തൊടുപുഴ: മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നതോടെ കെഎസ്ഇബിയെ വലച്ച് വിവിധ നിലയങ്ങളിലെ സാങ്കേതിക തകരാറുകള്‍. ഇതോടെ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കാട്ടി അധികൃതര്‍ രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസം രാത്രിയില്‍ ചിലയിടങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇടുക്കി, കൂടംകുളം, ശബരിഗിരി പദ്ധതികളിലെ തകരാറും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് പ്രശ്നമാകുന്നത്. കൂടംകുളത്ത് മെഷീനുകള്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഡ്രിപ്പായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്നാണ് വിവരം. ഇടുക്കിയില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ ഒരുമാസത്തോളമായി വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്നു.
വെള്ളി വൈകിട്ട് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ചെങ്കിലും പണി തീരാതെ വന്നതോടെ രാത്രി എട്ടു മണിയോടെയാണ് പ്രവര്‍ത്തിപ്പിക്കാനായത്. ഇതിനൊപ്പം വൈകിട്ട് രണ്ടാം നമ്പര്‍ ജനറേറ്ററും ഡ്രിപ്പായിരുന്നു. തെര്‍മോ മീറ്ററിലെ താപനില തെറ്റായി കാണിച്ചതാണ് ഷട്ട് ഡൗണ്‍ ആകാന്‍ കാരണം. ഈ പ്രശ്നം പരിഹരിച്ച് ഒരു മണിക്കൂറിന് ശേഷം വീണ്ടും ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലുള്ളത്.
ശബരിഗിരി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഇവിടെയുള്ള ആറില്‍ നാല് ജനറേറ്ററുകളാണ് ഇതിനാല്‍ പ്രവര്ത്തിപ്പിക്കാനാകുന്നത്. മഴ കുറഞ്ഞതോടെ കഴിഞ്ഞ അഞ്ചിന് വൈകിട്ട് തന്നെ വൈദ്യുതി ഉപഭോഗം പെട്ടെന്ന് ഉയര്‍ന്നിരുന്നു.
പിന്നാലെ പുറം വൈദ്യുതിക്കായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ആഭ്യന്തര ഉത്പാദനം കൂട്ടിയാണ് പ്രശ്നം പരിഹരിച്ചത്. മഴ കുറഞ്ഞതോടെ 6 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. മൂന്നിന് 76.6228 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപഭോഗം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 82.1126 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ഉപഭോഗം. ഇതില്‍ 23.8321 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: