ന്യൂഡല്‍ഹി: എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന നേതാക്കളെ ട്രോളി പോസ്റ്ററുകള്‍ ഇറക്കി ബിജെപിയും കോണ്‍ഗ്രസും പോര് തുടരുമ്പോള്‍ കളി കാര്യമാകുന്നു. ട്രോളിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തില്‍ ചെയ്ത പോസ്റ്റാണ് കോടതി കയറുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കും ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയ്ക്കുമെതിരെ രാജസ്ഥാന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജസ്വന്ത് ഗുര്‍ജാര്‍, ജയ്പുര്‍ മെട്രോപൊളിറ്റന്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഐപിസി സെക്ഷന്‍ 499 (മറ്റൊരാള്‍ക്കെതിരെ തെറ്റായ ആരോപണം), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 504 (മനഃപൂര്‍വം അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
സിനിമാ പോസ്റ്റര്‍ രൂപത്തിലാണ് രാഹുലിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. അമേരിക്കന്‍ കോടീശ്വരന് സോറസ് സംവിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന സിനിമ എന്ന നിലയിലാണ് അവതരണം’പുതുയുഗ രാവണ്‍ എത്തി. ദുഷ്ടശക്തി, മതവിരുദ്ധന്‍, രാമവിരുദ്ധന്‍’ എന്നും പോസ്റ്ററിനൊപ്പം കുറിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണയനെന്നും ജുംല (വ്യാജവാഗ്ദാനം) ബോയ് എന്നും വിശേഷിപ്പിച്ച് പോസ്റ്റ് ചെയ്തതിനു മറുപടിയായിരുന്നു ഇത്. വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിച്ചും കോണ്‍ഗ്രസ് പോസ്റ്റര്‍ പങ്കുവച്ചു.
കോണ്‍ഗ്രസ് കേരളഘടകം എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ മോദിയെ ആക്ഷേപിച്ച് ഇട്ട പോസ്റ്റര്‍ ആണ് കോടതി കയറ്റത്തിന് വഴിവെച്ചത്.തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്യുന്നതായിരുന്നു പോസ്റ്റര്‍. ‘കോണ്‍ഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏര്‍പ്പെടുത്താനും യോഗ്യമായ കേസ്’ എന്നുപറഞ്ഞ് ബി്ജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി. ബിജെപി കേസുകൊടുക്കുമെന്നു കണ്ട് ഒരു മുഴം മുന്നേ എറിയുകയായിരുന്നു കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: