ഭാരതത്തിന്റെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയിലാണ് നിഗൂഢതകളുടെ പറുദീസയായ കൊണാര്‍ക്ക് സ്ഥിതി ചെയ്യുന്നത്, ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും അറുപത്തിയഞ്ചു കിലോമീറ്റര്‍ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് കൊണാര്‍ക്ക്. കൊല്‍ക്കത്തയില്‍ നിന്നും 500 കിലോമീറ്റര്‍ തെക്ക്.
കൊണാര്‍ക്ക് പ്രശസ്തമായിരിക്കുന്നത് അതുല്യമായ വാസ്തുശില്പ ചാതുരികൊണ്ടും വിസ്മയിപ്പിക്കുന്ന അതിന്റെ ഘടന കൊണ്ടും പ്രശസ്തമായ സൂര്യക്ഷേത്രത്തിന്റെ പേരിലാണ്. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം എന്ന് ഇപ്പോഴും അറിയപ്പെടുന്നു എങ്കിലും എന്നോ ആരാധന നിലച്ചു വിസ്മൃതിയിലായ ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നവിടെയുള്ളത്.
പതിമൂന്നാം നൂറ്റാണ്ടില്‍ നരസിംഹദേവന്‍ ഒന്നാമന്‍ എന്ന ഗാംഗേയ രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി ഇത് പരിഗണിക്കപ്പെടുന്നു. പതിന്നാല് കുതിരകള്‍ വലിക്കുന്ന മനോഹരമായ ഒരു രഥത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം.
12 അടി വ്യാസമുള്ള, ഏഴ് കുതിരകള്‍ വലിക്കുന്ന മനോഹരമായ കൊത്തുപണികളുള്ള 24 ശിലാചക്രങ്ങളുണ്ട് ഈ രഥത്തിന്. ഉദയസമയത്തും സൂര്യോദയസമയത്തും ഉള്‍നാടുകളില്‍ നിന്ന് വീക്ഷിക്കുമ്പോള്‍, രഥത്തിന്റെ ആകൃതിയിലുള്ള ക്ഷേത്രം സൂര്യനെ വഹിക്കുന്ന നീലക്കടലിന്റെ ആഴത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നതായി തോന്നും. രഥത്തിന്റെ ഓരോ വശങ്ങളിലുമുള്ള പന്ത്രണ്ടു ചക്രങ്ങള്‍ വെറും രഥചക്രങ്ങളല്ല. ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി നമുക്ക് സമയം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കുന്നു. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്.
ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ചുമര്‍ ശില്പങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, ഗന്ധര്‍വന്മാര്‍, യക്ഷികള്‍, പുരാണ കഥാ സന്ദര്‍ഭങ്ങള്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവ കാണാം. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങള്‍ ഉണ്ട്. വാത്സ്യായന മഹര്‍ഷിയുടെ കാമ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകള്‍ ഇവിടെ ശില്പങ്ങളായി കാണാം. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിര്‍മിച്ചിരിക്കുന്നത്.
കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രം. ഉദയ സൂര്യന്റെ പ്രകാശ രശ്മികള്‍ പ്രധാന വിഗ്രഹത്തിന്റെ മൂര്‍ധാവില്‍ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. 229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിന് മൂന്നു ഭാഗങ്ങളുണ്ട്. സൂര്യദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹന്‍ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേര്‍ പന്ത്രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചത്.
സൂര്യദേവന്റെ മൂന്നു ഭാവങ്ങള്‍ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്ന് ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നു. കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല. ഓരോ കല്ലും പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൊണാര്‍ക്കിന്റെ പരിസരങ്ങളില്‍ കാണാത്ത പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ചാണു ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
പക്ഷേ സമുദ്രത്തില്‍ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാര്‍ന്നു തിന്നുന്നു. ഈ ക്ഷേത്രം അതിന്റെ മഹത്വത്തിന്റെയും ആഡംബരത്തിന്റെയും പൂര്‍ണതയില്‍ എത്രനാള്‍ നിലകൊണ്ടിരുന്നെന്നോ അതിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ എന്താണെന്നോ ആര്‍ക്കും വ്യക്തമായ അറിവില്ല.
ഗംഭീരമായ ഈ സ്മാരകം തകര്‍ന്നതിന്റെ കൃത്യമായ തീയതിയും കാരണവും ഇപ്പോഴും ദുരൂഹമാണ് . ചരിത്രം ഇതേക്കുറിച്ച് ഏറെക്കുറെ നിശ്ശബ്ദമാണ്. പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ചില ചരിത്രകാരന്മാര്‍ ക്ഷേത്രത്തിന്റെ പതനത്തെക്കുറിച്ച് പറയുന്നതനുസരിച്ച്, ഇത് പണി കഴിപ്പിച്ച രാജാ നരസിംഹദേവന്‍ ഒന്നാമന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങി. ഏറെ നാള്‍ ഇങ്ങനെ പണികളൊന്നും നടക്കതെ ക്ഷേത്രം നശിച്ചതാണത്രേ.
എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായപ്രകാരം സൂര്യക്ഷേത്രത്തിന് മുകളില്‍ ഒരു കാന്തികപ്രഭാവമുള്ള കല്ലുണ്ടായിരുന്നു. അതിന്റെ കാന്തിക സ്വാധീനം കാരണം കൊണാര്‍ക്ക് ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ വഴി തെറ്റി സഞ്ചരിക്കുകയും നശിക്കുകയും ചെയ്തിരുന്നത്രെ. അതായത് കാന്തികപ്രഭാവമുള്ള ഈ കല്ലിന്റെ സ്വാധീനം കാരണം കപ്പലുകള്‍ക്ക് ദിശ കാണിക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള കോമ്പസ് പ്രവര്‍ത്തനരഹിതമായി.
കപ്പിത്താന്മാര്‍ക്ക് തങ്ങളുടെ കപ്പലുകള്‍ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായി. അതിനാല്‍ കപ്പല്‍ വഴി തെറ്റാതിരിക്കാന്‍ കടല്‍ കടന്നെത്തിയ കച്ചവടക്കാര്‍ സൂര്യക്ഷേത്രത്തില്‍ നിന്നും കാന്തികപ്രഭാവമുള്ള കല്ല് എടുത്തുകളഞ്ഞു. ക്ഷേത്രഭിത്തിയിലെ എല്ലാ കല്ലുകളും സന്തുലിതമായി നിലനിര്‍ത്തുന്ന കേന്ദ്ര കല്ലായി ക്ഷേത്രത്തിലെ ഈ കാന്തികപ്രഭാവമുള്ള കല്ല് പ്രവര്‍ത്തിച്ചിരുന്നു. കാന്തിക മണ്ഡലം തകര്‍ന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു. ഈ വാദത്തിന് ശാസ്ത്രീയമായ അടിത്തറയോ മറ്റ് തെളിവുകളോ ഇല്ല.
മറ്റൊരു വിഭാഗം, ക്ഷേത്ര മതിലുകളുടെ നിര്‍മ്മാണ പുരോഗതിക്കൊപ്പം, അതിന്റെ പുറത്തും അകത്തും മണല്‍ നിറച്ചിരുന്നു. മതിലുകളുടെ മര്‍ദ്ദത്തിന്റെ അസന്തുലിതാവസ്ഥ കാരണം അകത്തും പുറത്തും നിറഞ്ഞിരുന്ന മണല്‍ വൃത്തിയാക്കിയപ്പോള്‍ ക്ഷേത്രം താഴെ വീണു എന്നു പറയുന്നു.എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ സൂര്യദേവന്റെ സിംഹാസനം ഉണ്ടെന്ന് കണ്ടെത്തുമ്പോള്‍ പല പണ്ഡിതന്മാരും ഈ വാദത്തോട് യോജിക്കുന്നില്ല. ക്ഷേത്രത്തില്‍ സൂര്യദേവനെ ആരാധിച്ചിരുന്നതായി ചരിത്രപരമായ രേഖകളും ഉണ്ട്.
ഭൂകമ്പത്തെത്തുടര്‍ന്ന് ക്ഷേത്രം താഴെ വീണു എന്നാണ് ചില പണ്ഡിതരുടെ അഭിപ്രായം. ശക്തമായ ഭൂകമ്പം ഇത്രയും വലിയൊരു ഘടന പൊളിച്ചുമാറ്റുക എന്നത് അസാധ്യമല്ല . എന്നാല്‍ ഈ പ്രദേശത്ത് ഇത്തരമൊരു ഭൂകമ്പം ഉണ്ടായതിന് തെളിവുകളൊന്നുമില്ല.
ക്ഷേത്ര നിര്‍മ്മാണത്തിന്റെ ആദ്യ സൂത്രധാരന്‍ ശിവേയി സാമന്തരായര്‍ എന്നയാളായിരുന്നു . ഒരിക്കല്‍, ക്ഷേത്ര നിര്‍മ്മാണം നേരത്തെ തീരുമാനിച്ച സമയത്തിനും മുമ്പ് തീര്‍ക്കണമെന്ന് നരസിംഹ ദേവരാജാവ് ഉത്തരവിട്ടു. അല്ലെങ്കില്‍ മരണമായിരുന്നു ശിക്ഷ. എന്നാല്‍ തന്നെകൊണ്ട് അതിനു കഴിയില്ല എന്ന് സാമന്തരായര്‍ രാജാവിനെ അറിയിച്ചതു പ്രകാരം രാജാവ് ബിസു മഹാറാണയെ ക്ഷേത്ര നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. തന്റെ മകനായിരുന്ന ധര്‍മപാദരുടെ സഹായത്തോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ബിസു മഹാരണയ്‌ക്ക് കഴിഞ്ഞു . പക്ഷെ ക്ഷേത്രത്തിനു ധാരാളം പാകപ്പിഴകള്‍ ഉണ്ടായിരുന്നു. ഇത് ക്ഷേത്രത്തിന്റെ നാശത്തിനു കാരണമായി എന്നും ഒരു വാദമുണ്ട്.
ക്ഷേത്രത്തിന്റെ പതനവുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാള്‍ സുല്‍ത്താന്‍ ആയിരുന്ന സുലൈമാന്‍ ഖാന്‍ ഖരാനിയുടെ മന്ത്രി കാലാപഹാദുമായി ബന്ധപ്പൈട്ടതാണ്. കാലാ പഹാദ് 1508 ല്‍ ഒഡിഷയെ ആക്രമിച്ചു. ഒരു ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആകുകയായിരുന്നു. ഇദ്ദേഹം കൊണാര്‍ക്ക് ക്ഷേത്രം ആക്രമിച്ചു. അതിന്റെ ഫലമായി ക്ഷേത്രഘടന ദുര്‍ബ്ബലമാവുകയായിരുന്നു.
കാലാ പഹാദ് അതിന്റെ കലാസ, ഏറ്റവും മുകള്‍ ഭാഗത്തെ കല്ല് , പദ്മ-ധ്വജം, മുകളിലെ കുറച്ച് ഭാഗങ്ങള്‍ എന്നിവ മാത്രമേ നശിപ്പിച്ചിരുന്നുള്ളൂ. പക്ഷെ ഏറ്റവും മുകള്‍ ഭാഗത്തെ കല്ല് നീക്കം ചെയ്തതിനാല്‍ ക്ഷേത്രത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ക്രമേണ താഴേക്ക് വീഴുകയും ചെയ്തുവത്രേ.
കൊണാര്‍ക്ക് ക്ഷേത്രത്തിലെ നടമന്ദിരം അല്ലെങ്കില്‍ നൃത്ത മണ്ഡപം അതിന്റെ യഥാര്‍ഥ രൂപത്തില്‍ കൂടുതല്‍ കാലം ഉണ്ടായിരുന്നു. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജര്‍ സൂര്യ വിഗ്രഹം കൊണാര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും മാറ്റി മണ്ണില്‍ കുഴിച്ചിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തില്‍ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തില്‍ കാണാനാവും എന്ന് ചിലര്‍ പറയുമ്പോള്‍ ചില ചരിത്രകാരന്മാര്‍ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പു
റത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ്. അവരുടെ അഭിപ്രായത്തില്‍ സുന്ദരവും ആകര്‍ഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാര്‍ക്കിന്റെ പരിസരത്തെവിടെയോ മണ്ണില്‍ പൂണ്ടു കിടക്കുന്നുണ്ട്. ദല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ കാണുന്ന സൂര്യ വിഗ്രഹം കൊണാര്‍ക്കിലെ സൂര്യ വിഗ്രഹമാണ് എന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്.
എന്തായാലും ക്ഷേത്രം തകര്‍ന്നതോടെ സൂര്യാരാധന ഇവിടെ പൂര്‍ണമായും നിലച്ചു. ആരും ഇവിടം സന്ദര്‍ശിക്കാതായി. ഏറെ നാളുകള്‍ക്കു ശേഷം ഇവിടം പൂര്‍ണമായും വിസ്മരിക്കപ്പെടുകയും ഈ പ്രദേശം മരുഭൂമി സമാനമാവുകയും ചെയ്തു. അനേക വര്‍ഷങ്ങളോളം ഈ നില തുടര്‍ന്നു. കാലക്രമേണ വന്യ ജീവികളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊണാര്‍ക്ക് ക്ഷേത്രം അതിന്റെ എല്ലാ മാഹാത്മ്യങ്ങളും നശിച്ച് ഒരു അസ്ഥിപഞ്ജരം പോലെ നില കൊണ്ടു. പകല്‍ സമയങ്ങളില്‍ പോലും ഇവിടം സന്ദര്‍ശിക്കാന്‍ പരിസരവാസികള്‍ ഭയപ്പെട്ടു. കടല്‍ക്കൊള്ളക്കാരുടെ ആക്രമണം മൂലം കൊണാര്‍ക്കിലെ തുറമുഖവും അടച്ചു.
ചില രേഖകള്‍ പ്രകാരം, പുരി ജഗന്നാഥ ക്ഷേത്രത്തിലെ ചില ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് കൊണാര്‍ക്കില്‍ നിന്നും കൊണ്ടുവന്ന ശിലകള്‍ ഉപയോഗിച്ചാണ്. എ. ഡി 1779 ല്‍ മറാത്ത ഭരണ കാലത്ത് ഛത്രപതി ശിവാജി കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ മുന്നിലുണ്ടായിരുന്ന അരുണ സ്തൂപം അവിടെ നിന്നും മാറ്റി പുരി ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചു. ഇപ്പോഴും ഈ സ്തൂപം അവിടെ കാണാനാകും . ഇത് കൂടാതെ മനോഹരങ്ങളായിരുന്ന അനേകം ശില്പങ്ങളും ഒറിസയിലെ പല ഭാഗങ്ങളിലേക്കും മാറ്റപ്പെട്ടു.പുരാതനകാലത്ത് ഒരു പ്രധാന തുറമുഖമായിരുന്നു കോണാര്‍ക്ക്. അബുല്‍ ഫസല്‍ എഴുതിയ അക്ബര്‍ കാലഘട്ടത്തിലെ ഐന്‍-ഇ-അക്ബരി എന്ന ഗ്രന്ഥത്തില്‍ സന്ദര്‍ശകരെ ‘അത്ഭുതപ്പെടുത്തുന്ന ഒരു ക്ഷേത്രമുള്ള ഒരു സമ്പന്നമായ സ്ഥലമായാണ് കോണാര്‍ക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഈ സ്ഥലം ഏറ്റെടുക്കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇന്ന് സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകള്‍ കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ സംരക്ഷണത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നു. ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒരുപാട് സന്ദര്‍ശകരെ ഈ ക്ഷേത്രം ആകര്‍ഷിക്കുന്നു.
ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍, എന്നിവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉള്‍ഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോള്‍ ഇരുമ്പ് പൈപ്പുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്നു.
1906-ല്‍ മണല്‍ നിറഞ്ഞ കാറ്റിനെ പ്രതിരോധിക്കാന്‍ കടലിന് അഭിമുഖമായി മരങ്ങള്‍ നട്ടുപിടിപ്പിച്ചു. പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ. 1909-ല്‍ മണലും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനിടെയാണ് മായാദേവി ക്ഷേത്രം കണ്ടെത്തിയത്. 1984-ല്‍ യുനെസ്‌കോ കൊണാര്‍ക്കിനെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന് അതിന്റെ പ്രാധാന്യം സൂചിപ്പിക്കാന്‍ ഇന്ത്യന്‍ കറന്‍സി നോട്ടിന്റെ മറുവശത്ത് കൊണാര്‍ക്ക് സൂര്യക്ഷേത്രം ചിത്രീകരിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: