ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തമിഴ് ഭക്തര്‍ക്ക് വ്യാജ രസീത് നല്‍കി കബളിപ്പിച്ച് പണം തട്ടിയ ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ക്ഷേത്രം അറ്റന്‍ഡര്‍ കോഴിക്കോട് സ്വദേശി ടി. വി. രവീന്ദ്രനെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി ആരോപണ വിധേയമായി സസ്പെന്റ് ചെയ്തത്.
ക്ഷേത്രത്തില്‍ അവധി ദിവസങ്ങളില്‍ പൊതുവായ വരിയില്‍ നില്‍ക്കുന്നവര്‍ക്കും 1000 രൂപയുടേയും, 4500 രൂപയുടേയും നെയ്യ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കും മാത്രമാണ് ദര്‍ശന സൗകര്യമുള്ളു. ഇത്തരം ദിവസങ്ങളില്‍ വിഐപികള്‍ക്കോ, വിവിഐപികള്‍ക്ക് സ്പെഷ്യല്‍ ദര്‍ശനം അനുവദനീയമല്ല. 1000 രൂപയുടേയും, 4500 രൂപയുടേയും നെയ്യ് വിളക്ക് ശീട്ടാക്കി ക്യൂ നില്‍ക്കാതെ പ്രത്യേക ദര്‍ശന സൗകര്യമുള്ള ഭക്തര്‍ക്ക്, ആ ടിക്കറ്റിന്‍മേല്‍ ലഭിയ്‌ക്കുന്ന പ്രസാദം വിതരണം ചെയ്യുന്ന സ്ഥലത്താണ് ടി.വി. രവീന്ദ്രന്‍ ജോലിചെയ്യുന്നത്.
ദര്‍ശനം കഴിഞ്ഞ് പ്രസാദത്തിന് നല്‍കുന്ന നെയ്യ് വിളക്കിന്റെ ശീട്ട് കീറാതെ കയ്യില്‍വെച്ച് ഇയാളെ സമീപിയ്‌ക്കുന്നവര്‍ക്ക് ആ ശീട്ടുനല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം തട്ടിപ്പുകള്‍ പലതവണ നടത്തിയിട്ടും പിടി കൊടുക്കാതിരുന്ന ഇയാള്‍ കുറച്ചുകാലമായി ക്ഷേത്രം ഭരണാധികാരികളുടെ നിരീക്ഷണത്തിലായിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയ കുടുംബത്തിന് ഒരിയ്‌ക്കല്‍ ഉപയോഗിച്ച ടിക്കറ്റ് നല്‍കി 4000 രൂപ തട്ടിയെടുത്തതോടേയാണ് ഇയാള്‍ പിടിയിലായത്.
രാവിലെ നിര്‍മ്മാല്യ ദര്‍ശനം നടത്താന്‍ ഉപയോഗിച്ച ശീട്ടെടുത്ത് നെയ് വിളക്ക് ശീട്ടാക്കാന്‍ വന്ന തമിഴ് ഭക്തര്‍ക്ക് നല്‍കി 4000 രൂപ തട്ടിയ്‌ക്കുകയായിരുന്നു. ഒരിയ്‌ക്കല്‍ ഉപയോഗിച്ച് കാലഹരണപ്പെട്ട ടിക്കറ്റുമായി നെയ്യ് വിളക്കിന്റെ പ്രത്യേക വരിയിലെത്തിയ ഭക്തരെ അവിടുത്തെ ജീവനക്കാരന്‍ തടയുകയും വിവരം ക്ഷേത്രം മാനേജരെ അറിയിയ്‌ക്കുകയും ചെയ്തതോടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ജോലിയില്‍നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗമാണ് ഇയാളെ സസ്പെന്റ് ചെയ്തത്.
ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനക്കാരനായി സര്‍വ്വീസിലെത്തിയ ഇയാള്‍ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ചാണ് ക്ഷേത്രം കാവല്‍ക്കാരനും പിന്നീട് അറ്റന്‍ഡറുമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: