ന്യൂദല്‍ഹി: ഏകദിന ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസത്തിന് ഇന്ത്യയെക്കുറിച്ച് മതിപ്പ് മാത്രം. അതേ സമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി യുഎസിലെ സന്‍ഫ്രാന്‍സിസ്കോയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ്.
പക്ഷെ ഇന്ത്യയില്‍ എത്തിയ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം പാകിസ്ഥാന്‍ ടീമിന് ഇന്ത്യയില്‍ ലഭിച്ച സ്വീകരണത്തോട് അങ്ങേയറ്റം മതിപ്പ് മാത്രമാണ്. നേരത്തെ മറ്റൊരു പാക് താരം ഷഹീന്‍ ഷാ അഫ്രീദി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ പുകഴ്‌ത്തി സംസാരിച്ചതിന് പിന്നാലെയാണ് ബാബര്‍ അസത്തിന്റെ പ്രതികരണം പുറത്തുവന്നത്.
ഇന്ത്യയിലാണ് തങ്ങളെന്ന് തോന്നിയില്ലെന്നും സ്വന്തം നാട്ടിലേത് പോലെയായിരുന്നെന്നും ബാബര്‍ അസം പറഞ്ഞു.ഒരു നിലയ്‌ക്കും വിദ്വേഷത്തിന്റെയോ വെറുപ്പിന്റെയും അംശങ്ങളില്ലാതെ, തുറന്ന മനസ്സോടെയായിരുന്നു പാക് താരങ്ങളെ ഇന്ത്യ സ്വീകരിച്ചത്.
ഇന്ത്യയെക്കുറിച്ച് പാക് മാധ്യമങ്ങള്‍ പറഞ്ഞുപരത്തുന്ന കഥകളിലേതുപോലുള്ള ഒരു ഇന്ത്യയെ അല്ല ബാബര്‍ അസം നേരില്‍ അനുഭവിച്ചറിഞ്ഞത്. “ഞങ്ങള്‍ ഇത്രയ്‌ക്ക് പ്രതീക്ഷിച്ചില്ല. പാകിസ്ഥാന്‍ ടീമിനോട് ആളുകള്‍ പ്രതികരിച്ച വിധം ഞങ്ങളെല്ലാവരും ആസ്വദിച്ചു. ഒരാഴ്ച ഹൈദരാബാദിലുണ്ടായിരുന്നു.”- ബാബര്‍ അസം പറഞ്ഞു.
ആകെ ഒരു ദുഖം മാത്രമേ ബാബര്‍ അസമിനുള്ളൂ. തങ്ങളുടെ പ്രിയപ്പെട്ട പാക് ആരാധകര്‍ കളി കാണാനില്ലല്ലോ എന്ന ദുഖം. “ഹൈദരാബാദിലെത്തിയപ്പോള്‍ വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ആളുകള്‍ ഞങ്ങളെ സ്വാഗതം ചെയ്തു. സന്നാഹ മത്സരം കളിച്ച ഗ്രൗണ്ടില്‍ വരെ ഞങ്ങള്‍ക്ക് നല്ല അനുഭവമായിരുന്നു. നൂറ് ശതമാനം നല്‍കി കളിക്കാനും ടൂര്‍ണമെന്‍റ് ആസ്വദിക്കാനും ലഭിച്ച സുവര്‍ണാവസരമാണ് ഇത്. “- ബാബര്‍ അസം പറഞ്ഞു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇതിനിടെ രണ്ട് പ്രദര്‍ശനമത്സരങ്ങള്‍ ഇന്ത്യയില്‍ കളിച്ചു. സെപ്തംബര്‍ 29ന് ന്യൂസിലാന്‍റിനെതിരെയും ഒക്ടോബര്‍ 3ന് ആസ്ത്രേല്യയുമായും. ഏഴ് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ എത്തുന്നത്. ഏറ്റവും ഒടുവില്‍ 2016ല്‍ ട്വന്‍റിട്വന്‍റി ലോകകപ്പ് മത്സരത്തിന് 2016ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: