തിരുവനന്തപുരം: യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്(യുപിയു) സ്ഥാപിതമായ ഒക്ടോബര്‍ 9 ലോകതപാല്‍ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍
13 വരെ തപാല്‍ വകുപ്പ് ദേശീയ തപാല്‍ വാരമായി ആഘോഷിക്കും. വിശ്വാസത്തിനായി ഒരുമിച്ച് എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഇന്ന് സാമ്പത്തിക ശാക്തീകരണ ദിനമായും നാളെ ഫിലാറ്റലി ദിനമായും 12 തപാല്‍, പാഴ്സല്‍ ദിനമായും 13 അന്ത്യോദയ ദിവസമായും ആചരിക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ മഞ്ജു പ്രസന്നന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാളെ ഫിലാറ്റലിക് വര്‍ക്ക്ഷോപ്പുകള്‍, ക്വിസ്, സെമിനാര്‍, പെയിന്റിങ്, ഉപന്യാസരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. 13 വരെ വിദൂര, ഗ്രാമീണ, വനവാസി, ചേരി പ്രദേശങ്ങളില്‍ ബോധവത്കരണ, ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പുകളും മേളകളും സംഘടിപ്പിക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പ്രൈവറ്റ് ഓഫീസുകള്‍, റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഈ കാലയളവില്‍ ക്യാമ്പുകളും മേളകളും സംഘടിപ്പിക്കും. ആധാര്‍ എന്റോള്‍മെന്റിനായി 13 മഹാ ലോഗിന്‍ ദിനമായി ആചരിക്കും.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം(ഡിബിറ്റി), സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍, പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബീമ യോജന(പിഎംജെജെബിവൈ), പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന(പിഎംഎസ്ബിവൈ), അടല്‍ പെന്ഷന് യോജന(എപിവൈ) തുടങ്ങിയ ജനസുരക്ഷാ പദ്ധതികള്‍, സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍, എഇപിഎസ് എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള അവബോധത്തിനായുള്ള പ്രചാരണങ്ങളും സംഘടിപ്പിക്കും. ഡിജിറ്റല്‍ പേമെന്റ് നടത്തുന്നതിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനുമുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാമ്പത്തിക സാക്ഷരത പ്രചാരണവുമുണ്ടാകും.
തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പുതിയ തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് (പിഎല്‍ഐ)/ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് (ആര്‍പിഎല്‍ഐ) പോളിസികള്‍ ആരംഭിക്കുവാനായി സൗകര്യം ഒരുക്കി പിഎല്‍ഐ മേളകള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: