ഗങ്ടോക്: സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. സൈനികര്‍ ഉള്‍പ്പെടെ 103 പേരെയാണ് സിക്കിമിലെ പ്രളയത്തില്‍ കാണാതായത്. സിക്കിമിലെ ചുങ്താങ്ങില്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി പ്രളയ ജലം സിക്കിമില്‍ ഇരച്ചെത്തിയത്. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രളയത്തിന് ശേഷം സിക്കിമിലെ ലൊനാക് തടാകത്തിലെ ജലത്തില്‍ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തടാകത്തിന്റെ ഏകദേശം 108 ഹെക്ടര്‍ ഭൂമിയാണ് വറ്റി വരണ്ടത്. ഇസ്രോ ഇതിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ടിരുന്നു.
നേപ്പാളിലുണ്ടായ ഭൂകമ്പമാണോ ഇതിന് പിന്നിലെ കാരണമെന്ന സംശയം ശക്തമാകുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് ജലാശയത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഇടിയുകയും ഈ ജലം താഴേക്ക് കുത്തിയൊലിച്ചതാകാമെന്നാണ് അനുമാനം. ജലകമ്മീഷന് ഇത് സംബന്ധിച്ച് പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് വീണ്ടും പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: