ന്യൂദല്‍ഹി:ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും ചരിത്രവും കലയും ഐതിഹ്യങ്ങളും വിളിച്ചോതുന്ന രീതിയിലാണ് ജി20 ഉച്ചകോടി നടക്കുന്ന ഭാരതമണ്ഡപം എന്ന വേദിയെ സജ്ജീകരിച്ചത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്ക് വലിയ കൗതുകവും അത്ഭുതവും പകരുന്ന ഒന്നായിരുന്നു വേദിയുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് കൊണാര്‍ക്ക് ചക്രം. ഒഡീഷയിലെ ലോകപ്രശസ്തമായ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലേതാണ് ഈ ചക്രം. ഈ കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ചക്രവും മറ്റ് ശില്പകലകളുമായിരുന്നു സ്റ്റേജിലെ അലങ്കരിച്ചിരുന്നത്. ജി20 സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് ലോകത്തിലെ ശക്തരായ നേതാക്കളെ മോദി സ്വീകരിച്ചത് ഈ വേദിയിലേക്കാണ്.
കൊണാര്‍ക്ക് ചക്രം
കാലം, മാറ്റം എന്നീ സങ്കല്പങ്ങളെ പ്രതിനിധീകരിക്കുന്ന, നിലനില്പിന്റെ നിരന്തര സമസ്യകളെ പ്രതീകവല്ക്കരിക്കുന്ന ഒന്നാണ് കൊണാര്‍ക്ക് ക്ഷേത്രത്തിലെ ഈ ചക്രം. സൂര്യഭഗവാന് സമര്‍പ്പിച്ച ഒന്നാണ് കൊണാര്‍ക്ക് ക്ഷേത്രത്തിലെ ഈ ചക്രം. അത്യുദാത്തമായ ശില്പകലയ്ക്ക് പേര് കേട്ട ഈ ക്ഷേത്രം യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ്. കൊത്തുപണികള്‍ക്കും ശില്പങ്ങള്ക്കും പേരുകേട്ടതാണ് ഈ ക്ഷേത്രം. ഈ ചക്രത്തിലെ 12 ആരക്കാലുകള്‍ ഒരു വര്‍ഷത്തിന്റെ 12 മാസങ്ങളുടെ പ്രതീകമാണ്. മധ്യത്തില്‍ ഉള്ളത് 8 പ്രഹാരങ്ങളാണ്. ഈ ചക്രം ചുറ്റുന്നത് കാലത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തിന്റെ സൂചനയാണ്.മാറ്റങ്ങളുടെ നിലയ്ക്കാത്ത ചുറ്റല് കൂടിയാണിത്. 13ാം നൂറ്റാണ്ടില്‍ നരസിംഹദേവ് ഒന്ന് രാജാവാണ് ഈ ക്ഷേത്രം പണിതത്.
ജി20 വേദിയില്‍ എന്തിന് കൊണാര്‍ക്ക് ചക്രം
പുരോഗതിയോടും വികസനത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് കൊണാര്‍ക്ക് ചക്രം. സമയത്തിന്റെ പ്രാധാന്യവും പുരോഗതിയ്ക്കുവേണ്ടിയുള്ള നിരന്തര പരിശ്രമവും ഈ ചക്രം ഓര്‍മ്മപ്പെടുത്തുന്നു. ലോകത്തിന് മുന്പില് ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും പൈതൃകവും പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി ഇന്ത്യ ജി20 ഉച്ചകോടിയെ കാണുന്നു. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പല പൈതൃകനിധികളില് രണ്ടെണ്ണമാണ് കൊണാര്‍ക് ചക്രവും സൂര്യക്ഷേത്രവും. ഈ ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള സഹകരണത്തോടുള്ള പ്രതിബദ്ധതയുടെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും അവസരമാണ്. കൊണാര്‍ക്ക് ചക്രത്തിന്റെ പ്രാധാന്യം അതിന്റെ ചരിത്ര വേരുകള്‍ക്ക് അപ്പുറം പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: