തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐഒസിയില്‍ നിന്നും ഹാനികരമായ വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സതേണ്‍ റീജിയണ്‍ ചീഫ് ജനറല്‍ മാനേജര്‍ വി. വെട്രിശെല്വകുമാര് അറിയിച്ചു.
പൂര്‍ണമായും സീല്‍ ചെയ്ത രീതിയില്‍ നടത്തിയ എഥൈല്‍ മെര്‍കാപ്റ്റന്റെ റസീപ്റ്റ്, അണ്‍ലോഡിങ്, സംഭരണം എന്നിവ ഉള്‍പ്പെട്ടതാണ് സംഭവം. ഈ പ്രക്രിയയ്ക്കിടയില്‍ ഒരു ഘട്ടത്തിലും എഥൈല്‍ മെര്‍കാപ്റ്റന്റെ ചോര്‍ച്ച ഉണ്ടായിട്ടില്ല. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സഹിതം അണ്‍ലോഡിങ്ങും സംഭരണവും വിജയകരമായിപൂര്‍ത്തിയാക്കി. എഥൈല്‍ മെര്‍കാപ്റ്റ്റന്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള യഥാര്‍ത്ഥ വിതരണക്കാരന്റെ പ്രതിനിധിയാണ് ഓപ്പറേഷന് നടത്തിയത്. ടെര്‍മിനലില്‍വച്ച് എഥൈല്‍ മെര്‍കാപ്ടാന്‍ എല്‍പിജിയില്‍ കലര്‍ത്തിയിരുന്നില്ല.
സ്വാഭാവികമായും ദുര്‍ഗന്ധമില്ലാത്ത എല്‍പിജിയുടെ ചോര്‍ച്ച കണ്ടെത്തുന്നതിന് എല്‍പിജി ഇറക്കുമതി ടെര്‍മിനലുകള്‍ ഉള്‍പ്പെടുന്ന ലോകമെമ്പാടുമുള്ള എല്‍പിജി വ്യവസായം നടപ്പിലാക്കുന്ന ഒരു നിര്‍ണായക സുരക്ഷാ രീതിയാണ് ഈ നടപടിക്രമം. എല്‍പിജി ചോര്‍ച്ച തിരിച്ചറിയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മാത്രമാണ് എഥൈല്‍ മെര്‍കാപ്റ്റന്‍ എല്‍പിജിയില്‍ ചേര്‍ക്കുന്നത്.
ഐഒസി ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം ആളുകള്‍ ടെര്‍മിനലില്‍ ജോലിചെയ്യുന്നുണ്ട്. അവര്‍ക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടിട്ടില്ല. അവരെ ഒരുതരത്തിലും ഈ പ്രക്രിയ ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: