വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും സങ്കല്പവും പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനവമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
വൈക്കം സത്യഗ്രഹ ശതാബ്ദു ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആര്‍എസ്എസ് കോട്ടയം വിഭാഗ് സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.കേളപ്പജി, ടി.കെ. മാധവന്, മന്നത്ത് പദ്മനാഭന് തുടങ്ങിയ സമരനായകരോടും പോരാളികളോടുമുള്ള കൃതജ്ഞത കൂടിയാണ് ആര്‍എസ്എസ് സാംഘിക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വീരസവര്‍ക്കര്‍ പതിതപാവനക്ഷേത്രം സ്ഥാപിച്ചത് ഇതേ ആദര്‍ശം മുന്നില്‍വച്ചാണ്. സാമാജിക സമരസതയുടെ ഈ സന്ദേശം തന്നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിനും വഴി കാട്ടിയത്. ശാഖകളില്‍ ഭേദഭാവമില്ലാത്ത പെരുമാറ്റത്തിലൂടെ സ്വയംസേവകര്‍ ഇതേ സന്ദേശത്തെ ജീവിതമാക്കി. ഗുരുജി ഗോള്‍വല്‍ക്കറിന്റെ നേതൃത്വത്തില്‍ പ്രയാഗ് രാജില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഹിന്ദുക്കള്‍ പതിതരല്ലെന്ന പ്രഖ്യാപനമുണ്ടായത്. ഉടുപ്പിയില്‍ ചേര്‍ന്ന ആചാര്യന്മാരുടെ സമ്മേളനമാണ് ഹിന്ദുക്കളെല്ലാവരും സഹോദരരാണെന്ന് ആഹ്വാനമുയര്‍ന്നത്. പൊതുകിണറുകളും ശ്മശാശനങ്ങളും ജലാശയങ്ങളുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയും വിധം സാമാജികസമരസത സാധ്യമാകണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് പറഞ്ഞതും ഇതേസന്ദേശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാജത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പെട്ടവരെ ഒരുമിച്ച് ചേര്‍ത്താണ് വൈക്കം സത്യാഗ്രഹം വിജയം കണ്ടത്. സജ്ജന ശക്തികളെ ഏകോപിപ്പിച്ച് ഭാരതത്തെ വിജയ ശാലിയാക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്. സംഘടനയിലൂടെ രാഷ്ട്രവൈഭവം സാധ്യമാവുന്നത്. സംഘടനയിലൂടെ സേവനവും സമാജ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ശതാബ്ദിയിലേക്കെത്തുമ്പോള്‍ സാമജത്തിന് മുന്നില്‍ പഞ്ചപരിവര്ത്തനങ്ങള് മുന്നോട്ടുവയ്ക്കുന്നു. സമാജിക സമരസത, കുടുംബ ബന്ധവും സംസ്കാരവും ദൃഢപ്പെടുത്തുന്ന കുടുംബ പ്രബോധനം, പ്രകൃതിസംരക്ഷണം സ്വദേശിജീവിതം, പൗരധര്‍മം വളര്‍ത്തല്‍ എന്നിവയാണ് അവ. സംഘടിതവും വൈഭവശാലിയുമായ ഭാരതം ലോകത്തിന് മംഗളം പകരുമെന്ന് ജി 20 വിജയത്തെ പരാമര്‍ശിച്ച് ദത്താത്രേയ ഹൊസബാ ളെ പറഞ്ഞു. വസുധൈവ കുടുംബകം എന്ന സന്ദേശത്തോടെയാണ് ജി20 സമാപിച്ചത്. ഭാരതത്തിന്റെ വളര്‍ച്ചയില്‍ വ്യത്യസ്ത മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രേരണാ ദായകമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സംഘചാലക് ഡോ. വന്നിയ രാജന് പ്രാന്ത സംഘ ചാലക് അഡ്വ കെ. കെ. ബലറാം വിഭാഗ് സംഘചാലക് പി പി ഗോപി എന്നിവരും സന്നിഹിതരായിരുന്നു. വിഭാഗ് കാര്യവാഹ് ആര് സാനു സ്വാഗതം പറഞ്ഞു. വൈക്കം, പൊന്‍കുന്നം, കോട്ടയം സംഘ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ഗണവേഷധാരികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: