ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിനാണ് തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 96 റണ്‍സേ നേടാനായുളളൂ.മൂന്ന് താരങ്ങള്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കണ്ടത്. ജേകര്‍ അലിയാണ്(24) ബംഗ്ലാദേശിന്റെ ടോപ് സകോറര്‍. പര്‍വേസ് ഹുസൈന് ഇമോന്‍ (23), റാക്കിബുല്‍ ഹസന് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് രണ്ട് താരങ്ങള്‍.
മഹ്മുദുല്‍ ഹസന് ജോയ് (5), സെയ്ഫ് ഹസന് (1), സാക്കിര്‍ ഹുസൈന് (0), അഫീഫ് ഹുസൈന് (7), ഷഹദാത്ത് ഹുസൈന് (5) എന്നിവര്‍ വേഗം പുറത്തായി. മൃതുന്‍ജോയ് ചൗധരി (4), റിപോണ്‍ മണ്ഡല് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഇന്ത്യക്ക് വേണ്ടി സായ് കിഷോര്‍ മൂന്ന് വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് സായ് കിഷോര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തത്.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മാത്രമാണ് പുറത്തായ ഇന്ത്യന്‍ താരം. നാലാം പന്തിലായിരുന്നു ജെയ്സ്വാള്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. പിന്നീട് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും തിലക് വര്‍മ്മയും ഇന്ത്യയുടെ വിജയം അനായാസമാക്കി. വണ്‍ ഡൗണായി ഇറങ്ങിയ തിലക് വര്‍മ്മ 26 പന്തില്‍ രണ്ട് ബൗണ്ടറിയും ആറ് സിക്സും ഉള്‍പ്പെടെ 55 റണ്‍സ് നേടി. 26 പന്തുകളില്‍ തന്നെ നാല് ബൗണ്ടറിയും മൂന്ന് സിക്സുമുള്‍പ്പടെ 40 റണ്‍സാണ് റുതുരാജ് ഗെയ്ക്വാദ് അടിച്ചെടുത്തത്. ബംഗ്ലാദേശിനായി റിപോണ്‍ മോണ്ടോലാണ് വിക്കറ്റ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: