ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ റാങ്ക് ജേതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയാണ്. അക്ഷര ലക്ഷം പരീക്ഷ ഒന്നാം റാങ്കോട് കൂടി കാർത്ത്യായനി അമ്മ വിജയിച്ചു. 2017-ൽ നടന്ന പരീക്ഷയിൽ 98 ശതമാനം മാർക്കായിരുന്നു സ്വന്തമാക്കിയത്. 2018ൽ നാരീശക്തി പുരസ്കാരം നൽകി ഭാരതം ആദരിച്ചിരുന്നു.
ദൽഹിയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ നാരീശക്തി പുരസ്കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മലയാളത്തിൽ സംസാരിക്കുകയും ആഗ്രഹങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. പരീക്ഷയിൽ നൂറ് മാർക്ക് വാങ്ങണമെന്ന ആഗ്രഹവും കമ്പ്യൂട്ടർ പഠനവും പാതിവഴിയിൽ നിൽക്കെയാണ് വിടവാങ്ങൽ. യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കാർത്യായനി അമ്മയുടെ അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. വീട്ടിലെ കഷ്ടപ്പാട് കാരണം സ്കൂൾ പഠനം സാധ്യമായിരുന്നില്ല. ചെറുമക്കൾ പഠിക്കുന്നത് കണ്ടാണ് സാക്ഷരതാ ക്ലാസിൽ ചേരുന്നത്. 2017ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂർ എൽപി സ്കൂളിലാണ് എഴുതിയത്. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഈ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിവരം സാക്ഷരതാ മിഷൻ പ്രഖ്യാപിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് എന്ന ബഹുമതിയും കാര്‍ത്ത്യായനി അമ്മയ്‌ക്കായിരുന്നു. സാക്ഷരത മിഷൻ വഴിയുള്ള പഠനത്തിനു ശേഷം കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച കാർത്യായനിയമ്മയ്‌ക്ക് അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീട്ടിലെത്തി ലാപ്‌ടോപ്പ് സമ്മാനമായി നല്‍കിയിരുന്നു. ഭർത്താവ് പരേതനായ കൃഷ്ണപിള്ള, മക്കൾ: പൊന്നമ്മ, അമ്മിയമ്മ, പരേതരായ ശങ്കരൻകുട്ടി, മണി, മോഹനൻ, രത്നമ്മ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ
ആദ്യ ശ്രമത്തിൽ തന്നെ 40,000 ഓളം പേരെ പിന്തള്ളി 98 ശതമാനം മാർക്ക് നേടിയ കാർത്യായനിയമ്മയുടെ വിയോഗത്തിലൂടെ മാതൃകാ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: