ഭാഗമാവുകയും ചെയ്താല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ അത് വലിയ ആഘാതം സൃഷ്ടിക്കും. ക്രൂഡ് വില ഉയരുമെന്നുള്ളതാണ് സംഘര്‍ഷം വ്യാപിക്കുന്നതിന്റെ പ്രത്യാഘാതം. ക്രൂഡ് വില വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് തിരിച്ചടിയാണ്.
ഏഷ്യയില്‍ ഇന്ത്യയുമായി ഏററവുമധികം വ്യാപാരബന്ധമുള്ള മൂന്നാമത്തെ രാജ്യമാണ് ഇസ്രയേല്‍. ആഗോളതലത്തില്‍ പത്താം സ്ഥാനവും ഇസ്രയേലിനാണ്. ഈ കയറ്റുമതി-ഇറക്കുമതി ബന്ധങ്ങള്‍ തകരാറിലാകുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇസ്രയേലിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയില്‍ നിന്ന് പ്രധാനമായും ഡീസലാണ് ഇസ്രയേല്‍ ഇറക്കുമതി ചെയ്യുന്നത്. പോളീഷ് ചെയ്ത രത്നങ്ങളും ഇന്ത്യ കയറ്റി അയയ്‌ക്കുന്നുണ്ട്.ഇന്ത്യയുടെ മുന്‍നിര വ്യവസായികളില്‍ ഒരാളായ അദാനിയാണ് ഇറാനിലെ പ്രധാന തുറമുഖത്തിന്റെ ഉടമസ്ഥന്‍. ഇസ്രയേലിന് കൂടി ഇന്ത്യയെ അത്രയ്‌ക്ക് വിശ്വാസമുള്ളതുകൊണ്ടാണ് അദാനിയെ ഇസ്രയേലിലെ ഹൈഫ തുറമുഖം ഏല്‍പിച്ചത്. ഇസ്രയേലിലെ മൂന്ന് പ്രധാന തുറമുഖങ്ങളില്‍ ഒന്നാണ് ഹൈഫ. ഇത് സീപോര്‍ട്ടാണ്. ഏകദേശം 120 കോടി ഡോളര്‍ ചെലവാക്കിയാണ് അദാനി ഈ തുറമുഖം 2023ന്റെ തുടക്കത്തില്‍ സ്വന്തമാക്കിയത്. ഇസ്രയേലില്‍ നിന്നുള്ള 99 ശതമാനം ചരക്കുകളും വരുന്നതും പോകുന്നതും ഈ തുറമുഖം വഴിയാണ്. കിഴക്കന്‍ മെഡിറ്ററേനിയനിലേക്കാണ് ഈ തുറമുഖം തുറക്കുന്നത്. ഹൈഫ വടക്കന്‍ ഇസ്രയേലില്‍ ആയതിനാല്‍ അപകടമില്ലെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. ഇവിടെ ജോലി ചെയ്യുന്ന 1500ല്‍ പരം തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ഹമാസ്-ഇസ്രയേല്‍ യുദ്ധം നടക്കുന്നത് തെക്കന്‍ ഇസ്രയേലിലാണ്. എന്തായാലും ഇത് ഒരു ആശ്വാസവാര്‍ത്തയാണ്. പക്ഷെ യുദ്ധസാഹചര്യത്തില്‍ ചരക്ക് നീക്കം നിര്‍ത്തിവെച്ചിരിക്കുന്നു എന്നത് ആശങ്കയ്‌ക്ക് കാരണമാണ്.
റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ കയറ്റി അയക്കുന്നതും ഇസ്രയേലാണ്.ഇതിനു പുറമേ രത്നങ്ങള്‍, വിലകൂടിയ കല്ലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വളം, യന്ത്രങ്ങള്‍, എഞ്ചിനുകള്‍, പമ്പ് സെറ്റുകള്‍, കെമിക്കലുകള്‍ എന്നിവ ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നുണ്ട്. ഏതാണ്ട് 25,000 കോടി രൂപ മൂല്യം വരുന്നതാണ് ഇവയുടെ കയറ്റുമതി. ഇതെല്ലാം തുറമുഖങ്ങള്‍ നിശ്ചലമായതോടെ തല്‍ക്കാലത്തേക്ക് നിശ്ചലമായിരിക്കുന്നു. പക്ഷെ ഈ യുദ്ധം നീണ്ടുപോയാല്‍ ചരക്ക് നീക്കം പാടെ തടസ്സമാകുന്നതോടെ അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക