ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ സെമിയില്‍ പ്രവേശിച്ചുകൊണ്ട് മലയാളി താരം എച്ച്.എസ്. പ്രണോയ് ഭാരതത്തിനായി ചരിത്ര മെഡലുറപ്പിച്ചു. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ മലേഷ്യന്‍ താരം ലീ സി ജിയയെ തോല്‍പ്പിച്ച് സെമിയിലെത്തിയതോടെയാണ് പ്രണോയ് മെഡലുറപ്പിച്ചത്. സ്‌കോര്‍: 21-16, 21-23, 22-20
78 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു മലയാളി താരത്തിന്റെ വിജയം. ഇതിന് മുമ്പ് 41 വര്‍ഷം മുമ്പാണ് ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ ഭാരതം ബാഡ്മിന്റണ്‍ മെഡല്‍ നേടിയിട്ടുള്ളത്. ദല്‍ഹിയില്‍ നടന്ന 1982 ഏഷ്യന്‍ ഗെയിംസില്‍ സയീദ് മോദി ഭാരതത്തിനായി വെങ്കലമെഡല്‍ നേടിയിരുന്നു.
കടുത്ത പുറം വേദനയുമായാണ് പ്രണോയ് ഇന്നലെ പോരാട്ടത്തിനിറങ്ങിയത്. നേരത്തെ ബാഡ്മിന്റണ്‍ പുരുഷ ടീം ഫൈനലില്‍ പുറംവേദന കാരണം താരം പിന്‍മാറിയിരുന്നു. ശക്തനായ പ്രണോയിയുടെ അഭാവത്തില്‍ ഭാരതം ടീം ഇനത്തിന്റെ ഫൈനലില്‍ 3-2ന് പരാജയപ്പെട്ട് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു മെഡലില്ലാതെ പുറത്താകേണ്ടി വന്ന മത്സരത്തിന് പിന്നാലെയായിരുന്നു പ്രണോയി ക്വാര്‍ട്ടറിനിറങ്ങിയത്. ചൈനയുടെ ബിങ് ജിയാവോ ആണ് സിന്ധുവിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 21-16, 21-12
രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയ പി.വി. സിന്ധു കളിക്കാന്‍ തുടങ്ങയ ശേഷം പങ്കെടുത്ത രണ്ട് ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേട്ടത്തോടെയാണ് ഫിനിഷ് ചെയ്ത്. എന്നാല്‍ ഇക്കുറി താരം തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ടാണ് ഹാങ്‌ചോയില്‍ നിന്നും മടങ്ങാനൊരുങ്ങുന്നത്.
സിന്ധുവിന്റെ തോല്‍വിയുടെ ക്ഷീണം മാറും മുമ്പേയാണ് പ്രണോയ് കളത്തിലിറങ്ങിയത്. മത്സരത്തിനൊടുവില്‍ ആഹ്ലാദവാനായ പ്രണോയ് മെഡലുറപ്പിച്ച സന്തോഷം മൈതാനത്ത് കിടന്ന് നിശബ്ദമായി ആഘോഷിച്ച ശേഷം എണീറ്റു. തന്റെ ടീ ഷര്‍ട്ട് ഊരി ആവേശം പ്രകടിപ്പിച്ചു. സിംഗിള്‍ സെമി പോരിനൊരുങ്ങുന്ന പ്രണോയ് തന്റെ മെഡല്‍ നേട്ടത്തിന് തിളക്കും കൂട്ടുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: