ന്യൂദല്‍ഹി: രാജസ്ഥാനിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും പരോക്ഷ വിമര്‍ശനം തുടങ്ങിയത് കോണ്‍ഗ്രസിനു തലവേദനയാവുന്നു. മുഖ്യമന്ത്രിയായി ആരേയും ഉയര്‍ത്തിക്കാട്ടില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഹൈക്കമാന്‍ഡ് താനാണെന്നു പറഞ്ഞാണ് ഗെഹ്‌ലോട്ട് തിരിച്ചടിച്ചത്.
മുമ്പ് ഗെഹ്‌ലേട്ടുമായുള്ള തുറന്ന പോരിനിടെ സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് പാര്‍ട്ടിയിപ്പോള്‍. ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുടനീളം ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ബിജെപി ഉന്നയിക്കുന്നത് കോണ്‍ഗ്രസിനു തിരിച്ചടിയാവും.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളാണ് സച്ചിനും കൂട്ടരും മുമ്പ് ഉന്നയിച്ചിരുന്നത്. സാമ്പത്തിക ക്രമക്കേടുകളുടെ തെളിവുകള്‍ അടങ്ങുന്ന ചുവന്ന ഡയറി തന്റെ പക്കലുണ്ടെന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിങ് ഗുധയുടെ അവകാശവാദവും വിവാദത്തിലാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകളുള്ള ചുവന്ന പുറം ചട്ടയുള്ള ഡയറി രാജേന്ദ്ര സിങ് ഗുധ നിയമസഭയില്‍ ഉയര്‍ത്തിക്കാണിച്ചത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ചുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഗുധയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയായിരുന്നു അത്.
2018ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് അശോക് ഗെഹ്ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരുപോലെ മുന്‍നിര്‍ത്തിയായിരുന്നു. എന്നാലിപ്പോള്‍ സ്വന്തം മണ്ഡലമായ ടോങ്കില്‍ മാത്രം ഒതുക്കപ്പെട്ട അവസ്ഥയിലാണ് സച്ചിന്‍. കഴിഞ്ഞ കുറച്ചുമാസമായി കോണ്‍ഗ്രസ് പുറത്തിറക്കുന്ന ബാനറുകളിലും പോസ്റ്ററുകളിലും അശോക് ഗെഹ്ലോട്ട് മാത്രമാണുള്ളത്. സോണിയ, രാഹുല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര എന്നിവരുണ്ടെങ്കിലും സച്ചിനെ പോസ്റ്ററുകളില്‍ കാണാനില്ല. കോണ്‍ഗ്രസ് റാലികളില്‍ ഗെഹ്ലോട്ടിനെ മാത്രമാണ് പുകഴ്‌ത്തുന്നത്. കോണ്‍ഗ്രസ് പൂര്‍ണമായും ഗെഹ്ലോട്ടിലേക്ക് ചുരുങ്ങിയ അവസ്ഥയാണ്.
ഗെഹ്ലോട്ട് – സച്ചിന്‍ പോര് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെയും ഗുരുതരമായി തന്നെ ബാധിച്ചിട്ടുണ്ട്. രണ്ടു നേതാക്കളെയും പിന്തുണക്കുന്നവര്‍ നേര്‍ക്കുനേര്‍ നിന്ന് പോരാടുന്നതിനിടയില്‍ പാര്‍ട്ടി സംവിധാനം പാടെ തകര്‍ന്നു. കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്ത് പുതിയ സംസ്ഥാന – ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതുതായി ചുമതലയേറ്റവര്‍ക്ക് തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ക്കായി സമയം ലഭിച്ചില്ലെന്നും നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: