അസ്താന: മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാക്കിസ്ഥാന്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു.
ഇസ്ലാമിക ശിരോവസ്ത്രങ്ങളും മറ്റ് മതപരമായ വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കസാഖ് കള്‍ച്ചര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐദ ബാലയേവ. വെള്ളിയാഴ്ച അസ്താനയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യത്തെപ്പറ്റി സൂചന നല്‍കിയത്.
‘ഞങ്ങള്‍ തീര്‍ച്ചയായും അത്തരം നിയന്ത്രണങ്ങള്‍ പൊതു ഇടങ്ങളിലെങ്കിലും പരിശോധിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് ഇത്തരം നിയമങ്ങള്‍ ലോകമെമ്പാടും നടപ്പിലാക്കുന്നത്. മുഖം മറച്ചിരിക്കുമ്പോള്‍ പൊതു ഇടങ്ങളില്‍ വ്യക്തികളെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ സര്‍ക്കാരിതര സംഘടനകളുമായും മതപണ്ഡിതര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുമായും സഹകരിച്ച് ഈ നടപടികള്‍ വികസിപ്പിക്കുമെന്നും മന്ത്രി ഐദ ബാലയേവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: